ബസ്മതി അരിയിൽ കൃത്രിമ ​നിറവും മണവും വേണ്ട; മാനദണ്ഡങ്ങൾ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അതോറിറ്റി 

0

ന്യൂഡൽഹി: ബസ്മതി അരിയുടെ നിലവാര–തിരിച്ചറിയൽ മാനദണ്ഡങ്ങൾ പുറത്തിറക്കി കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ). അരിക്ക് സ്വാഭാവിക ഗന്ധം ഉണ്ടാകണമെന്നും കൃത്രിമ ഗന്ധം, കൃത്രിമ നിറം, പോളിഷിങ് വസ്തുക്കൾ എന്നിവയിൽ നിന്നും മുക്തമായിരിക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു. മാനദണ്ഡങ്ങൾ ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും.

തവിടുള്ള ബസ്മതി അരി, തവിട് നീക്കിയത്, പുഴുങ്ങിയ തവിട് അരി, പുഴുങ്ങിയതും തവിടു നീക്കിയതുമായ അരി എന്നിവയുൾപ്പെടെ എല്ലാത്തരം ബസ്മതി അരിയുടെയും മാനദണ്ഡങ്ങൾ വ്യക്തമാക്കിയാണ് ഭക്ഷ്യ സുരക്ഷാ ചട്ടത്തിലെ ഭേദഗതി വിജ്ഞാപനം ചെയ്തിരിക്കുന്നത്. ബസ്മതി അരിയുടെ ശരാശരി നീളം, മറ്റു വിശദാംശങ്ങൾ, ബസ്മതി അല്ലാത്ത അരിയുടെ അളവ് എന്നിവയെല്ലാം ഫുഡ് പ്രോഡക്ട്സ് സ്റ്റാൻഡേർഡ്സ് ആൻഡ് ഫുഡ് അഡിറ്റീവ്സ് എന്ന ചട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

തവിടുള്ള ബസ്മതി അരിയുടെ ശരാശരി നീളം ഏഴ് മില്ലീമീറ്റർ ആയിരിക്കണം. തവിടു മാറ്റിയതാണെങ്കിൽ 6.61 മില്ലീ മീറ്ററും അരി വേവിച്ച ശേഷമാണെങ്കിൽ നീളം 12 മില്ലീ മീറ്ററിൽ കൂടുതലുമായിരിക്കണം. അരിയിലെ യൂറിക് ആസിഡ്, ഈർപ്പം എന്നിവയുടെ അളവിലുൾപ്പെടെ വ്യക്തത വരുത്തിയിട്ടുണ്ട്. യൂറിക് ആസിഡിന്റെ നില കിലോയിൽ 100 മില്ലിഗ്രാമിൽ താഴെയായിരിക്കണം. പൊട്ടിയ അരിയുടെ കാര്യത്തിലും നീളം വലുപ്പം തുടങ്ങിയ ചട്ടങ്ങൾ ഒഴിച്ചു ബാക്കിയെല്ലാ മാനദണ്ഡങ്ങളും ബാധകമാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here