2020-ൽ തീരേണ്ട അമൃത് പദ്ധതികൾക്ക് മൂന്നുവർഷത്തോളം നീട്ടിനൽകിയിട്ടും 163 പ്രവർത്തികൾ നടപ്പായില്ല

0

ആലപ്പുഴ: 2020-ൽ തീരേണ്ട അമൃത് പദ്ധതികൾക്ക് മൂന്നുവർഷത്തോളം നീട്ടിനൽകിയിട്ടും 163 പ്രവർത്തികൾ നടപ്പായില്ല. കാലാവധി മാർച്ചിൽ തീരുന്നതിനാൽ ഒമ്പതു നഗരങ്ങൾക്ക് 917.31 കോടി രൂപ നഷ്ടപ്പെടും. കുടിവെള്ളവിതരണം, മലിനജല സംസ്‌കരണം, കക്കൂസ് മാലിന്യ സംസ്‌കരണം എന്നിവയ്ക്കായി നീക്കിവെച്ച പണമാണ് പ്രധാനമായും നഷ്ടപ്പെടുക. 2015 മുതൽ ഇവയുടെ പൂർത്തീകരണത്തിനായി ശ്രമിച്ചെങ്കിലും 1,440.38 കോടി രൂപ ചെലവിൽ 836 പദ്ധതികൾ മാത്രമാണ് നടപ്പാക്കാനായത്. 163 പദ്ധതികൾ എങ്ങുമെത്താതെ കിടക്കുകയാണ്.

നഗരങ്ങളുടെ അടിസ്ഥാനസൗകര്യം വർധിപ്പിക്കുന്നതിനു കേന്ദ്രസർക്കാർ ആവിഷ്‌കരിച്ചതാണ് അമൃത് പദ്ധതി. ഒന്നാംഘട്ടത്തിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ കോർപ്പറേഷനുകളെയും ഗുരുവായൂർ, ആലപ്പുഴ, പാലക്കാട് നഗരസഭകളെയുമാണ് ഉൾപ്പെടുത്തിയിരുന്നത്. ഇവിടങ്ങളിലേക്കായി 999 പദ്ധതികൾ നഗരകാര്യവിഭാഗം തയ്യാറാക്കി. 2,357.69 കോടി രൂപയും വകയിരുത്തി.

നടക്കാതെ പോയവയിൽ കൂടുതലും കക്കൂസ് മാലിന്യ സംസ്‌കരണത്തിനുള്ള പദ്ധതികളാണ്. പ്രദേശവാസികളുടെ എതിർപ്പും ബോധവത്കരണക്കുറവും മൂലമാണ് ഈ പദ്ധതികൾ നടപ്പാക്കാനാകാതെ പോയതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പകുതിവീതം വിഹിതം നൽകിയാണ് പദ്ധതി നടപ്പാക്കുന്നത്.

മഴക്കാലമെത്തുമ്പോഴേ വെള്ളത്തിൽ മുങ്ങുന്ന നഗരങ്ങളെ അതിൽനിന്ന് രക്ഷിക്കുന്നതിനുള്ള ഓട വിപുലീകരണമാണ് പൂർത്തിയായ പദ്ധതികളിൽ പ്രധാനപ്പെട്ടത്. ഒമ്പതു നഗരങ്ങളിലായി 463 പദ്ധതികൾ ഇതിനായി നടപ്പാക്കി. കുടിവെള്ളവിതരണത്തിന് 137 പദ്ധതികളും മലിനജലം, കക്കൂസ് മാലിന്യം എന്നിവയുടെ സംസ്‌കരണവുമായി ബന്ധപ്പെട്ട് 90-ഉം നടപ്പാത, പാർക്കിങ് എന്നിവയ്ക്കായി 88-ഉം പദ്ധതികളും 58 പാർക്കുകളും പൂർത്തിയാക്കി

LEAVE A REPLY

Please enter your comment!
Please enter your name here