കാലടി സമാന്തര പാലം ; പദ്ധതി പ്രദേശത്തെ മുഴുവൻ ഭൂമിയും ഏറ്റെടുക്കും: എൽദോസ് കുന്നപ്പിള്ളി എംഎൽഎ.

0

പെരുമ്പാവൂർ : കാലടി സമാന്തര പാലം നിർമ്മാണത്തിനായി പദ്ധതി പ്രദേശത്തിനോട് ചേർന്ന് കിടക്കുന്ന മുഴുവൻ ഭൂമിയും ഏറ്റെടുക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. പാലത്തിനായി ഭൂമി ഏറ്റെടുക്കുമ്പോൾ വീടും സ്ഥലവും നഷ്ടപ്പെടുന്ന പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട എംവി ജയപ്രകാശിൻ്റെ മിച്ചമുള്ള രണ്ടു സെന്റ് ഭൂമി കൂടി ഏറ്റെടുക്കണമെന്ന് ആവശ്യമുയർന്നിരുന്നു. സ്ഥലം ഏറ്റെടുത്ത ശേഷവും ബാക്കി വരുന്ന രണ്ട് സെൻ്റ് ഭൂമി ഭാവിയിൽ ഉപയോഗ ശൂന്യമായി കിടക്കുമെന്നതിനാൽ അത് കൂടി ഏറ്റെടുക്കുന്നതിന് നടപടികൾ സ്വീകരിക്കും. കൂടാതെ 45 ഡിഗ്രി ചെരിവിൽ പുതിയ പാലത്തിനും ബൈപാസ് റോഡിനും ആവശ്യമായ തുക ബജറ്റിൽ വകയിരുത്തണമെന്ന് കാണിച്ചു ധനകാര്യ വകുപ്പ് മന്ത്രിക്ക് എൽദോസ് കുന്നപ്പിള്ളി എംഎൽഎ കത്ത് നൽകി.

സമാന്തരപാലത്തിന്‍റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പൈലിങ് ജോലികള്‍ ഇതിനിടെ ആരംഭിച്ചിട്ടുണ്ട്. കാലടി ഭാഗത്ത് നിന്നാണ് പൈലിങ് ആരംഭിക്കുന്നത്. കാലടി പുഴയുടെ മദ്ധ്യഭാഗം വരെയുള്ള സ്പാനുകൾ നിർമ്മിക്കുന്നതിനുള്ള പൈലിങ് പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇത് പൂര്‍ത്തിയായതിന് ശേഷം മധ്യഭാഗത്ത് നിന്ന് താന്നിപ്പുഴ ഭാഗത്തേക്കുള്ള പൈലിങ് ജോലികൾ ആരംഭിക്കും. പുഴയുടെ സ്വാഭാവികമായ ഒഴുക്ക് നഷ്ടപ്പെടാതെയിരിക്കാനാണ് രണ്ട് ഘട്ടമായി പൈലിംഗ് നടത്തുന്നത്. പുഴയിലും ഇരുകരകളിലുമായി 19 സ്പാനുകളാണ് നിർമ്മിക്കുന്നത്.

നിലവിലുള്ള പാലത്തിൽ നിന്ന് 5 മീറ്റര്‍ മാറിയാണ് പുതിയ പാലം നിർമ്മിക്കുന്നത്. 455.4 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലുമാണ് പുതിയ പാലത്തിൻ്റെ നിർമ്മാണം. ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതിയില്‍ നടപാത ഉൾപ്പെടെ ആകെ 14 മീറ്റർ വീതിയിലാണ് പാലം നിർമ്മിക്കുന്നത്. പൈൽ ഫൗണ്ടേഷൻ്റെ മുകളിൽ തൂണുകൾ നിർമ്മിച്ചു പ്രസ്ട്രസ്ഡ് ബീമും ആർസിസി ബീമും സ്ലാബുകളുമയിട്ടാണ് പാലം നിർമ്മിക്കുന്നത്.

പുതിയ പാലത്തിന്‍റെ നിര്‍മ്മാണത്തോടൊപ്പം തന്നെ അപ്രോച്ച് റോഡിനാവശ്യമായിട്ടുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളും പുരോഗമിക്കുകയാണ്. അപ്രോച്ച് റോഡിനായി പെരുമ്പാവൂർ, കാലടി ഭാഗങ്ങളിൽ 50 മീറ്റർ നീളത്തിൽ ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്യും. ഇരു വശങ്ങളിലും ടൈൽ വിരിച്ചു അപ്രോച്ച് റോഡ് മനോഹരമാക്കുന്നതിനും എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്.

പുതിയ പാലം നിർമ്മാണം എംസി റോഡിലെ ഗതാഗത കുരുക്കിന് പരിഹാരമാകുമെന്നണ് പ്രതീക്ഷിക്കുന്നത്. മധ്യ കേരളത്തിലെ എറ്റവും തിരക്കേറിയ പാതയാണ് എംസി റോഡ് എന്നതിനാൽ കാലടി സമാന്തര പാലം യാത്രികർക്ക് ഏറെ ഗുണകരമാകും. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുളള യാത്രക്കാർക്കും പാലം പ്രയോജനം ചെയ്യും. മൂവാറ്റുപുഴ ആസ്ഥാനമായ അക്ഷയ ബിൽഡേഴ്സ് ആണ് കാലടി സമാന്തര പാലത്തിന്റെ കരാർ ഏറ്റെടുത്ത് നിർമ്മാണം ആരംഭിച്ചിട്ടുള്ളത്.

കാലടി പാലത്തിന്റെ താന്നിപ്പുഴ ഭാഗത്തു വീട് നഷ്ടപെടുന്ന വ്യക്തിയുടെ വീട് എൽദോസ് കുന്നപ്പിള്ളി എം എൽ എ സന്നർശിച്ചു. ഒക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ് സിന്ധു ശശി, മനോജ് തോട്ടപ്പിള്ളി, സോളി ബെന്നി, മിഥുൻ ടി എൻ, ലിസി ജോണി, രാജേഷ് മാധവൻ, അമൃത സജിൻ, മിനി സാജൻ, എൻ ഒ ഷൈജൻ, ബ്ലോക്ക്‌ മെമ്പർ രാജേഷ്, ടി.ആർ പൗലോസ് എന്നിവർ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here