പ്രശസ്ത തമിഴ് ചലച്ചിത്ര നടനും ഗായകനും സംഗീത സംവിധായകനുമായ വിജയ് ആന്റണിക്ക് ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തിൽ പരിക്ക്

0

പ്രശസ്ത തമിഴ് ചലച്ചിത്ര നടനും ഗായകനും സംഗീത സംവിധായകനുമായ വിജയ് ആന്റണിക്ക് ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തിൽ പരിക്ക്. മലേഷ്യയിൽ ചിത്രീകരണം പുരോഗമിക്കുന്ന ‘പിച്ചൈക്കാരൻ 2’ എന്ന സിനിമയിലെ സംഘട്ടന രംഗത്തിനിടെ ഉണ്ടായ ബോട്ടപകടത്തിലാണ് താരത്തിന് പരിക്കേറ്റത്. വിജയ് ആന്റണി സുഖം പ്രാപിച്ച് വരികയാണെന്ന് തമിഴ് സംവിധായകൻ സി.എസ്. അമുദനും നിർമ്മാതാവ് ധനഞ്ജയനും ട്വിറ്ററിലൂടെ അറിയിച്ചു.

മലേഷ്യയിലെ ലങ്കാവി ദ്വീപിലെ സെറ്റിൽ നടന്ന ചിത്രീകരണത്തിനിടെ വിജയ് ആന്റണി സഞ്ചരിച്ച ബോട്ട് നിയന്ത്രണം വിട്ട് ക്യാമറാ സംഘത്തിന്റെ ബോട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തുടർന്ന് പ്രാഥമിക ശുശ്രൂഷകൾ നൽകി താരത്തെ ക്വാലാലംപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നായകനായും ഗായകനായും സംഗീത സംവിധായകനായും തിളങ്ങിയ വിജയ് ആന്റണി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പിച്ചൈക്കാരൻ 2. 2016ൽ റിലീസ് ചെയ്ത അദ്ദേഹത്തിന്റെ തന്നെ സൂപ്പർഹിറ്റ് ചിത്രമായ പിച്ചൈക്കാരന്റെ രണ്ടാം ഭാഗമാണിത്. മരണക്കിടക്കയിലുള്ള അമ്മയുടെ ആഗ്രഹപ്രകാരം കോടീശ്വരനായ നായകൻ 48 ദിവസം ഭിക്ഷക്കാരനായി ജീവിക്കുന്നതായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. സംവിധാനത്തിനൊപ്പം വിജയ് തന്നെയാണ് പിച്ചൈക്കാരൻ 2 ന്റെ സംഗീതസംവിധാനവും നിർമ്മാണവും. ശശിയാണ് ആദ്യഭാഗം സംവിധാനം ചെയ്തത്.

ജോൺ വിജയ്, ഹരീഷ് പേരടി, വൈ.ജി. മഹേന്ദ്രൻ, അജയ് ഘോഷ്, യോഗി ബാബു തുടങ്ങിയ വൻ താരനിരയാണ് പിച്ചൈക്കാരൻ 2 വിൽ അണിനിരക്കുന്നത്.

Leave a Reply