പിഎസ്‌സി മുൻ അംഗം ചെയർമാനായി എട്ടംഗ സമിതി രൂപീകരിച്ചു

0

തിരുവനന്തപുരം: പിഎസ്‌സി മുൻ അംഗം ചെയർമാനായി എട്ടംഗ സമിതി രൂപീകരിച്ചു. പിഎസ്‌സി നിയമനങ്ങൾക്ക് സമയബന്ധിതമായി ഒഴിവു റിപ്പോർട്ട് ചെയ്യുന്നതും മറ്റും പഠിക്കാനാണ് വിരമിച്ച സി.സുരേശനെ ചെയർമാനായി സമിതി രൂപീകരിച്ചത്. പിഎസ്‌സി ഒന്നാം അംഗം എന്ന നിലയിലാണ് സർക്കാർ ഉത്തരവിൽ സി.സുരേശനെ ചെയർമാനായി നിയമിച്ചിരിക്കുന്നത്. എന്നാൽ രണ്ടാഴ്ച മുൻപ് വിരമിച്ച സുരേശന് പ്രോട്ടോക്കോൾ അനുസരിച്ച് ഈ പദവിയിൽ തുടരാൻ സാധിക്കില്ല.

ഏതാനും മാസങ്ങൾക്കു മുൻപ് സർക്കാർ ആവശ്യപ്പെട്ടപ്പോൾ സുരേശന്റെ പേര് പിഎസ്‌സി നിർദേശിച്ചിരുന്നു. എന്നാൽ വിരമിച്ച ശേഷമാണ് നിയമന ഉത്തരവ് ഇറങ്ങിയത്. ചുരുക്കപ്പട്ടികകളുടെ വലുപ്പം നിശ്ചയിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര പഴ്‌സനൽ ആൻഡ് ട്രെയിനിങ് വകുപ്പും ഇതര മന്ത്രാലയങ്ങളും സ്വീകരിച്ചുവരുന്ന സംവിധാനങ്ങളുടെ മാതൃക പഠിക്കുന്നതിനാണ് എട്ടംഗ സമിതി.ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇത്.

സമിതിയിൽ പിഎസ്‌സി അംഗം ഡോ.എസ്.ശ്രീകുമാർ, സംസ്ഥാന പഴ്‌സനൽ ആൻഡ് അഡ്‌മിനിസ്‌ട്രേറ്റീവ് വകുപ്പ് സെക്രട്ടറിയോ പ്രതിനിധിയോ പൊതുഭരണ സെക്രട്ടറിയോ പ്രതിനിധിയോ ന്യൂഡൽഹി റസിഡന്റ് കമ്മിഷണർ, കേരള പിഎസ്‌സി ജി.ആർ വിഭാഗം ജോയിന്റ് സെക്രട്ടറി, കേരള പിഎസ്‌സി ഡിആർ വിഭാഗം ജോയിന്റ് സെക്രട്ടറി, പിഎസ്‌സി അഡിഷനൽ സെക്രട്ടറി (റിക്രൂട്‌മെന്റ് -1) എന്നിവരാണ് അംഗങ്ങൾ. ഈ സമിതി വിശദ പഠനം നടത്തി സമയബന്ധിതമായി സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here