ഹിന്ദു വോട്ടുകള്‍ക്കൊപ്പം മുസ്ളീം ക്രിസ്ത്യന്‍ വോട്ടുകളും വേണം ; സ്നേഹയാത്രകളും സ്കൂട്ടര്‍ റാലിയും പുതിയ തന്ത്രവുമായി ബിജെപി

0

ഡൽഹി: ​കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ കാര്യമായി ചുവടുറപ്പിക്കാന്‍ കഴിയാത്ത ബിജെപി തങ്ങളുടെ പരമ്പരാഗത ഹിന്ദു വോട്ടുകള്‍ക്ക് പുറമേ മുസ്ലീങ്ങളുടേയും ക്രൈസ്തവരുടേയും ഹൃദയത്തിലേക്ക് ചേക്കേറാനുള്ള തന്ത്രങ്ങളുമായി എത്തുന്നു. ഈ ലക്ഷ്യം വെച്ച് സ്നേഹ സമ്മേളനങ്ങളും സ്കൂട്ടര്‍ യാത്രകളും മറ്റും സംഘടിപ്പിക്കാനാണ് ഉദ്ദേശം.

ഇന്ത്യയില്‍ ഉടനീളമായി ബിജെപിയ്ക്ക് വോട്ട് കൂടുതല്‍ സമാഹരിക്കേണ്ട 60 ലോക്സഭാ മണ്ഡലങ്ങളില്‍ ശ്രദ്ധയൂന്നാനാണ് ഉദ്ദേശം. കേരളത്തില്‍ 10 ലോക്സഭാ മണ്ഡലങ്ങളില്‍ പ്രത്യേക പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. ദേശീയ നിര്‍വാഹകസമിതി യോഗത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി മുസ്ലീങ്ങളുടേയും ക്രിസ്ത്യാനികളുടേയും വീടുകളിലേക്ക് പോകാനും അവരുമായി മുഖാമുഖം കാണാനുമുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത്.

വോട്ടു ചെയ്തില്ലെങ്കില്‍ പോലും അവരുമായി സംസാരിക്കാനും പ്രചരണം നടത്താനുമാണ് മോഡി നിര്‍ദേശിച്ചത്. ഒരു മണ്ഡലത്തില്‍ നിന്ന് അയ്യായിരം പേരെയെങ്കിലും പാര്‍ട്ടിയുടെ അഭ്യൂതകാംഷികളാക്കുകയാണ് ഉദ്ദേശം. കേരളത്തില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, ചാലക്കുടി, മലപ്പുറം, പൊന്നാനി, വയനാട്, കോഴിക്കോട്, കാസര്‍കോട് മണ്ഡലങ്ങളാണുള്ളത്. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും ബിജെപിയിലേക്ക് എത്തുന്ന പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി ഡല്‍ഹിയില്‍ റാലി സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here