മോഹൻലാലിന്റെ ഇമേജാണ് അദ്ദേഹത്തെ തന്റെ സിനിമയിൽ അഭിനയിപ്പിക്കുന്നതിൽ തടസ്സമായതെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ

0

മോഹൻലാലിന്റെ ഇമേജാണ് അദ്ദേഹത്തെ തന്റെ സിനിമയിൽ അഭിനയിപ്പിക്കുന്നതിൽ തടസ്സമായതെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. മോഹൻലാലിന്റെ ‘നല്ല റൗഡി’ എന്ന ഇമേജ് ഒരു പ്രശ്നമായിരുന്നു. അദ്ദേഹത്തിന്റെ ആ ഇമേജ് തട്ടിമാറ്റാൻ കഴിയുമെന്ന് എനിക്ക് എന്നെത്തന്നെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്ന് അടൂർ പറഞ്ഞു. ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ അഭിമുഖപരിപാടിയായ എക്സ്പ്രസ് ഡയലോഗിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇഷ്ടപ്പെട്ട നടി കാവ്യാമാധവനാണ്. പിന്നെയും എന്ന സിനിമയിലെ കാവ്യയുടെ അഭിനയം തന്നെ അമ്പരപ്പിച്ചു എന്നും അടൂർ പറഞ്ഞു. മമ്മൂട്ടി, മധു, ദിലീപ് തുടങ്ങിയവരെ സിനിമയിലെ പ്രധാന വേഷത്തിലേക്ക് തെരഞ്ഞെടുത്തത്, അവരുടെ സ്റ്റാർ വാല്യു കണക്കിലെടുത്താണോ എന്ന ചോദ്യത്തിന് അടൂരിന്റെ മറുപടി ഇപ്രകാരമായിരുന്നു.

‘എന്റെ കഥാപാത്രങ്ങളുമായി അവർ എത്രത്തോളം യോജിക്കുന്നു എന്നത് മാത്രമാണ് എന്റെ മാനദണ്ഡം. അവരെല്ലാം നല്ല അഭിനേതാക്കളാണ്. കാസ്റ്റിങ് അഭിനയത്തിന്റെ പകുതിയാണ്’. അടൂർ അഭിപ്രായപ്പെട്ടു. ഏറ്റവും ഇഷ്ടപ്പെട്ട നടൻ പി കെ നായർ ആണ്. ‘എന്റെ എല്ലാ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.ഒരു നടനെന്ന നിലയിൽ അദ്ദേഹം തന്നെ ഏറെ ആകർഷിച്ചു’വെന്നും അടൂർ പറഞ്ഞു.

നടിയെ അക്രമിച്ച സംഭവത്തിലും അടൂർ തന്റെ നിലപാട് വ്യക്തമാക്കി.ദിലീപ് നിരപരാധിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു തെളിവും ഇല്ലാതെ ഒരാളെ അപകീർത്തിപ്പെടുത്തുന്നതിന് താൻ എതിരാണെന്നും അടൂർ പറഞ്ഞു. ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ അഭിമുഖപരിപാടിയായ എക്സ്പ്രസ് ഡയലോഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐഎസ്ആർഒ ചാരക്കേസിൽ കെ കരുണാകരനെ ചീത്തവിളിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്. പിന്നീട് അദ്ദേഹം നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ടുവെന്ന് അടൂർ പറഞ്ഞു. കലാകാരനും കലാസൃഷ്ടിയും വ്യത്യസ്തമാണ്. പല മോശപ്പെട്ട ആളുകളും മികച്ച കലാസൃഷ്ടികൾ നടത്തിയിട്ടുണ്ട്.

ചങ്ങമ്പുഴ കൃഷ്ണപിള്ള, അയാളുടെ ഭാര്യയെ സംബന്ധിച്ചിടത്തോളം വളരെ ഭയങ്കരനായ ഒരു മനുഷ്യനായിരുന്നു. പക്ഷേ, ചങ്ങമ്പുഴയില്ലാത്ത മലയാള കവിതയെക്കുറിച്ച് ചിന്തിക്കാനാവുമോ? അടൂർ ചോദിച്ചു. സിനിമ ഒരു സർഗ്ഗാത്മക സൃഷ്ടിയാണെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

മുഖാമുഖം എന്ന സിനിമ കമ്യൂണിസ്റ്റ് വിരുദ്ധമാണെന്ന വിമർശനങ്ങളെക്കുറിച്ച് അടൂരിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു. ഇവിടെ പലർക്കും സിനിമ മനസ്സിലാകാത്തതുകൊണ്ടാണ് അത്. ഇത് തങ്ങളുടെ ജീവിതമാണെന്ന് പറഞ്ഞുകൊണ്ട്, പശ്ചിമ ബംഗാളിലെ സഖാക്കളിൽ നിന്ന് എനിക്ക് ധാരാളം കത്തുകൾ ലഭിച്ചു. ബംഗാൾ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ എനിക്ക് സിനിമ ഇഷ്ടപ്പെട്ടുവെന്ന് തന്നോട് പറഞ്ഞു. അങ്ങനെ അറിവുള്ള കമ്മ്യൂണിസ്റ്റുകാരുമുണ്ട്. അടൂർ പറഞ്ഞു

Leave a Reply