കറപിടിച്ചവയും ദ്രവിച്ചവയും എടുക്കില്ലെന്ന് ബാങ്ക് ; ശബരിമല കാണിക്കയില്‍ കേടായ നോട്ടുകള്‍ മാത്രം ലക്ഷങ്ങളുടേത്

0


പത്തനംതിട്ട: ശബരിമലയില്‍ കാണിക്ക ഇനത്തില്‍ ലഭിച്ച നോട്ടുകളില്‍ കേടായവ മാത്രം ലക്ഷങ്ങളുടേത്. എണ്ണിമാറ്റിയതില്‍ നിന്നും കേടായ ഒരു ലക്ഷം രൂപ ബാങ്ക് ശാഖയിലേക്ക് മാറ്റിയെങ്കിലും ലക്ഷക്കണക്കിന് രൂപ ഇനിയുമുണ്ടെന്നാണ് വിവരം. കറപിടിച്ച് നമ്പറുകൾ മാഞ്ഞവ, ദ്രവിച്ചു പോയവ എന്നിവയെല്ലാം ഇതിലുണ്ട്. എണ്ണിമാറ്റാത്ത കഴിഞ്ഞ മണ്ഡലകാലം മുതലുള്ള കാണിക്കപ്പണവും ഇതിലുണ്ട്.

കേടായ നോട്ടുകള്‍ ബാങ്ക് നിരസിച്ചതിനെ തുടര്‍ന്ന് കറയും അഴുക്കും പിടിച്ച നോട്ടുകൾ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കല്‍ ജോലികള്‍ക്ക് ഒരുങ്ങുകയാണ് ബോര്‍ഡ്. പഴയ ഭണ്ഡാരത്തിൽ എണ്ണിത്തിട്ടപ്പെടുത്താതെ നശിച്ച ലക്ഷങ്ങളുടെ നോട്ടുകൾ മാറ്റിനൽകാനാവില്ലെന്ന് ധനലക്ഷ്മി ബാങ്ക് അറിയിച്ചിട്ടുണ്ട്. കറപിടിച്ചും ദ്രവിച്ചും നമ്പറുകൾ മാഞ്ഞതിനാല്‍ യഥാർത്ഥമൂല്യം നൽകാൻ ആർ.ബി.ഐയുടെ മാനദണ്ഡം അനുവദിക്കുന്നില്ല.

ഇരുമുടിക്കെട്ട് നിറയ്ക്കുമ്പോൾ വെറ്റിലയ്ക്കും അടയ്ക്കക്കുമൊപ്പം നോട്ടോ നാണയമോ രണ്ടുംചേർത്തോ തുണിയിൽ കെട്ടിയാണ് കാണിക്കപ്പണം തയ്യാറാക്കുന്നത്. അഴിച്ച് എണ്ണാനുള്ള സാവകാശമില്ലാത്തതിനാൽ അത് പഴയ ഭണ്ഡാരത്തിലേക്ക് മാറ്റിയതാണ് നോട്ടുകള്‍ നശിക്കാന്‍ കാരണമായത്. ഇതിനൊപ്പം സോപാനത്തെ കൺവെയർ ബെൽറ്റിൽ നോട്ടുകൾ ഞെരുങ്ങിയും കേടുപാടുകള്‍ പറ്റുന്നുണ്ട്.

പഴയ ഭണ്ഡാരത്തിൽ കാണിക്കപ്പണം നശിക്കുന്നതിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നശേഷം പണം എണ്ണിമാറ്റലില്‍ പുരോഗതി ഉണ്ടായിട്ടുണ്ട്. മഹാ കാണിക്കയിലെ എണ്ണലില്‍ ചെറിയ നോട്ടുകൾ മാറ്റി വെച്ചിരിക്കുകയാണ് .ഭക്തരുടെ കാണിക്ക ശേഖരിച്ച് ദിനംപ്രതി 100 മുതൽ 150 ചാക്ക് വരെ പണമാണ് മഹാകാണിക്കയിൽ എത്തിയിരുന്നത്. ഇതുവരെ എണ്ണിയതിൽ 315.46 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍.

നാണയങ്ങൾ എണ്ണി എടുക്കണോ അതോ തൂക്കി എടുക്കണോ എന്ന സംശയത്തിലാണ് ദേവസ്വം ബോർഡ്. ഒരേ മൂല്യമുളള ഭാരം കൂടിയതും കുറ‍ഞ്ഞതുമായ പല നാണയങ്ങൾ തൂക്കി എടുക്കുന്നത് ദേവസ്വം ബോർഡിനു നഷ്ടം ഉണ്ടാക്കുമെന്നു റിപ്പോർട്ട് ഉണ്ടായിരുന്നു. ഭണ്ഡാരം കെട്ടിടത്തിന്റെ മൂന്ന് ഭാ​ഗത്തായി നാണയങ്ങൾ കൂട്ടിയിട്ടിരിക്കുകയാണ്.

Leave a Reply