ശബരിമലയില്‍ കേന്ദ്രസേനയെ നയിക്കുന്നത്‌ മലയാളി

0


ശബരിമല: ഒന്നര പതിറ്റാണ്ടായി ശബരിമലയിലെ സുരക്ഷ ഒരുക്കുന്ന കേന്ദ്ര സേനയെ നയിക്കുന്നത്‌ മലയാളി. 2008 ല്‍ ആണ്‌ കേന്ദ്ര സേനയായ ആര്‍.എ.എഫിനെ സന്നിധാനത്ത്‌ നിയോഗിക്കുന്നത്‌. അന്നുമുതല്‍ ആര്‍.എ.എഫിന്റെയും ഇടക്കാലത്ത്‌ ദേശീയ ദുരന്ത നിവാരണ സേനയുടെയും ചുമതലക്കാരനായി കൊല്ലം നീരാവില്‍ സ്വദേശി ജി. വിജയന്‍ ശബരിമലയില്‍ സേവനം അനുഷ്‌ടിക്കുകയാണ്‌.
കേന്ദ്ര ദ്രുതകര്‍മ സേന കോയമ്പത്തൂരിലെ 105 ബറ്റാലിയനിലെ ഡെപ്യൂട്ടി കമാന്‍ഡന്റായ ഇദ്ദേഹം നടതുറന്ന ദിവസം മുതല്‍ സന്നിധാനത്തുണ്ട്‌. ഇക്കുറി ഒരു കമ്പനി കേന്ദ്രസേനയെയാണ്‌ വിന്യസിച്ചിരിക്കുന്നത്‌.
കേന്ദ്ര ദ്രുതകര്‍മ്മസേനയുടെ ഡെപ്യൂട്ടി കമാന്‍ഡന്റായി 2008 മുതല്‍ 14 വരെ സന്നിധാനത്തുണ്ടായിരുന്നു. 2015 മുതല്‍ 20 വരെ ദേശീയ ദുരന്ത നിവാരണ സേനയിലേക്ക്‌ ഡെപ്യൂട്ടേഷനില്‍ പോയപ്പോള്‍ ഈ സേനയുടെയും സന്നിധാനത്തെ ചുമതല വഹിച്ചു. 2021 മുതല്‍ കേന്ദ്ര ദ്രുതകര്‍മ്മസേന ഡപ്യൂട്ടി കമാന്‍ഡന്റായി വീണ്ടും സന്നിധാനത്ത്‌.
2013 ല്‍ ആന്ധ്രയില്‍ ആഞ്ഞു വീശിയ പൈലിന്‍ കൊടുങ്കാറ്റ്‌, 2014 ലെ കുദ്‌കുദ്‌കൊടുങ്കാറ്റ്‌, 2015 ലെ തമിഴ്‌നാട്ടിലെ വെള്ളപ്പൊക്കം, 2018 ല്‍ കേരളത്തില്‍ വിനാശം വിതച്ച പ്രളയം തുടങ്ങിയ ദുരന്തവേളകളില്‍ എന്‍.ഡി.ആര്‍.എഫിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്‌ ജി. വിജയനാണ്‌. ഇതിന്‌ നിരവധി അംഗീകാരങ്ങളും ലഭിച്ചു.
സന്നിധാനത്ത്‌ തിരക്ക്‌ നിയന്ത്രിക്കാന്‍ ജി. വിജയന്റെ നേതൃത്വത്തില്‍ കേന്ദ്രസേന നടത്തിയ പ്രവര്‍ത്തനത്തിനു ഹൈക്കോടതിയുടെ അഭിനന്ദനവും ലഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here