പറവൂരിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയിട്ടും മാറ്റമില്ല; മസാലദോശയിൽ തേരട്ട കണ്ടെത്തിയ സംഭവത്തിൽ കർശന നടപടിക്ക് നഗരസഭ

0

കൊച്ചി: കൊച്ചി പറവൂരിലെ വെജിറ്റേറിയൻ ഹോട്ടലായ വസന്ത വിഹാറിൽ മസാല ദോശയിൽ തേരട്ട കണ്ടെത്തിയ സംഭവത്തിൽ കർശന നടപടിക്ക് നഗരസഭ. നേരത്തെയും ഈ ഹോട്ടലിനെതിരെ പരാതി ഉയർന്നിരുന്നു. എന്നിട്ടും അധികൃതർ പരിശോധന വേണ്ടത്ര ഗൗരവത്തിൽ എടുത്തില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. ഹോട്ടലിന് എതിരെ സ്വീകരിക്കുമെന്ന് നഗരസഭ അധ്യക്ഷ വി.എ. പ്രഭാവതി അറിയിച്ചു.

പറവൂവിലെ മജ്ലിസ് ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ച 100 ഓളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇതിന്റെ ഭാഗമായി പ്രദേശത്തെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഹോട്ടൽ ഭക്ഷണത്തിൽ നിന്നും തേരട്ടയെ ലഭിച്ചിരിക്കുന്നത്. ഭക്ഷ്്യസുരക്ഷ വകുപ്പിന്റെ പരിശോധന പ്രസഹസനമാകുന്നുവെന്നാണ് ആക്ഷേപം.

വസന്ത വിഹാർ ഹോട്ടലിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും എല്ലാ കടകളിലും ദിവസവും പരിശോധന നടത്താറുണ്ടെന്നും പ്രഭാവതി പറഞ്ഞു. വസന്തവിഹാറിൽ നിന്നും വാങ്ങിയ മസാല ദോശയിൽ ആയിരുന്നു തേരട്ടയെ കണ്ടത്. വിവരം അറിഞ്ഞെത്തിയ ആരോഗ്യപ്രവർത്തകർ ഹോട്ടൽ പൂട്ടിച്ചിരുന്നു.

‘എല്ലാ കടകളിലും എല്ലാദിവസങ്ങളിലും പരിശോധന നടത്താറുണ്ട്. വൃത്തിയുമായി ബന്ധപ്പെട്ട് നിർദേശങ്ങളും നൽകാറുണ്ട്. എന്നാൽ തേരട്ട കിട്ടിയ സംഭവത്തിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. സംഭവം അറിഞ്ഞ ഉടൻ തന്നെ കട അടക്കാനുള്ള നടപടികൾ എടുത്തിട്ടുണ്ട്’ പ്രഭാവതി കൂട്ടിച്ചേർത്തു.

വ്യാഴാഴ്ച രാവിലെ രാവിലെ ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ എത്തിയ കുടുംബത്തിനാണ് തേരട്ട കിട്ടിയത്. മസാലദോശയിലെ മസാലയ്ക്കുള്ളിൽ ആയിരുന്നു തേരട്ട. കഴിക്കുന്നതിനിടെയായിരുന്നു സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ കുടുംബം പരാതിപ്പെടുകയായിരുന്നു. മസാല ദോശ ഓർഡർ ചെയ്ത മാഞ്ഞാലി സ്വദേശികളായ കുടുംബത്തിനാണ് ദുരനുഭവം ഉണ്ടായത്. പരാതിപ്പെടുകയായിരുന്നു.

പിന്നാലെ പറവൂർ നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തി. വൃത്തിഹീനമായ അടുക്കള, പാകം ചെയ്യുന്നയിടങ്ങൾ വൃത്തിഹീനമായിക്കിടക്കുന്നു, ദോശമാവ് ഉൾപ്പെടെ സൂക്ഷിക്കുന്നത് മോശം പാത്രങ്ങളിൽ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ നഗരസഭ ആരോഗ്യവിഭാഗം കണ്ടെത്തുകയായിരുന്നു.

പലഹാരങ്ങൾ പാകം ചെയ്യാൻ ഉപയോഗിക്കുന്ന മാവ് വൃത്തിഹീനമായാണ് സൂക്ഷിച്ചിരുന്നത്. ഇതിന് പുറമേ പഴകിയ ഭക്ഷണവും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം.

സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നത് എന്ന് പറവൂർ നഗരസഭാ അദ്ധ്യക്ഷ പറഞ്ഞു. ഹോട്ടലിനെതിരെ കർശന നടപടി സ്വീകരിക്കും. നിലവിൽ ഹോട്ടലിന് അടച്ചുപൂട്ടാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ടെന്നും അദ്ധ്യക്ഷ പ്രതികരിച്ചു.

Leave a Reply