കാര്യവട്ടത്തെ മിന്നും സെഞ്ചുറിക്ക് പിന്നാലെ ഹൈദരാബാദിൽ ഇരട്ട സെഞ്ചുറിയുമായി ഒട്ടേറെ റെക്കോർഡുകൾ പേരിൽ കുറിച്ച് ശുഭ്മൻ ഗിൽ

0

കാര്യവട്ടത്തെ മിന്നും സെഞ്ചുറിക്ക് പിന്നാലെ ഹൈദരാബാദിൽ ഇരട്ട സെഞ്ചുറിയുമായി ഒട്ടേറെ റെക്കോർഡുകൾ പേരിൽ കുറിച്ച് ശുഭ്മൻ ഗിൽ. യുവതാരത്തിന്റെ ബാറ്റിങ് വെടിക്കെട്ടിൽ ന്യൂസീലൻഡിനെതിരെ വമ്പൻ വിജയലക്ഷ്യമാണ് ഇന്ത്യ പടുത്തുയർത്തിയത്. 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ നേടിയത് 349 റൺസ്. ഓപ്പണറായി ഇറങ്ങിയ ഗിൽ 48.2 ഓവറും ക്രീസിൽ നിന്ന ശേഷം 149 പന്തിൽ 208 റൺസെടുത്താണ് മടങ്ങിയത്.

87 പന്തിൽ നിന്നാണ് താരം സെഞ്ചറിയിലെത്തിയത്. 52 പന്തിൽ അമ്പതു കടന്ന ഗിൽ 35 പന്തിൽ സെഞ്ചറി തൊട്ടു. 122 പന്തുകളിൽനിന്ന് 150 റൺസിലേക്കെത്തിയ ഗില്ലിൽ 200 തികയ്ക്കാൻ വേണ്ടിവന്നത് വെറും 23 പന്തുകൾ. ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരമായി മാറി ഗിൽ.

23 വയസ്സുമാത്രം പ്രായമുള്ള ഗിൽ പിന്നിലാക്കിയത് ഇന്ത്യൻ താരം ഇഷാൻ കിഷനെയാണ്. കിവീസിനെതിരായ തകർപ്പൻ പ്രകടനത്തോടെ ഏകദിനത്തിൽ ഏറ്റവും കുറച്ചു മത്സരങ്ങളിൽനിന്ന് 1000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരമെന്ന നേട്ടവും ഗില്ലിന്റെ പേരിലായി. 19 മത്സരങ്ങളിൽനിന്നാണ് ഗിൽ 1000 കടന്നത്. തൊട്ടുപിന്നിലുള്ള വിരാട് കോലി 1000 റൺസ് കടക്കാൻ 24 ഏകദിന മത്സരങ്ങളെടുത്തിരുന്നു.

മികച്ച തുടക്കമാണ് ഹൈദരാബാദിൽ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ഇന്ത്യക്ക് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 12.1 ഓവറിൽ 60 റൺസ് ചേർത്തു. 38 പന്തിൽ 34 റൺസെടുത്ത ഹിറ്റ്മാനെ ടിക്നെർ മടക്കിയപ്പോൾ മൂന്നാമൻ കോലിക്ക് പിഴച്ചു. സ്വപ്ന ഫോമിലുള്ള കിംഗിനെ മിച്ചൽ സാന്റ്നർ ഒന്നാന്തരമൊരു പന്തിൽ ബൗൾഡാക്കി. കാര്യവട്ടത്ത് ലങ്കയ്ക്ക് എതിരായ അവസാന ഏകദിനത്തിൽ കോലി 110 പന്തിൽ 166* റൺസ് നേടിയിരുന്നു.

ഹൈദരാബാദിൽ 10 പന്തിൽ എട്ട് റൺസേ കോലിക്കുള്ളൂ. നാലാമനായി ക്രീസിലെത്തിയ ഇഷാൻ കിഷൻ 14 പന്തിൽ അഞ്ച് റൺസ് മാത്രമെടുത്ത് ലോക്കീ ഫെർഗ്യൂസന്റെ പന്തിൽ എഡ്ജായി വിക്കറ്റിന് പിന്നിൽ ടോം ലാഥമിന്റെ കൈകളിലെത്തി. തന്റെ അവസാന ഏകദിനത്തിൽ ബംഗ്ലാദേശിനെതിരെ റെക്കോർഡ് ഇരട്ട സെഞ്ചുറി(131 പന്തിൽ 210) നേടിയ താരമാണ് കിഷൻ.

26 പന്തിൽ 31 റൺസെടുത്ത സൂര്യകുമാർ യാദവിനെ ഡാരിൽ മിച്ചൽ, സാന്റ്നറുടെ കൈകളിലെത്തിച്ചെങ്കിലും ഒരറ്റത്ത് നിലയുറപ്പിച്ചിരുന്ന ശുഭ്മാൻ ഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടി. ശ്രീലങ്കക്കെതിരായ അവസാന ഏകദിനത്തിൽ സെഞ്ചുറി നേടിയതിന് പിന്നാലെ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും സെഞ്ചുറി നേടിയ ഗിൽ ഏകദിനത്തിൽ അതിവേഗം 1000 റൺസ് തികക്കുന്ന ബാറ്ററെന്ന റെക്കോർഡ് അടിച്ചെടുത്തു. 87 പന്തിൽ കരിയറിലെ മൂന്നാം ഏകദിന സെഞ്ചുറിയിലെത്തിയ ഗിൽ 19 ഇന്നിങ്‌സുകളിൽ നിന്ന് 1000 റൺസ് പൂർത്തിയാക്കി.

38 പന്തിൽ 28 റൺസെടുത്ത ഹാർദിക് പാണ്ഡ്യ, ഡാരിൽ മിച്ചലിന്റെ 40-ാം ഓവറിലെ നാലാം പന്തിൽ പുറത്തായത് തിരിച്ചടിയായി. 40 ഓവർ പൂർത്തിയാകുമ്പോൾ 251-5 എന്ന നിലയിലായിരുന്നു ഇന്ത്യ. അടി തുടർന്ന ഗിൽ 43-ാം ഓവറിൽ 122 ബോളിൽ സിക്സോടെ 150 തികച്ചു. പിന്നാലെ വാഷിങ്ടൺ സുന്ദർ(14 പന്തിൽ 12) പുറത്തായെങ്കിലും ഇന്ത്യ 46-ാം ഓവറിൽ 300 കടന്നു.

എങ്കിലും വാഷിങ്ടൺ സുന്ദറും(14 പന്തിൽ 12), ഷർദ്ദുൽ ഠാക്കൂറും(4 പന്തിൽ 3) പുറത്തായെങ്കിലും 49-ാം ഓവറിൽ ഫെർഗൂസണെതിരെ ആദ്യ മൂന്ന് പന്തുകളിലും സിക്സുകളുമായി ഗിൽ തന്റെ കന്നി ഇരട്ട സെഞ്ചുറി തികച്ചു. അവസാന ഓവറിലെ രണ്ടാം പന്തിൽ ഗ്ലെൻ ഫിലിപ്സിന്റെ പറക്കും ക്യാച്ചിൽ ഗിൽ മടങ്ങി.

രാജീവ് ഗാന്ധി സ്റ്റേഡിയത്തിലെ പിച്ച് സ്പിന്നിനെ പിന്തുണച്ചേക്കും. 2019 മാർച്ചിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു ഈ മൈതാനത്ത് ഇന്ത്യയുടെ അവസാന ഏകദിനം. അന്ന് സ്പിന്നർമാരുടെ മികവിൽ ഓസ്‌ട്രേലിയയെ ഇന്ത്യ 236 റൺസിലൊതുക്കിയിരുന്നു. മത്സരസമയത്ത് തെളിഞ്ഞ കാലാവസ്ഥയാകും. കൂടിയ താപനില 31 ഡിഗ്രി.

LEAVE A REPLY

Please enter your comment!
Please enter your name here