വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ ബ്രിട്ടീഷ് എയർവെയ്സ് ട്രെയിനി ജീവനക്കാരൻ പിടിയിൽ. ടേക്ക് ഓഫിന് മിനറ്റുകൾ ബാക്കി നിൽക്കേ സ്പൈസ്ജെറ്റ് വിമാനത്തിൽ ബോംബെന്ന് വ്യാജ ഭീഷണി ഉയർത്തിയ 24കാരനാണ് അറസ്റ്റിലായത്. ഇതേ തുടർന്ന് വിമാനം ഏറെ നേരം വൈകിയിരുന്നു. തന്റെ സുഹൃത്തുക്കൾക്ക് അവരുടെ പെൺസുഹൃത്തുക്കളുമായി അൽപ നേരം കൂടി ചെലവഴിക്കാനാണ് ബോംബ് ഭീഷണി മുഴക്കിയതെന്ന് ഇയാൾ കുറ്റ സമ്മതം നടത്തി.
കഴിഞ്ഞ ദിവസമാണ് സംഭവം. ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന സ്‌പൈസ് ജെറ്റ് വിമാനത്തിനാണ് ബോംബ് ഭീഷണി ഉണ്ടായത്. ഇതേ തുടർന്ന് വിമാനത്തിന്റെ യാത്ര നിർത്തിവെച്ച് തിരിച്ചിൽ നടത്തിയിരുന്നു. എന്നാൽ പരിശോധനയ്‌ക്കൊടുവിൽ ബോംബ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. തുടർന്ന് ഫോൺ വിളിച്ചയാളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിക്കുകയും അഭിനവ് പ്രകാശ് എന്ന 24-കാരൻ പിടിയിലാവുകയുമായിരുന്നു.
ബ്രിട്ടീഷ് എയർവെയ്സ് ടിക്കറ്റ് കൗണ്ടറിലെ ട്രെയിനിയാണ് ഇയാൾ. തന്റെ സുഹൃത്തുക്കൾക്ക്, സ്‌പൈസ് ജെറ്റ് വിമാനത്തിൽ പുനെയിലേക്ക് യാത്ര ചെയ്യാനിരുന്ന അവരുടെ പെൺസുഹൃത്തുക്കളുമായി കുറച്ചുകൂടി സമയം ചെലവഴിക്കാൻ വേണ്ടി വിമാനം വൈകിപ്പിക്കാനാണ് താൻ ഫോൺ വിളിച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. സുഹൃത്തുക്കളുമായി ചേർന്നുണ്ടാക്കിയ പദ്ധതി പ്രകാരമാണ് യുവാവ് വ്യാജ ബോംബ് ഭീഷണി മുഴക്കിയത്.
തന്റെ ബാല്യകാല സുഹൃത്തുക്കളായ രാകേഷും കുനാൽ സെഹ്റാവത്തും മണാലിയിലേക്കുള്ള യാത്രയ്ക്കിടെ രണ്ടു യുവതികളെ പരിചയപ്പെട്ടിരുന്നു. ഇവർ സ്പൈസ്ജെറ്റ് വിമാനത്തിൽ പൂണെയിലേക്ക് യാത്ര ചെയ്യാനിരുന്നതാണ്. ഈ യുവതികളുമായി കൂടുതൽ സമയം ചെലവഴിക്കാൻ സഹായിക്കണമെന്നും വിമാനം എങ്ങനെയെങ്കിലും വൈകിപ്പിക്കണമെന്നും സുഹൃത്തുക്കൾ അഭിനവിനോട് ആവശ്യപ്പെട്ടു. തുടർന്ന് ഇവർ മൂന്ന് പേരും ചേർന്നാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം നൽകാൻ തീരുമാനിച്ചത്.
വ്യാഴാഴ്ച വൈകീട്ട് 6.30-ന് ഡൽഹിയിൽ നിന്ന് പുനെയിലേക്ക് പോകേണ്ടിയിരുന്ന സ്പൈസ്ജെറ്റ് വിമാനമാണ് വ്യാജബോംബ് ഭീഷണിയെത്തുടർന്ന് വൈകിയത്. ടേക്ക് ഓഫിന് മിനിറ്റുകൾക്ക് മുമ്പാണ്, വിമാനത്തിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന ഫോൺ കോൾ റിസർവേഷൻ കൗണ്ടറിൽ ലഭിക്കുന്നത്.