തലസ്ഥാനത്ത് വീണ്ടും ഗൂണ്ടാവിളയാട്ടം

0

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗൂണ്ടാവിളയാട്ടം. നിയമവാഴ്ചയെ വെല്ലുവിളിച്ചുകൊണ്ട് മംഗലപുരം പായ്ച്ചിറയിൽ പൊലീസിന് നേരെ വീണ്ടും രണ്ടുതവണ ബോംബേറുണ്ടായി. ഉച്ചയ്ക്ക് പൊലീസിനെ ആക്രമിച്ച, യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയായ ഷെഫീക്കാണ് ബോംബെറിഞ്ഞത്. ഈ സംഭവത്തിന് പിന്നാലെ ഷെഫീക്ക് ഓടി രക്ഷപ്പെട്ടിരുന്നു. വീട്ടിൽ തിരിച്ചെത്തിയെന്ന വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ഷെഫീക്കിനെ പിടികൂടാൻ വീണ്ടും പൊലീസെത്തിയപ്പോഴായിരുന്നു രണ്ടാമത്തെ ആക്രമണം.

ഈ വീട്ടിൽ നിന്നും ലഹരി വസ്തുക്കൾ അടങ്ങിയ ബാഗും പൊലീസിന് ലഭിച്ചു. ഇന്ന് ഉച്ചയ്ക്ക് പൊലീസ് എത്തുന്നതിന് മുൻപ് ഈ ബാഗ് ഷെഫീഖിന്റെ ഉമ്മ വീടിന് സമീപം ഒളിപ്പിച്ചിരുന്നു. ഈ വിവരം നാട്ടുകാർ മംഗലപുരം പൊലീസിനെ അറിയിച്ചെങ്കിലും പൊലീസ് പരിശോധിച്ചിരുന്നില്ല.

ഉച്ചയ്ക്ക് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടാൻ വീട്ടിലെത്തിയപ്പോഴാണ് മംഗലപുരം സ്റ്റേഷനിലെ പൊലീസുകാർക്ക് നേരെ ആദ്യ ആക്രമണം ഉണ്ടായത്. പൊലീസുകാർക്ക് നേരെ പ്രതികൾ നാടൻ ബോംബും മഴുവും എറിയുകയായിരുന്നു. അണ്ടൂർക്കോണം സ്വദേശികളായ ഷഫീക്ക്, ഷെമീർ എന്നിവരാണ് പൊലീസിനെ ആക്രമിച്ചത്. പൊലീസുകാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഉച്ചയ്ക്ക് ഷെഫീക്കിന്റെ സഹോദരൻ ഷെമീറിനെ പൊലീസ് പിടികൂടിയിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിച്ച ഷെമീർ, സെല്ലിൽ ബ്ലേഡ് കൊണ്ട് കഴുത്തിൽ വരഞ്ഞ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഷെമീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച വൈകീട്ടാണ് പുത്തൻതോപ്പ് സ്വദേശി നിഖിൽ നോർബെറ്റിനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയത്. ബൈക്ക് തട്ടിയെടുത്ത ശേഷം നിഖിലിന്റെ അടിവസ്ത്രത്തിൽ പടക്കം തിരുകിവച്ചു. വാളുകാട്ടി ഭീഷണിപ്പെടുത്തിയാണ് ബൈക്ക് കടത്തിയത്. സ്വർണകവർച്ച ഉൾപ്പെടെ നിരവധിക്കേസുകളിൽ പ്രതികളാണ് ഷഫീക്കും. ഷെമീറും. ഇവരുടെ നേതൃത്വത്തിലായിരുന്നു കിഡ്‌നാപ്പിങ്. ഷെഫീക്കിന്റെ വീട്ടിൽ കൊണ്ടുപോയി നിഖിലിനെ സംഘം മർദ്ദിച്ചു. നിഖിൽ നോർബറ്റ് നേരത്തെ കഞ്ചാവ് കേസിൽ പ്രതിയാണ്. നിഖിലിനെ മോചിപ്പിക്കാൻ അച്ഛനെ വിളിച്ച് അഞ്ചുലക്ഷം രൂപ ഗുണ്ടാസംഘം ആവശ്യപ്പെട്ടു. ലൊക്കേഷനും അയച്ചു കൊടുത്തു. തുടർന്ന് നിഖിലിന്റെ പിതാവ് കഴക്കൂട്ടം പൊലീസിൽ വിവരമറിയിച്ചു.

മൊബൈൽ ടവർ ലൊക്കേഷൻ പ്രകാരം ഇവർ മേനംകുളത്തിനടുത്താണെന്ന് കഴക്കൂട്ടം പൊലീസ് മനസ്സിലാക്കി. തുടർന്ന് സ്ഥലത്തെത്തിയ പൊലീസിനെ കണ്ട് ഗുണ്ടാസംഘം രക്ഷപ്പെടുകയായിരുന്നു. ഏലായിൽ ക്ഷേത്രത്തിനടുത്തുള്ള ഒഴിഞ്ഞ പുരയിടത്തിൽ ക്രൂര മർദ്ദനമേറ്റ നിലയിലായിരുന്നു നിഖിൽ. തുടർന്ന് പ്രതികൾ കണിയാപുരത്തെ വീട്ടിൽ ഉണ്ടെന്ന വിവരം അറിഞ്ഞ് ഉച്ചയ്ക്ക് സ്ഥലത്തെത്തിയ പൊലീസുകാർക്ക് നേരെയാണ് ആദ്യത്തെ ആക്രമണം നടന്നത്. കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലിസ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസം അഞ്ചുതെങ്ങിലും ഒരു യുവാവിനെ ഇതേ സംഘം തട്ടിക്കൊണ്ടുപോയിരുന്നു.

Leave a Reply