മാധ്യമപ്രവർത്തകനായിരുന്ന ഉണ്ണിത്താനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി എൻ. അബ്ദുൾ റഷീദിന് ഐപിഎസ് കൺഫർ ചെയ്ത് നൽകിയത് ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജിയിൽ ഹൈക്കോടതിയുടെ ഇടപെടൽ

0

കൊച്ചി: മാധ്യമപ്രവർത്തകനായിരുന്ന ഉണ്ണിത്താനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി എൻ. അബ്ദുൾ റഷീദിന് ഐപിഎസ് കൺഫർ ചെയ്ത് നൽകിയത് ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജിയിൽ ഹൈക്കോടതിയുടെ ഇടപെടൽ. 2019-20 വർഷത്തെ ഐപിഎസ് സെലക്ഷൻ ലിസ്റ്റും നടപടി ക്രമങ്ങളും ഹാജരാക്കാൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അധ്യക്ഷനായ ബെഞ്ച് യുപിഎസ്‌സിയോട് ആവശ്യപ്പെട്ടു. ഉണ്ണിത്താൻ വധശ്രമക്കേസ് സംബന്ധിച്ച മുഴുവൻ വിവരങ്ങളും സിബിഐയും ഹാജരാക്കണം. റഷീദിന് ഐപിഎസ് നൽകരുതെന്ന് ആവശ്യപ്പെട്ട് സിബിഐ തിരുവനന്തപുരം യൂണിറ്റ് യു.പി.എസ്.സിക്ക് സമർപ്പിച്ച റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴാം എതിർകക്ഷിയായ അബ്ദുൾ റഷീദിന് പ്രത്യേക ദൂതൻവശം നോട്ടീസ് നൽകാനും കോടതി ഉത്തരവിട്ടു. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

കൊല്ലത്ത് നിന്നുള്ള മുതിർന്ന മാധ്യമപ്രവർത്തകൻ ജി. വിപിനൻ നൽകിയ ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസിന്റെ ഉത്തരവ്. ഹർജിയിൽ കേന്ദ്രസർക്കാർ, യു.പി.എസ്.സി, ഇന്ത്യൻ പൊലീസ് സർവീസ് സെലക്ഷൻ കമ്മറ്റി, കേരള സർക്കാർ, ആഭ്യന്തരാ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡി.ജി.പി, എൻ. അബ്ദുൾ റഷീദ്, സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്‌പി എന്നിവരാണ് എതിർ കക്ഷികൾ. ഐപിഎസ് സെലക്ഷൻ നൽകുന്നതിന് ചേർന്നിട്ടുള്ള സെലക്ഷൻ കമ്മറ്റി യോഗത്തിന്റെ നടപടി ക്രമങ്ങൾ അടക്കമുള്ള ഒറിജിനൽ രേഖകൾ ഹാജരാക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരുൾപ്പെട്ട ബെഞ്ച് പ്രത്യേകം നിഷ്‌കർഷിച്ചു.

2020 വർഷത്തെ സെലക്ഷൻ പട്ടികയിൽ ആറാം നമ്പരുകാരനായിട്ടാണ് റഷീദിന് സെലക്ഷൻ ലഭിച്ചത്. 2019 ലെ പട്ടികയിൽ യു.പി.എസ്.സി തന്നെ അൺഫിറ്റ് എന്ന് രേഖപ്പെടുത്തിയ ആൾക്കാണ് തൊട്ടടുത്ത വർഷത്തെ പട്ടികയിൽ രണ്ടാമത് തന്നെ നിയമനം ലഭിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിൽ കോടതി യു.പി.എസ്.സിയോട് റിപ്പോർട്ട് തേടിയിരുന്നു. യു.പി.എസ്.സി കോൺസൽ നൽകിയ റിപ്പോർട്ടിന്റെ ആറാമത്തെ ഖണ്ഡികയിൽ അബ്ദുൾ റഷീദ് 2019 ലെ സെലക്ഷൻ പട്ടികയിൽ അൺഫിറ്റ് ആയിരുന്നുവെന്ന് പറയുന്നു. അതു കൊണ്ട് തന്നെ ആ വർഷത്തെ സെലക്ഷനിൽ നിന്നും റഷീദിനെ ഒഴിവാക്കി. എന്നാൽ 2020 ലെ സെലക്ഷൻ ലിസ്റ്റിൽ റഷീദിന്റെ പെർഫോമൻസ് വെരിഗുഡ് എന്ന് ചേർത്തിരുന്നതിനാൽ ആറാം നമ്പരുകാരനായി നിയമനം നൽകിയെന്നുമാണ് റിപ്പോർട്ടിലുള്ളത്. അൺഫിറ്റ് ആയിരുന്ന ഒരാൾ ഒരു വർഷം കൊണ്ട് എങ്ങനെ വെരിഗുഡ് ആയി എന്നതിന് കൃത്യമായ വിശദീകരണം യു.പി.എസ്.സി കോൺസലിന്റെ റിപ്പോർട്ടിൽ ഉണ്ടായിരുന്നില്ല. ഇതേ തുടർന്നാണ് സെലക്ഷൻ കമ്മറ്റിയുടെ നടപടിക്രമങ്ങളുടെ ഒറിജിനൽ രേഖകൾ ഹാജരാക്കാൻ കോടതി ഉത്തരവിട്ടിരിക്കുന്നത് എന്ന് വേണം കരുതാൻ.

അതു പോലെ തന്നെ റഷീദിന് ഐ.പി.എസ് നൽകരുതെന്നാവശ്യപ്പെട്ട് സിബിഐ തിരുവനന്തപുരം യൂണിറ്റ് യു.പി.എസ്.സിക്ക് കത്ത് നൽകിയിരുന്നു. സെലക്ഷൻ കമ്മറ്റി വേളിയിൽ ഈ കത്ത് പൂഴ്‌ത്തി വച്ചതായി ആരോപണം ഉയർന്നിരുന്നു. ഈ വിവരം മറുനാടനും പുറത്തു വിട്ടിരുന്നു. ഇതു സംബന്ധിച്ച രേഖകളും ഹാജരാക്കാൻ സിബിഐ തിരുവനന്തപുരം യൂണിറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജി വിപിനന് വേണ്ടി അഡ്വ. സി. ഉണ്ണിക്കൃഷ്ണൻ, സീനിയർ കോൺസൽ എം.ആർ. രാജേന്ദ്രൻ നായർ എന്നിവർ ഹാജരായി. നിലവിൽ കഴക്കൂട്ടം വുമൺസ് ബറ്റാലിയനിൽ കമാൻഡന്റ് ആണ് അബ്ദുൾ റഷീദ്.

Leave a Reply