നിരന്തരം പെണ്‍വിഷയം വാടകവീട്ടില്‍ നിന്നും വീട്ടുടമ ഇറക്കി, ഗുണ്ടയുമായും ഭാര്യയുമായും സൗഹൃദം ; എസ്.ഐ യെ പിരിച്ചുവിടാന്‍ ശുപാര്‍ശ

0


തിരുവനന്തപുരം: ഗുണ്ടകളുമായുള്ള ബന്ധത്തിന്റെ പേരില്‍ നടപടി നേരിടുന്ന പോലീസിലെ ഉന്നതോദ്യോഗസ്ഥരുടെ പട്ടികയില്‍ ഗുണ്ടയുടെ ഭാര്യയുമായി രഹസ്യബന്ധം പുലര്‍ത്തിയിരുന്ന സി.ഐ യും. പേട്ട സി.ഐ. റിയാസ് രാജയെയാണ് സസ്‌പെന്റ് ചെയ്തിരക്കുന്നത്.

സ്വഭാവദൂഷ്യത്തിന്റെ പേരിലും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്നതിന്റെ പേരിലൂം പിരിച്ചുവിടല്‍ പരിഗണക്കാമെന്ന ശുപാര്‍ശയും ഡിജിപിയ്ക്ക് മുന്നില്‍ എത്തിയിട്ടുണ്ട്. ഔദ്യോഗിക പദവി ദുരുപയോഗിച്ച് അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നെന്നാണ് ആക്ഷേപം.

പൊലീസില്‍ തുടരാന്‍ അനുയോജ്യമായ സ്വഭാവശുദ്ധിയില്ലെന്നും വിലയിരുത്തിയിട്ടുണ്ട്. വകുപ്പുതല അന്വേഷണം നടത്താന്‍ റൂറല്‍ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എസ്. ശ്രീകാന്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പേട്ട സി.ഐ റിയാസ് രാജയെ സസ്‌പെന്‍ഷനിലേക്ക് എത്തിച്ചത് സ്വഭാവദൂഷ്യമായിരുന്നു. ഗുണ്ടാലിസ്റ്റില്‍ പെട്ടയാളുടെ ഭാര്യയുമായി സി.ഐയ്ക്ക് വഴിവിട്ട സൗഹൃദം ഉണ്ടായിരുന്നതായും ഇത് സ്ത്രീ പലപ്പോഴും പരസ്യമായി വിളിച്ചു പറഞ്ഞിരുന്നതായും കണ്ടെത്തി.

റസിഡന്റ്‌സ് അസോസിയേഷനിലെ ഭാരവാഹികളാണ് ഉന്നതതല അന്വേഷണ സംഘത്തിന് മൊഴി കൊടുത്തത്. സി.ഐ യുമായി തനിക്ക് അടുപ്പമുണ്ടെന്ന് ഈ സ്ത്രീ മദ്യപിച്ച് ലക്കുകെട്ട് പലവട്ടം പാതുജനമദ്ധ്യത്തില്‍ വച്ച് പറഞ്ഞിട്ടുണ്ടെന്നായിരുന്നു ഇവര്‍ കൊടുത്ത മൊഴി.

പേട്ട സ്‌റ്റേഷനില്‍ ചുതല ഉണ്ടായിരുന്ന കാലത്ത് വെണ്‍പാലവട്ടത്ത് ഒരു വീട്ടില്‍ റിയാസ് വാടകയ്ക്ക് താമസിച്ചിരുന്നു. ഒടുവില്‍ വീട്ടുടമ ഇവിടെ നിന്നും നിര്‍ബന്ധപൂര്‍വം ഒഴിപ്പിച്ചു. മറ്റൊരിക്കല്‍ അനധികൃതമായി പ്രവര്‍ത്തിച്ച മസാജ് സെന്ററില്‍ ഒരു സ്ത്രീയുമായി സന്ദര്‍ശിച്ചതും വിവാദമായിരുന്നു.

ഇവിടെ നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായി. ഗുണ്ടാനേതാക്കളായ ഓംപ്രകാശ്, പുത്തന്‍പാലം രാജേഷ് എന്നിവരുമായി റിയാസിന് അടുത്ത ബന്ധം ഉണ്ടായിരുന്നതായുള്ള തെളിവുകളും ഇന്റലിജന്‍സിന് കിട്ടിയിട്ടുണ്ട്. പോലീസിന്റെ രഹസ്യ വിവരങ്ങള്‍ ഗുണ്ടകള്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയും ഗുണ്ടകളുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ആരോപണങ്ങള്‍ ഉയര്‍ന്നതോടെ റിയാസ് ഏറെക്കാലമായി ഇന്റലിജന്‍സ് വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ റിയാസിനെ സ്ഥലംമാറ്റണമെന്ന് നേരത്തേ സിറ്റി പൊലീസ് കമ്മിഷണര്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് ശുപാര്‍ശ നല്‍കിയിരുന്നു. ആരോപണങ്ങള്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍.അജിത്കുമാര്‍ വിശദമായി അന്വേഷിക്കുകയും കാര്യങ്ങള്‍ ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തു. എഡിജിപി ഇറക്കിയ ഉത്തരവില്‍ സ്വഭാവദൂഷ്യങ്ങള്‍ ഒന്നൊന്നായി രേഖപ്പെടുത്തിയിട്ടുണ്ട്.

പൊതുജനങ്ങള്‍ക്ക് മാതൃകയാകേണ്ട പൊലീസ് ഉദ്യോഗസ്ഥനായ റിയാസ് രാജയുടെ ഭാഗത്തുനിന്ന് കടുത്ത പെരുമാറ്റ ദൂഷ്യവും ഗുരുതരമായ അച്ചടക്കലംഘനവുമുണ്ടായതായി പ്രഥമദൃഷ്ട്യാ ബോദ്ധ്യമായെന്ന് എ.ഡി.ജി.പിയുടെ ഉത്തരവില്‍ പറയുന്നു.

Leave a Reply