ഡയറക്‌ടര്‍ പടിയിറങ്ങിയതിനു പിന്നാലെ തെക്കുംതല കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ കൂട്ടരാജി

0

ഡയറക്‌ടര്‍ പടിയിറങ്ങിയതിനു പിന്നാലെ തെക്കുംതല കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ കൂട്ടരാജി. രാജിവച്ച ഡയറക്‌ടര്‍ ശങ്കര്‍ മോഹനെ അനുകൂലിക്കുന്ന ഏഴുപേര്‍ ഇന്നലെ രാജിവച്ചു. ഡീന്‍ ചന്ദ്രമോഹന്‍ നായര്‍, അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫിസര്‍ അനില്‍കുമാര്‍ നായര്‍, സിനിമാറ്റോഗ്രഫി വകുപ്പുമേധാവി ഫൗസിയ ഫാത്തിമ, സിനിമാറ്റോഗ്രഫി അസോസിയേറ്റ്‌ പ്രഫസര്‍ നന്ദകുമാര്‍ മേനോന്‍, ഓഡിയോഗ്രഫി വകുപ്പുമേധാവി പി.എസ്‌. വിനോദ്‌, ഡയറക്ഷന്‍ അസിസ്‌റ്റന്റ്‌ പ്രഫസര്‍ ബബാനി സാമുലി, പ്ര?ഡക്ഷന്‍ കണ്‍ട്രോളര്‍ സന്തോഷ്‌ എന്നിവരാണ്‌ രാജിവച്ചത്‌.
18നു തന്നെ ഡയറക്‌ടര്‍ക്കു രാജിക്കത്തു നല്‍കിയിരുന്നതായാണ്‌ വിവരം. വിദ്യാര്‍ഥികളും ജീവനക്കാരും ചേര്‍ന്ന്‌ ഡയറക്‌ടറെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും ഇതില്‍ പ്രതിഷേധിച്ചാണ്‌ രാജിയെന്നുമാണ്‌ കത്തില്‍ പറയുന്നത്‌.
നേരത്തെ ഡയറക്‌ടര്‍ രാജിവെച്ചാല്‍ കൂടെ ഫാക്കല്‍റ്റികളും പോകുമെന്ന്‌ ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ പോകുന്നതില്‍ സന്തോഷമേയുള്ളൂ എന്നും സ്‌ഥാപനത്തിന്‌ അതുകൊണ്ട്‌ നഷ്‌ടം വരില്ലെന്നും വിദ്യാര്‍ഥികള്‍ പ്രതികരിച്ചു.

സമരം ഒത്തുതീര്‍പ്പായി; അടൂരുമായി സഹകരിക്കില്ലെന്നു വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: കോട്ടയത്തെ കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥി സമരം ഒത്തുതീര്‍പ്പായി. വിദ്യാര്‍ഥി പ്രതിനിധികളും മന്ത്രി ആര്‍. ബിന്ദുവും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ്‌ സമരം തീര്‍പ്പായത്‌.
14 ആവശ്യങ്ങളാണ്‌ വിദ്യാര്‍ഥികള്‍ മുന്നോട്ടുവച്ചത്‌. പുതിയ ഡയറക്‌ടറെ ഉടന്‍ കണ്ടെത്തുമെന്നും അക്കാദമിക്‌ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ ഡയറക്‌ടറെ കണ്ടെത്താന്‍ സെര്‍ച്ച്‌ കമ്മിറ്റി രൂപവത്‌കരിച്ചു. വിദ്യാര്‍ഥികളുടെ പരാതികള്‍ പരിഹരിക്കാന്‍ അക്കാദമിക്‌ സമിതി രൂപീകരിക്കുമെന്നും ചര്‍ച്ചയ്‌ക്കുശേഷം മന്ത്രി പറഞ്ഞു.
വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയിന്മേലുള്ള കേസുകള്‍ രമ്യമായി പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഒഴിഞ്ഞുകിടക്കുന്ന സംവരണ സീറ്റുകള്‍ നികത്തും. സംവരണ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ തീരുമാനിക്കും. കോഴ്‌സ്‌ പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ്‌ വിതരണം മാര്‍ച്ചിനുള്ളില്‍ പൂര്‍ത്തിയാക്കും. ജീവനക്കാരെ ഡയറക്‌ടറുടെ വീട്ടുജോലികള്‍ ചെയ്യിക്കുന്നത്‌ ശരിയായ പ്രവണതയല്ല. ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ആവശ്യങ്ങളില്‍ അനുകൂല നിലപാടുണ്ടായെന്നു വിദ്യാര്‍ഥി പ്രതിനിധികളും പ്രതികരിച്ചു. അനുകൂലമായ നിലപാടാണ്‌ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത്‌. 50 ദിവസം സമരം മുന്നോട്ടുപോയത്‌ ഒരുപാട്‌ പേരുടെ പിന്തുണ കൊണ്ടാണ്‌. ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്‌ണനുമായി ഇനി സഹകരിക്കില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

Leave a Reply