മൂന്നാറിൽ അതിശൈത്യം; രാത്രികാല താപനില മൈനസ് മൂന്ന് വരെ താണു; താപനില മൈനസിൽ എത്തിയതോടെ കനത്ത മഞ്ഞുവീഴ്ച: കരിഞ്ഞുണങ്ങി തേയില ചചെടികൾ: വില കൂടിയേക്കും

0


മൂന്നാർ: മഞ്ഞിൽ കുളിച്ച് മൂന്നാർ. മൂന്നാർ മേഖലയിൽ തുടർച്ചയായ രണ്ടാം ദിനവും താപനില മൈനസിൽ തുടരുകയാണ്. മൂന്നാറിനു സമീപം കന്നിമലയിൽ ബുധനാഴ്ച രാവിലെ താപനില മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസാണു രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെയും മേഖലയിൽ താപനില മൈനസിലെത്തിയിരുന്നു. മിക്ക എസ്റ്റേറ്റുകളിലും താപനില മൈനസിൽ എത്തിയതോടെ കനത്ത മഞ്ഞുവീഴ്ചയാണ് ഇന്നലെ രാവിലെ ഉണ്ടായത്.

മിക്ക പ്രദേശങ്ങളും മഞ്ഞിൽ പൊതിഞ്ഞതോടെ വിനോദ സഞ്ചാരികളും ഒഴുകി എത്തുകയാണ്. മഞ്ഞിൽകുളിച്ചു കിടക്കുന്ന മൂന്നാറിന്റെ ഭംഗി ആസ്വദിക്കാൻ പല സഥലങ്ങളിൽ നിന്നും വിനോദ സഞ്ചാരികൾ മൂന്നാറിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം മഞ്ഞുവീഴ്ച കനത്ത നാശ നഷ്ടവും ഉണ്ടാക്കുന്നുണ്ട്. മഞ്ഞു വീഴ്ചയെ തുടർന്ന് തോട്ടം മേഖലയിലെ ഏക്കറുകണക്കിനു സ്ഥലത്തെ തേയില ചെടികളും പുൽമേടുകളും കരിഞ്ഞുണങ്ങി. പെരിയവര, ലക്ഷ്മി, ദേവികുളം ഫാക്ടറി, ഓഡികെ, സിമന്റ് പാലം, ലാക്കാട് ഗ്രൗണ്ട് എന്നിവിടങ്ങളിൽ മൈനസ് രണ്ടും ചെണ്ടുവര, കുണ്ടള, ചിറ്റുവാര എന്നിവിടങ്ങളിൽ മൈനസ് ഒരു ഡിഗ്രി സെൽഷ്യസുമായിരുന്നു ഇന്നലെ രാവിലത്തെ താപനില.

മൂന്നാർ ടൗൺ, നല്ല തണ്ണി എന്നിവിടങ്ങളിൽ ഒരു ഡിഗ്രി സെൽഷ്യസായിരുന്നു. താപനില മൈനസ് മൂന്ന് രേഖപ്പെടുത്തിയ കന്നിമലയിൽ ഏക്കറുകണക്കിനു സ്ഥലത്താണ് ഇന്നലെ രാവിലെ മഞ്ഞു വീണു കിടന്നിരുന്നത്. മഞ്ഞുവീഴ്ച അതിരൂക്ഷമായ ദേവികുളം ലാക്കാട് എസ്റ്റേറ്റിലെ 5 ഡിവിഷനുകളിലെ ഏക്കറുകണക്കിന് സ്ഥലത്തെ തേയില ചെടികളാണ് കരിഞ്ഞുണങ്ങിയത്. വരും ദിവസങ്ങളിലും മൂന്നാർ മേഖലയിൽ അതിശൈത്യവും മഞ്ഞുവീഴ്ചയും തുടരുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ പറഞ്ഞു.

തോട്ടം മേഖലയിൽ മഞ്ഞുവീഴ്ച തുടരുന്നതു തേയില വ്യവസായത്തെ സാരമായി ബാധിക്കും. ഉൽപാദനം കുറയുന്നതോടെ വരും ദിവസങ്ങളിൽ തേയില വില വർധിക്കാനാണു സാധ്യത. രാത്രിയും അതിരാവിലെയും കഠിനമായ തണുപ്പ് തുടരുമ്പോഴും പകൽ ചൂട് ശക്തമാണ്. 20-25 ഡിഗ്രി സെൽഷ്യസാണ് പകലത്തെ താപനില

Leave a Reply