കണ്ണൂർ നഗരത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടുടമയായ സ്ത്രീയെ പുലർച്ചെ ചുട്ടുകൊല്ലാൻ ശ്രമം

0

കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടുടമയായ സ്ത്രീയെ പുലർച്ചെ ചുട്ടുകൊല്ലാൻ ശ്രമം. കണ്ണൂർ നഗരത്തിലെ പാറക്കണ്ടിയിലാണ് സംഭവം. തീയാളി പടരുകയും വീട്ടുസാധനങ്ങൾ പൊട്ടിത്തെറിക്കുകയും ചെയ്യുന്ന ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ വീട്ടുടമയായ സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. തനിച്ചു താമസിക്കുന്ന കൊയ്യങ്കണ്ടി ശ്യാമളയുടെ (62) ഓടിട്ട വീടാണ് കത്തി നശിച്ചത്.

അജ്ഞാത സംഘം തീവെച്ച് നശിപ്പിക്കുകയായിരുന്നുവെന്ന് വീട്ടുടമസ്ഥയായ പാറക്കണ്ടിയിലെ ശ്യാമള ആരോപിച്ചു. തിങ്കളാഴ്‌ച്ച പുലർച്ചെയാണ് സംഭവം. വീടിനകത്തുസൂക്ഷിച്ച സാധനങ്ങൾ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടുവെന്ന് ശ്യാമള പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. നഗരത്തിലെ ശുചീകരണ തൊഴിലാളിയാണ് വീടിന്റെ ഉടമ ശ്യാമള.

ഇവർ നൽകിയ പരാതിയെ തുടർന്ന് കണ്ണൂർ ടൗൺ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കണ്ണൂർ നഗരത്തിലെ പഴയബസ് സ്റ്റാൻഡിന് തൊട്ടടുത്തു നിൽക്കുന്ന സ്ഥലങ്ങളിലൊന്നാണ് പാറക്കണ്ടി. പൊലിസ് സി.സി.ടി.വി ദൃശ്യം പരിശോധിച്ചതിനെ തുടർന്ന് നിർണായകമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. വീടിന് സമീപത്തേക്ക് ഒരാൾ ചൂട്ടുകത്തിച്ചുവരുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് ലഭിച്ചത്. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തീവയ്‌പ്പിനു പിന്നിലെ കാരണമെന്തെന്ന് പൊലിസ് അന്വേഷിച്ചുവരികയാണ്.

തീവയ്‌പ്പിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശനനടപടി പൊലിസ് സ്വീകരിക്കണമെന്ന് സി.പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജൻ ആവശ്യപ്പെട്ടു. തീപിടിത്തത്തിൽ വീട് കത്തിനശിച്ചിട്ടുണ്ട്. വീട്ടുപകരണങ്ങളും എരിഞ്ഞടങ്ങി. വീട്ടിനകത്ത് ഉറങ്ങിക്കിടക്കുന്ന ശ്യാമളയെ അപായപ്പെടുത്തുന്നതിന് വേണ്ടിയാണ് പുലർച്ചെ ആസൂത്രിതമായി തീവെച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. കണ്ണൂർ ടൗൺ സി. ഐ വിനുമോഹന്റെ നേതൃത്വത്തിലാണ് പൊലിസ് കേസന്വേഷണം നടത്തുന്നത്. കണ്ണൂർ നഗരമധ്യത്തിലുണ്ടായ തീവയ്‌പ്പ് പൊലിസ് ഗൗരവകരമായാണ് കാണുന്നത്. വ്യക്തിപരുമായ വൈരാഗ്യമാണോ തീവയ്‌പ്പിനു പിന്നിലെന്ന കാര്യം പൊലിസ് അന്വേഷിക്കുന്നുണ്ട്.

ശ്യാമളയുടെ വിശദമായ മൊഴിരേഖപ്പെടുത്തിയിട്ടുണ്ട്. പാറക്കണ്ടി ബീവേറേജ്സിലെ ശുചീകരണ തൊഴിൽ ചെയ്തു ജീവിക്കുന്ന ശ്യാമള ഇപ്പോൾ വീടില്ലാതെ തെരുവിലായിരിക്കുകയാണ്. തീവയ്‌പ്പിൽ ഏതാനും മുറികൾ മാത്രമുള്ള ഒറ്റനില വീട്ടിലെ മുഴുവൻ ഉപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്. ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥയിലായ ശ്യാമള പൊലിസ് സംരക്ഷണയിലാണുള്ളത്. ഇവർ കുപ്പിയും ആക്രി സാധനങ്ങൾ ശേഖരിക്കുന്ന ജോലിയും ചെയ്തു ഒറ്റയ്ക്കു ജീവിച്ചുവരികയാണ്. ഇതിനുസമാനമായ സാഹചര്യത്തിൽ കഴിഞ്ഞയാഴ്‌ച്ചയും ഇവിടെ തീപിടിത്തമുണ്ടായത്. ഓടുകൾ പൊട്ടിത്തെറിച്ചതുകാരണം വീടുമുഴുവൻ തകർന്നിട്ടുണ്ട്. കണ്ണൂരിൽ നിന്നും ഫയർഫോഴ്സെത്തിയാണ് തീയണച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here