ഒട്ടേറെപ്പേരെ കാട്ടാനകളില്‍നിന്നു രക്ഷിച്ച്‌ ശ്രദ്ധേയനായ വനംവകുപ്പ്‌ താത്‌കാലിക വാച്ചറും ഒടുവില്‍ ആനക്കലിക്ക്‌ ഇരയായി

0

ഒട്ടേറെപ്പേരെ കാട്ടാനകളില്‍നിന്നു രക്ഷിച്ച്‌ ശ്രദ്ധേയനായ വനംവകുപ്പ്‌ താത്‌കാലിക വാച്ചറും ഒടുവില്‍ ആനക്കലിക്ക്‌ ഇരയായി. കോഴിപ്പനക്കുടി സ്വദേശി ശക്‌തിവേലി(51)നെയാണു കാട്ടാനക്കൂട്ടം കൊലപ്പെടുത്തിയത്‌.
പന്നിയാര്‍ എസ്‌റ്റേറ്റിനു സമീപം ആറ്‌ പിടിയാനകളും രണ്ട്‌ കുട്ടിയാനകളും നിലയുറപ്പിച്ചതറിഞ്ഞാണ്‌ ഇന്നലെ രാവിലെ ആറരയോടെ ശക്‌തിവേല്‍ സ്‌ഥലത്തെത്തിയത്‌.
എന്നാല്‍, കനത്ത മഞ്ഞായിരുന്നതിനാല്‍ ആനകളെ ദൂരെനിന്നു കാണാന്‍ കഴിഞ്ഞില്ലെന്നു കരുതപ്പെടുന്നു. അക്രമാസക്‌തരായ ആനക്കൂട്ടം ശക്‌തിവേലിനെ തേയിലക്കാടിനുള്ളില്‍ ചവിട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രാവിലെ നടന്ന സംഭവം ഉച്ചയ്‌ക്കു പന്ത്രണ്ടോടെയാണു നാട്ടുകാരറിഞ്ഞത്‌.
പ്രദേശത്തെ കാട്ടാനകളെക്കുറിച്ചു വ്യക്‌തമായ ധാരണയുണ്ടായിരുന്ന ശക്‌തിവേല്‍, മുമ്പ്‌ റോഡിലേക്കിറങ്ങാന്‍ ശ്രമിച്ച ആനയെ ശാസിച്ചോടിക്കുന്ന വീഡിയോ വൈറലായിരുന്നു. കാട്ടാനക്കൂട്ടത്തെ നിരീക്ഷിച്ച്‌ വനംവകുപ്പ്‌ അധികൃതരെ വിവരമറിയിക്കാനും നാട്ടുകാര്‍ക്കു മുന്നറിയിപ്പ്‌ നല്‍കാനുമാണു ശക്‌തിവേല്‍ പന്നിയാറിലെത്തിയത്‌. ഫോണില്‍ വിളിച്ചിട്ടു കിട്ടാതായതോടെ ബന്ധുക്കളും നാട്ടുകാരും എസ്‌റ്റേറ്റിലെ വനാതിര്‍ത്തിയോടു ചേര്‍ന്ന്‌ നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ദേഹമാസകലം ചതഞ്ഞരഞ്ഞ നിലയിലായിരുന്നു.
പോലീസ്‌ എത്തുന്നതിനു മുമ്പ്‌ വനംവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ മൃതദേഹം അടിമാലി താലൂക്കാശുപത്രിയിലേക്കു കൊണ്ടുപോയതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന്‌, കാട്ടാനശല്യത്തിനു ശാശ്വതപരിഹാരമാവശ്യപ്പെട്ട്‌ ഉച്ചകഴിഞ്ഞ്‌ മൂന്നുമുതല്‍ തോണ്ടിമലയില്‍ കൊച്ചി-ധനുഷ്‌കോടി ദേശീയപാത ഉപരോധിച്ചു. ശാന്തിയാണു ശക്‌തിവേലിന്റെ ഭാര്യ. മക്കള്‍: രാധിക, വനിത, പ്രിയ. മരുമക്കള്‍: കുമാര്‍, രാജ.

Leave a Reply