പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. സ്വകാര്യ ഭൂമിയിലെ തെങ്ങും പനകളും അടക്കം ആനകൾ നശിപ്പിച്ചു. രണ്ട് കുട്ടിയാനകൾ ഉൾപ്പെടെ അഞ്ച് ആനകളാണ് പ്രദേശത്ത് ഭീതി പടർത്തിയത്.
നാട്ടുകാർ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ ആനകളെ കാട്ടിലേക്ക് കടത്തി. മുമ്പ് ധോണിയെ വിറപ്പിച്ചിരുന്ന പിടി സെവൻ എന്ന കാട്ടുകൊമ്പനെ വനംവകുപ്പ് പിടികൂടിയിരുന്നു. ഇതിന് ശേഷമാണ് വീണ്ടും ധോണിയിൽ ആനക്കൂട്ടം ഇറങ്ങുന്നത്.
അട്ടപ്പാടിയിലും കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. ഇടുക്കി 301 കോളനിയിൽ വീണ്ടും അരിക്കൊമ്പന്റെ പരാക്രമം. കോളനിയിലെ ഷെഡ് തകർത്തു. ഷെഡിലുണ്ടായിരുന്ന യശോധരൻ കൊമ്പന്റെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പുലർച്ചെ നാലു മണിക്കായിരുന്നു അരിക്കൊമ്പന്റെ ആക്രമണം.