ജമ്മു കശ്മീരില്‍ ഇരട്ട സ്‌ഫോടനത്തില്‍ 6 പേര്‍ക്ക് പരിക്ക്

0

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ജമ്മു റെയില്‍വേ സമീപമുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. നര്‍വാള്‍ എന്ന സ്ഥലത്താണ് ശനിയാഴ്ച രാവിലെ സ്‌ഫോടനമുണ്ടായത്. കാറുകളില്‍ സ്ഥാപിച്ചിരുന്ന ഐഇഡി പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ജമ്മു എഡിജിപി അറിയിച്ചു.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിച്ചിരിക്കേയാണ് സ്‌ഫോടനം. ഇത് സുരക്ഷാ സംവിധാനത്തില്‍ വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. റിപ്പബ്ലിക് ദിനാഘോഷം അടുത്തയാഴ്ച നടക്കാനിരിക്കേയാണ് സ്ഫോടനം. ജമ്മുവില്‍ സുരക്ഷ ശക്തമാക്കി എന്ന് കേന്ദ്രസര്‍ക്കാര്‍ പറയുനേ്പാഴാണ്തിരക്കേറിയ മേഖലയില്‍ ഇരട്ട സ്ഫോടനം നടക്കുന്നത്.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഒരാളുടെ നില ഗുരുതരമാണ്. കൂടുതല്‍ സ്‌ഫോടനങ്ങള്‍ നടന്നേക്കുമെന്ന സംശയത്തില്‍ പ്രദേശം പോലീസ് നിയന്ത്രണത്തിലായി. വാഹനങ്ങള്‍ എല്ലാം പരിശോധിക്കുകയാണ്. സൈന്യവും ബോംബ് സ്​ക്വാഡും സ്ഥലത്തെത്തി പരിശോധന തുടങ്ങി.

രാവിലെ 10.30ന് 11.30നും ഇടയ്ക്കാണ് സ്ഫോടനം. വാഹനങ്ങളുടെ അറ്റക്കുറ്റപ്പണി നടക്കുന്ന യാര്‍ഡിലാണ് ആദ്യ സ്ഫോടനം. യാര്‍ഡിലേക്ക് എത്തിയ കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. വൈകാതെ രണ്ടാമത്തെ കാറും പൊട്ടിത്തെറിക്കുകയായിരുന്നു.

അതിനിടെ, ബില്ലവറിലെ ധാനു പറോലെയില്‍ വെള്ളിയാഴ്ചയുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്. കൗഗില്‍ നിന്ന് ദാന്നു പരോലെയിലേക്ക് പോയ ജീപ്പ് കൊക്കയിലേക്ക് മറിയുകയായിരുന്നു.

Leave a Reply