കൊളീജിയം തർക്കം: പുതിയ നീക്കവുമായി കേന്ദ്രസർക്കാർ

0

ന്യൂഡൽഹി: കൊളീജിയം വിഷയത്തിൽ സുപ്രീം കോടതിയും, കേന്ദ്ര സർക്കാരും രണ്ടുതട്ടിൽ നിൽക്കെ സർക്കാർ പുതിയ നിർദ്ദേശം മുന്നോട്ടുവച്ചു. കൊളിജീയത്തിൽ സർക്കാർ പ്രതിനിധിയെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രം കത്ത് നൽകി. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കേന്ദ്ര നിയമമന്ത്രിയാണ് കത്ത് നൽകിയത്. എന്നാൽ നിലവിലുള്ള മാനദണ്ഡം ഭേദഗതി ചെയ്യുന്നത് സ്വീകാര്യമല്ലെന്ന നിലപാടിലാണ് സുപ്രീംകോടതി കൊളീജിയത്തിലെ അംഗങ്ങൾ.

ജഡ്ജി നിയമനത്തിൽ കേന്ദ്രത്തിന് സുപ്രീംകോടതി നേരത്തെ മുന്നറിയിപ്പുമായി നൽകിയിരുന്നു. ആവർത്തിച്ച് നൽകുന്ന ശുപാർശകൾ അംഗീകരിക്കാൻ കേന്ദ്രം ബാധ്യസ്ഥരാണെന്നാണ് അറിയിച്ചു കൊണ്ട് കൊളീജീയം സർക്കാരിന് നേരത്തെ കത്ത് നൽകിയിരുന്നു. വിവിധ ഹൈക്കോടതികളിലേക്കുള്ള ജഡ്ജിമാരുടെ നിയമനത്തിനായുള്ള ശുപാർശ കഴിഞ്ഞ ദിവസം കേന്ദ്രത്തിന് കൊളീജിയം കൈമാറിയിരുന്നു. ഇതിൽ അഭിഭാഷകനായ നാഗേന്ദ്ര രാമചന്ദ്ര നായികിനെ കർണാടക ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള ശുപാർശ കേന്ദ്രത്തിന് മൂന്നാമതും നൽകി കൊണ്ടാണ് അസാധാരണ നടപടി ഉണ്ടായത്. ആവർത്തിച്ച് നൽകുന്ന ശുപാർശ അംഗീകരിക്കാൻ കേന്ദ്രത്തിന് ബാധ്യത ഉണ്ടെന്നാണ് കൊളീജീയം ഓർമ്മിച്ചത്.

ജഡ്ജി നിയമനത്തിൽ സുതാര്യത ഉറപ്പാക്കാൻ കൊളീജിയത്തിൽ സർക്കാർ പ്രതിനിധി അനിവാര്യമാണെന്ന് കിരൺ റിജ്ജു കത്തിൽ പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ എം ജോസഫ്, എം ആർ ഷാ, അജയ് റസ്‌തോഗി, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്നതാണ് നിലവിലെ കൊളീജിയം.

നേരത്തേയും കൊളീജിയം സംവിധാനത്തിന് സുതാര്യതയില്ലെന്ന് നിയമമന്ത്രി വിമർശിച്ചിരുന്നു. ലോക്‌സഭാ സ്പീക്കർ ഓം ബിർള, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച മുൻ ജഡ്ജി രുമ പാൽ ഉൾപ്പെടെയുള്ള പല ജഡ്ജിമാരും കൊളീജിയം സംവിധാനത്തിനെതിരെ പ്രതികരിച്ചിരുന്നു. 1993 ലെ ജഡ്ജസ് കേസിലെ ഒമ്പതംഗ ഭരണഘടന ബെഞ്ചിന്റെ വിധിയാണ് കൊളീജീയം ഇതിനായി ചൂണ്ടിക്കാട്ടുന്നത്. ശുപാർശക്കൊപ്പം കേന്ദ്ര നിയമ മന്ത്രാലയത്തിന് നൽകിയ കത്തിലാണ് ഈക്കാര്യം പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here