ചിന്ത ജെറോമിന്റെ വിവാദ പ്രബന്ധം വിദഗ്ദ സമിതിയെ നിയോഗിച്ച് പരിശോധിക്കും

0

തിരുവന്തപുരം: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ വിവാദ പ്രബന്ധം വിദഗ്ദ സമിതിയെ നിയോഗിച്ച് പരിശോധിക്കും. ഇതിനായി കേരള സര്‍വ്വകലാശാല നാലംഗ കമ്മിറ്റിയെ നിയമിക്കാന്‍ തീരുമാനിച്ചു. പ്രബന്ധത്തിലെ ഗുരുതര പിഴവുകള്‍, കോപ്പിയടി ഉണ്ടായിട്ടുണ്ടോ എന്നിവയായിരിക്കും പരിശോധനയ്ക്ക് വിധേയമാക്കുക.

ചിന്തയുടെ ഗൈഡായിരുന്ന ഡോ. പി.പി അജയകുമാറിനെ ഗൈഡ്ഷിപ്പില്‍നിന്നും അധ്യാപക പരിശീലന കേന്ദ്രം ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റണമെന്നുളള സേവ് യൂണിവേഴ്‌സിറ്റി സമിതിയുടെ നിവേദനവും വിസിക്കും ഗവര്‍ണര്‍ക്കും ലഭിച്ചിട്ടുണ്ട്. ഗവര്‍ണറുടെ അഭിപ്രായം കണക്കിലെടുത്തും നിയമവശങ്ങള്‍ പരിശോധിച്ചും തുടര്‍നടപടികള്‍ സ്വീകരിക്കും.കൂടാതെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന ലേഖനത്തിന്റെ ഭാഗങ്ങളും പ്രബന്ധത്തില്‍ ഉണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇതും പരിശോധിക്കും.

കേരളാ സര്‍വകലാശാല മുന്‍ പിവിസി ഡോ അജയകുമാറിന്റെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ ചിന്തയുടെ പ്രബന്ധത്തിന്റെ വിഷയം ‘ നവലിബറല്‍ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമകളുടെ പ്രത്യയ ശാസ്ത്ര അടിത്തറ’ എന്നതായിരുന്നു. 2021ല്‍ ഈ പ്രബന്ധത്തിന് ചിന്തയ്ക്ക് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം ലഭിച്ചു. പ്രബന്ധത്തില്‍ ചങ്ങമ്പുഴയ്ക്ക് പകരം വൈലോപ്പിളളിയുടെ പേരാണ് ഉപയോഗിച്ചതെന്നും വൈലോപ്പിളളിയുടെ പേര് പോലും അക്ഷരത്തെറ്റോടെയാണ് രേഖപ്പെടുത്തിയിട്ടുളളതെന്നുമാണ് പരാതി. ഗവേഷണത്തില്‍ മേല്‍നോട്ടം വഹിച്ച പിവിസിയോ മൂല്യനിര്‍ണയം നടത്തിയവരോ പ്രബന്ധം പൂര്‍ണമായും പരിശോധിക്കാതെയാണ് പിഎച്ച്ഡിക്ക് ശുപാര്‍ശ ചെയ്തതെന്നും ആരോപണമുണ്ട്. അതേസമയം ഇത്തരത്തില്‍ തെറ്റ് പറ്റിയതായി താന്‍ ഓര്‍ക്കുന്നില്ലെന്നും പരിശോധിക്കാമെന്നുമാണ് വിഷയത്തില്‍ ചിന്ത ജെറോമിന്റെ പ്രതികരണം.

Leave a Reply