തിരുവനന്തപുരം വിമാനത്താവളത്തില്‍ വൻ സ്വര്‍ണവേട്ട

0

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. രണ്ടു യാത്രക്കാരില്‍നിന്നായി കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഒരു കോടി 30 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. 2.28 കിലോ സ്വർണം കുഴമ്പു രൂപത്തിലാണ്കൊണ്ട് വന്നത്.

രാവിലെ അഞ്ചിന് ബഹ്‌റൈനില്‍നിന്ന് ഗള്‍ഫ് എയര്‍ വിമാനത്തിലെത്തിയ കൊല്ലം കരുനാഗപ്പള്ളി സ്വദേശി സജിതാ ബിജു, വൈകീട്ട് നാലിന് ഷാര്‍ജയില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ തമിഴ്നാട് ട്രിച്ചി സ്വദേശി കാദര്‍ ബാഷാ ഫറൂഖ് എന്നിവരില്‍നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. ഇവരെ രണ്ടുപേരെയും അറസ്റ്റുചെയ്തു.

സജിതാ ബിജു ബാഗില്‍ സാനിറ്ററി നാപ്കിനിലാണ് കുഴമ്പുരൂപത്തില്‍ 1.11 കിലോ ഗ്രാം സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഇത് ഖരരൂപത്തിലാക്കിയപ്പോള്‍ 930.10 ഗ്രാം സ്വര്‍ണം ലഭിച്ചു. ഇതിന് 51 ലക്ഷം രൂപ വില വരുമെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. സജിതയെ ചോദ്യംചെയ്തുവരികയാണെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.

കാദര്‍ ബാഷാ ഫറൂഖ് ഉള്‍വസ്ത്രത്തിനുളളില്‍ പ്രത്യേക അറയുണ്ടാക്കിയും ശരീരത്തില്‍ ഒളിപ്പിച്ചുമാണ് 1.65 കിലോ ഗ്രാം സ്വര്‍ണം കുഴമ്പുരൂപത്തില്‍ കൊണ്ടുവന്നത്. 1.35 കിലോഗ്രാം സ്വര്‍ണമാണ് ഖരരൂപത്തിലാക്കിയപ്പോള്‍ ലഭിച്ചത്. ഇതിന് 78 ലക്ഷം രൂപ വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു.

Leave a Reply