ഞാന്‍ ഖാന്‍…ഷാരൂഖ് ഖാന്‍ നടനാണ് ; പുലര്‍ച്ചെ രണ്ടിന് നേരിട്ടു വിളിച്ച് കിങ് ഖാന്‍ ; ആരാണ് എസ്.ആര്‍.കെയെന്ന് അസം മുഖ്യമന്ത്രി

0

ഗുവാഹത്തി: പത്താന്‍ സിനിമയുടെ റിലീസിനെതിരേ അസമില്‍ പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയെ നേരിട്ടു വിളിച്ച് ഷാരൂഖ് ഖാന്‍. പുലര്‍ച്ചെ രണ്ടു മണിക്ക് ഷാരൂഖ് ഖാന്‍ തന്നെ നേരിട്ടു വിളിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

ആരാണ് ഷാരൂഖ് ഖാനെന്നും പത്താന്‍ സിനിമയെക്കുറിച്ച് തനിക്കറിയില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്കു മറുപടിയായി മുഖ്യമന്ത്രി പ്രതികരിച്ചതിനു പിന്നാലെയാണ് ബോളിവുഡ് സൂപ്പര്‍താരം അദ്ദേഹത്തെ നേരിട്ടു വിളിച്ചത്.

സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പുവരുത്തുമെന്നും സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് യാതൊരു പ്രശ്‌നങ്ങളുമുണ്ടാകില്ലെന്നു താന്‍ ഷാരൂഖ് ഖാന് ഉറപ്പുനല്‍കിയെന്നും ഹിമന്ത ബിശ്വ ശര്‍മ ട്വീറ്റ് ചെയ്തു. അസമിലെ നംഗേരിയില്‍ പത്താന്‍ റിലീസ് ചെയ്യുന്ന തിയറ്ററിനു മുന്നില്‍ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സിനിമയുടെ പോസ്റ്ററുകള്‍ പ്രതിഷേധക്കാര്‍ നശിപ്പിക്കുകയും ചെയ്തു.

ഇതേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ”ആരാണ് ഷാരൂഖ് ഖാന്‍? എനിക്ക് അദ്ദേഹത്തെക്കുറിച്ചോ പത്താന്‍ എന്ന സിനിമയെക്കുറിച്ചോ ഒന്നും അറിയില്ല”- എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ബോളിവുഡിലെ പലരും തന്നെ വിളിക്കാറുണ്ട്. എന്നാല്‍, ഷാരൂഖ് ഖാന്‍ എന്നെ വിളിച്ചിട്ടില്ല.

ഇതേക്കുറിച്ച് അദ്ദേഹം സംസാരിക്കുകയാണെങ്കില്‍ വിഷയത്തില്‍ ഇടപെടാം. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ വിഷയത്തില്‍ ഇടപെടുമെന്നും ഹിമന്ത ബിശ്വ ശര്‍മ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു പുലര്‍ച്ചെ രണ്ടു മണിക്ക് മുഖ്യമന്ത്രിയെ ഷാരൂഖ് ഖാന്‍ നേരിട്ടു വിളിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here