കോവിഡുകാലത്ത് കേന്ദ്രസർക്കാർ അനുവദിച്ച ക്വിന്റൽ കണക്കിനു സൗജന്യ അരി റേഷൻകടകളിൽ കെട്ടിക്കിടക്കുന്നു

0

ആലപ്പുഴ: കോവിഡുകാലത്ത് കേന്ദ്രസർക്കാർ അനുവദിച്ച ക്വിന്റൽ കണക്കിനു സൗജന്യ അരി റേഷൻകടകളിൽ കെട്ടിക്കിടക്കുന്നു. പദ്ധതി അവസാനിച്ചിട്ടും മിച്ചമുള്ള അരി വിതരണംചെയ്യാൻ അനുമതി നൽകാത്തതു മൂലമാണ് അരി കെട്ടിക്കിടക്കുന്നത്. ഓരോ കടയിലും 15 മുതൽ 30 വരെ ക്വിന്റൽ അരിയാണ് കെട്ടിക്കിടക്കുന്നത്.

കോവിഡുകാലത്ത് മഞ്ഞ, പിങ്ക് കാർഡുകാർക്കാണ് സാധാരണ റേഷൻവിഹിതത്തിനു പുറമെ കേന്ദ്രം സൗജന്യറേഷൻ അനുവദിച്ചത്. ആദ്യം അരിയും ഗോതമ്പുമായിരുന്നു. ഗോതമ്പിനു ക്ഷാമംവന്നതോടെ അരി മാത്രമാക്കി. പദ്ധതി ഡിസംബറിൽ അവസാനിച്ചെങ്കിലും സംസ്ഥാനത്ത് ജനുവരി 10-വരെ അരി വാങ്ങാൻ അവസരം നൽകി. എന്നിട്ടും റേഷൻകടകളിൽ ചാക്കുകണക്കിന് അരി മിച്ചംവന്നു.

പി.എം.ജി.കെ.എ.വൈ. പദ്ധതിക്കുപകരം മഞ്ഞ, പിങ്ക് കാർഡുകാർക്ക് പുതിയ സൗജന്യ ഭക്ഷ്യധാന്യപദ്ധതി കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ റേഷൻവിഹിതം സൗജന്യമായി നൽകുന്നതാണ് പദ്ധതി. ഈമാസം മുതൽ അതു നിലവിൽവന്നു. എന്നിട്ടും പി.എം.ജി.കെ.എ.വൈ.യുടെ മിച്ചമുള്ള അരി പുതിയ പദ്ധതിയിലേക്കു മാറ്റിയിട്ടില്ല.

ഓരോ റേഷൻ കടയിലെയും സ്റ്റോക്ക് ഇ-പോസ് യന്ത്രത്തിൽ പി.എം.ജി.കെ.എ.വൈ. വിഹിതം എന്ന രീതിയിലാണ് ഇപ്പോഴുമുള്ളത്. അതുകൊണ്ട് വ്യാപാരികൾക്ക് അവ വകമാറ്റി നൽകാനാകില്ല. തീരുമാനം വൈകിയാൽ അരി കടകളിലിരുന്നു നശിക്കും.

റേഷൻകടക്കാരുടെ കമ്മിഷൻ വീണ്ടും മുടങ്ങി
റേഷൻവ്യാപാരികൾക്ക് ഡിസംബർമാസത്തെ കമ്മിഷൻ ഇതുവരെ നൽകിയില്ല. സൗജന്യ ഭക്ഷ്യധാന്യപദ്ധതി വന്നതോടെ കൈകാര്യച്ചെലവിനുള്ള തുകപോലും കടക്കാർക്കു ലഭിക്കുന്നില്ല. കമ്മിഷൻ ഉടൻ നൽകണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ മന്ത്രി ജി.ആർ. അനിലിനു കത്തുനൽകി. കെട്ടിക്കിടക്കുന്ന അരി വകമാറ്റി വിതരണം ചെയ്യാനനുവദിക്കണമെന്നും കത്തിലുണ്ട്.

Leave a Reply