അനില്‍ ആന്റണിയില്‍ കണ്ണും നട്ട്‌ ബി.ജെ.പി. , പ്രമുഖ ക്രൈസ്‌തവ സഭയുടെ പിന്തുണ

0


കൊച്ചി : കോണ്‍ഗ്രസ്‌ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ എ.കെ. ആന്റണിയുടെ മകന്‍ അനില്‍ കെ.ആന്റണി രംഗത്തു വന്നത്‌ അപ്രതീക്ഷിതമല്ലെന്നാണ്‌ രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
കുറച്ചുനാളായി ബി.ജെ.പി. നേതൃത്വവുമായി അനിലിന്‌ അടുത്ത ബന്ധമുണ്ട്‌. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി കേരളത്തില്‍ മാറ്റങ്ങള്‍ വേണമെന്ന്‌ ആഗ്രഹിക്കുന്ന ബി.ജെ.പി. അനിലിനെ ഒപ്പം കൂട്ടാനുള്ള ശ്രമത്തിലാണ്‌.
പ്രമുഖ ക്രൈസ്‌തവസഭയുടെ പിന്തുണയും അനിലിനുണ്ടെന്നാണ്‌ ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. സഭയുടെ പിന്തുണയോടെ കേരളത്തില്‍ മൂന്നു സീറ്റാണു ബി.ജെ.പി. ഉന്നം വയ്‌ക്കുന്നത്‌. നാലു സീറ്റില്‍ മികച്ച മുന്നേറ്റം നടത്താമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മലയാളി പ്രഫഷണലുകളെ പാര്‍ട്ടിയിലേക്ക്‌ അടുപ്പിക്കാന്‍ ബി.ജെ.പി. ശ്രമം നടത്തുന്നുണ്ട്‌. ഈ നീക്കത്തില്‍ അനിലിന്‌ ഏറെ സഹായിക്കാനാവുമെന്നാണ്‌ ബി.ജെ.പിയുടെ വിലയിരുത്തല്‍.
കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി അംഗത്തിന്റെ മകനെതന്നെ ലഭിച്ചാല്‍, ദേശീയ തലത്തിലും ബി.ജെ.പിക്കു വലിയ നേട്ടമാണ്‌. ഉയര്‍ന്ന സ്‌ഥാനം നല്‍കാന്‍ അവര്‍ തയാറുമാണ്‌. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്‌ ഷാ എന്നിവരുമായി സി.ബി.സി.ഐ. പ്രസിഡന്റ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ബി.ജെ.പി. നേതൃത്വവുമായി സഹകരിക്കാന്‍ എല്ലാ പിന്തുണയും അദ്ദേഹം വാഗ്‌ദാനം ചെയ്‌തിരുന്നു. ഈ സന്ദര്‍ശനവും അനിലിന്റെ നിലപാടുകളും കൂട്ടിവായിക്കുന്നവരുണ്ട്‌.
കേരളത്തില്‍ ക്രൈസ്‌തവ സമൂഹത്തില്‍നിന്ന്‌ ഉയര്‍ത്തിക്കാണിക്കാവുന്ന മുഖം ഇപ്പോള്‍ ബി.ജെ.പിക്കില്ല. അല്‍ഫോന്‍സ്‌ കണ്ണന്താനം, പി.സി. തോമസ്‌ എന്നിവരെയടക്കം പരീക്ഷിച്ചെങ്കിലും പ്രയോജനപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ്‌ അനില്‍ ആന്റണിയെ അടുപ്പിക്കാനുള്ള ബി.ജെ.പി. നീക്കം. ബി.ജെ.പി. മാത്രമാണ്‌ അനിലിനെ പിന്തുണച്ചു രംഗത്തു വന്നതെന്നതും ശ്രദ്ധേയം. ബി.ബി.സിയുടെ ഡോക്യുമെന്ററിയെ എതിര്‍ത്തതിലൂടെ കോണ്‍ഗ്രസ്സില്‍ നിന്ന്‌ രൂക്ഷ വിമര്‍ശനം നേരിടേണ്ടിവന്നതോടെ പാര്‍ട്ടിയില്‍ നിന്നു രാജിവച്ച അനില്‍ ഉടനേ വേറെ പാര്‍ട്ടിയിലേക്കില്ലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും ബി.ജെ.പി. പ്രതീക്ഷയിലാണ്‌.
ശശി തരൂരിനെതിരായ പാര്‍ട്ടി നിലപാടോടെയാണു അനില്‍ കോണ്‍ഗ്രസില്‍ നിന്നും അകന്നത്‌. അനിലിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൊന്നും രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത്‌ ജോഡോ യാത്രയേപ്പറ്റി യാതൊന്നും പരാമര്‍ശമില്ല. കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍, എ.ഐ.സി.സി. ഡിജിറ്റല്‍ മീഡിയ കോര്‍ഡിനേറ്റര്‍ എന്നീ പദവികളില്‍ ഇരുന്നുകൊണ്ടു അനില്‍ ഫലപ്രദമായി ഒന്നും ചെയ്‌തില്ലെന്ന ആരോപണമുണ്ട്‌.

Leave a Reply