ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദലിത് യുവാവിനു മർദ്ദനം

0

ഉത്തരകാശി: ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദലിത് യുവാവിനു മർദ്ദനം. ഉത്തരകാശി ജില്ലയിലെ മോറി ഏരിയയിലെ സൽറ ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് സംഭവം അരങ്ങേറിയത്. യുവാവിനെ കെട്ടിയിട്ടശേഷം ഇരുമ്പ് ദണ്ഡ് ചൂടാക്കി മർദിക്കുകയായിരുന്നു. ബൈനോൾ ഗ്രാമവാസിയായ 22 കാരനായ ആയുഷ് ക്ഷേത്രത്തില്‍ പ്രാര്‍ഥനക്കായി പ്രവേശിച്ചതാണ് ഇതര ജാതിക്കാരെ ചൊടിപ്പിച്ചത്.

മേൽജാതിക്കാരായ ചിലർ തന്നെ ക്ഷേത്രത്തിനുള്ളിൽ വച്ച് ആക്രമിക്കുകയും രാത്രി മുഴുവൻ കെട്ടിയിട്ട് ചൂടുള്ള ഇരുമ്പ് ദണ്ഡ് കൊണ്ടു മര്‍ദിക്കുകയും ചെയ്തതായി ആയുഷ് പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ദലിതനായതുകൊണ്ടാണ് താന്‍ ക്ഷേത്രത്തില്‍ കയറിയത് മറ്റുള്ളവരെ പ്രകോപിപ്പിച്ചതെന്നും പരാതിയിലുണ്ട്. ജനുവരി 10ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച ആയുഷിനെ മെച്ചപ്പെട്ട ചികിത്സക്കായി മറ്റൊരു ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.

പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് ഗ്രാമവാസികൾക്കെതിരെ എസ്‌സി/എസ്ടി ആക്‌ട് പ്രകാരം കേസെടുത്തതായി ഉത്തരകാശി പൊലീസ് സൂപ്രണ്ട് അർപൺ യദുവൻഷി പറഞ്ഞു. കൂടാതെ സർക്കിൾ ഓഫീസർ (ഓപ്പറേഷൻ) പ്രശാന്ത് കുമാറിനെ അന്വേഷണ ചുമതല ഏൽപ്പിച്ചതായും അർപൺ യദുവൻഷി അറിയിച്ചു.

Leave a Reply