കെടിഡിസി ജോലി തട്ടിപ്പ് കേസിലെ ഡി വൈ എഫ് ഐക്കാരിയുമായി അടുത്ത ബന്ധം; നഴ്സുമാരിൽ നിന്ന് കോടികൾ തട്ടിയ അടൂരുകാരൻ സൈമൺ അലക്സാണ്ടർ മുതലാളി മറ്റൊരു പ്രവീൺ റാണ!

0

തൃശൂർ: നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ വരന്തരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്ത അടൂർ പെരിങ്ങനാട് പാറക്കൂട്ടം അമ്പനാട്ട് സൈമൺ അലക്സാണ്ടർ മുതലാളി മറ്റൊരു പ്രവീൺ റാണയെന്ന് പരാതിക്കാർ.

പൊലീസും മാധ്യമങ്ങളും ചേർന്നൊതുക്കിയ സൈമണിന്റെ അറസ്റ്റ് വാർത്ത വേണ്ട രീതിയിൽ വെളിയിൽ വരാതിരുന്നതിനെ തുടർന്ന് പണം നഷ്ടമായവർ നേരിട്ട് നടത്തിയ അന്വേഷണത്തിലാണ് സൈമണിന്റെ തനി നിറം പുറത്താകുന്നത്. കോൺഗ്രസുകാരനായി അറിയപ്പെടുന്ന ഇയാൾക്ക് അടൂരിലെ സിപിഎം ജില്ലാ നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. കെടിഡിസിയിൽ ജോലി വാഗ്ദാനം ചെയ്ത് വ്യാജരേഖ ചമച്ച് കോടികൾ തട്ടിയ ജയസൂര്യ പ്രകാശും ഇയാളും അടുത്ത സുഹൃത്തുക്കളാണെന്നും പരാതിക്കാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

നിലവിൽ അഞ്ചു പേരിൽ നിന്ന് 15.50 ലക്ഷം രൂപയാണ് സൈമൺ തട്ടിയെടുത്തത് എന്നാണ് പരാതിയുള്ളത്. എന്നാൽ, ഗവ. നഴ്സസ് എന്ന ഫേസ് ബുക്ക് പേജിൽ പറയുന്നത് ശരിയാണെങ്കിൽ നൂറുകണക്കിന് നഴ്സുമാർക്ക് പണം പോയിട്ടുണ്ട്. ഇത് കോടികൾ വരും. കെപി പ്രവീൺ എന്ന തട്ടിപ്പുകാരൻ പ്രവീൺ റാണ ആയതു പോലെയാകും സൈമൺ അലക്സാണ്ടർ മുതലാളി എന്ന പേരും എന്നാണ് പരാതിക്കാർ കരുതിയിരുന്നത്. എന്നാൽ, ഇത് ഇയാളുടെ കുടുംബപ്പേരാണ്. അടൂരിൽ മുതലാളി എന്ന പേരിൽ ഒരു കുടുംബം ഉണ്ട്.

അറിയപ്പെടുന്ന ഈ കുടുംബത്തിൽപ്പെട്ടയാളാണ് സൈമൺ. പ്രവീൺ റാണയുമായി ഒരു പാട് കാര്യങ്ങളിൽ സൈമണിന് സാമ്യമുണ്ട്. വേഷവിധാനങ്ങളും പെരുമാറ്റവും സംസാര രീതിയുമാണ് അതിലൊന്ന്. ആരെയും ആകർഷിക്കുന്ന വസ്ത്രം ധരിച്ച് ഇംഗ്ലീഷും മലയാളവും കൂട്ടിക്കലർത്തി വിശ്വാസ്യത ജനിപ്പിക്കുന്ന വിധത്തിലാകും ഇയാൾ പെരുമാറുക. അതോടെ പണം കൊടുക്കുന്നവർ വിശ്വസിക്കും. ഇയാൾ അവധികൾ പറയും, വിശ്വാസ്യത ഉറപ്പിക്കാൻ ചെക്കും കൊടുക്കും. അങ്ങനെ കൊടുത്ത ചെക്ക് മടങ്ങിയപ്പോഴാണ് വരന്തരപ്പള്ളി പൊലീസിൽ പരാതി എത്തിയത്.

നാട്ടിലുള്ള മുഴുവൻ ക്ഷേത്രങ്ങൾക്കും ഇയാൾ പരിപാടികൾ സ്പോൺസർ ചെയ്ത് സഹായിച്ചിരുന്നു. നേച്ചർ ഓഫ് പാരഡൈസ് ട്രാവൽ ഏജൻസി എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു സ്പോൺസർഷിപ്പ്. മാധ്യമങ്ങൾക്ക് സപ്ലിമെന്റും വാരിക്കോരി നൽകി. പ്രാദേശിക പത്രപ്രവർത്തകരുടെ സംഘടനയായ കേരളാ ജേർണലിസ്റ്റ് യൂണിയന്റെ (കെജെയു) പരിപാടികൾ സംസ്ഥാന തലത്തിൽ സ്പോൺസർ ചെയ്തിരുന്നത് സൈമൺ ആയിരുന്നു.

അതു കൊണ്ടു തന്നെ ജോലി തട്ടിപ്പ് കേസിൽ അറസ്റ്റിലായ സൈമന്റെ വാർത്ത തൃശൂരിലെ പത്രങ്ങളുടെ പ്രാദേശിക എഡിഷനുകളിൽ ഒറ്റക്കോളം വാർത്തയായി മാറി.ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഗവൺമെന്റ് നഴ്സ്സസ് എന്ന ഫേസ് ബുക്ക് പേജിലൂടെ വാർത്തയും ഇയാളുടെ ചരിത്രവും ഷെയർ ചെയ്യേണ്ടി വന്നു. തുടർന്ന് ഇവർ തന്നെ ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ തേടിയിറങ്ങി. അപ്പോഴാണ് വിവിധ രാഷ്ട്രീയ കക്ഷികൾക്കും മാധ്യമപ്രവർത്തകർക്കും സൈമണുമായുള്ള അടുത്ത ബന്ധം വ്യക്തമായത്.

നാലു വർഷം മുൻപ് കെടിഡിസിയിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിലെ പ്രതിയും ഡിവൈഎഫ്ഐയുടെ സോഷ്യൽ മീഡിയ മുഖവുമായിരുന്ന ജയസൂര്യ പ്രകാശുമായി സൈമണിന് അടുത്ത ബന്ധുമുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കെടിഡിസി ചെയർമാൻ ആയിരുന്ന എം. വിജയകുമാറിന്റെ പേരിൽ വ്യാജലെറ്റർ ഹെഡും നിയമന ഉത്തരവും തയാറാക്കി മൂന്നു കോടിയോളം രൂപ തട്ടിയ ജയസൂര്യയെ കൊല്ലം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ജയസൂര്യയുടെ ഡ്രൈവർ ആയിരുന്ന ജോയൽ എന്ന ഡിവൈഎഫ്ഐ നേതാവ് പിന്നീട് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു.

സൈമൺ ഇപ്പോൾ നടത്തുന്ന തട്ടിപ്പിന് ജയസൂര്യയുടെ സഹായം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കണമെന്നും ആവശ്യം ഉയരുന്നു. അടൂരിൽ നിന്നുള്ള സിപിഎം ജില്ലാ നേതാക്കളായിരുന്നു ജയസൂര്യയ്ക്ക് പിന്നിൽ ഉണ്ടായിരുന്നത്. സൈമണ് ഇവരുമായി അടുത്ത ബന്ധമുണ്ടെന്നാണ് പുറത്തു വരുന്ന സൂചന.

Leave a Reply