ഇന്ത്യ – യുഎഇ പങ്കാളിത്ത ഉച്ചകോടി സംഘടിപ്പിച്ചു

0

ദുബായ്: ദുബായ് ചേമ്പേഴ്‌സ് ആസ്ഥാനത്ത് വെച്ച് ഇന്ത്യ – യു എ ഇ പങ്കാളിത്ത ഉച്ചകോടി സംഘടിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബിസിനസ്സ് ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, സാമ്പത്തിക ബന്ധങ്ങൾ വർദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഉച്ചകോടി സംഘടിപ്പിച്ചത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ഭക്ഷ്യ-കാർഷിക ഉൽപന്നങ്ങൾ പോലുള്ള പ്രധാന മേഖലകൾക്കും, രത്ന ആഭരണ മേഖലക്കും സ്വാഭാവിക ഉത്തേജനം നൽകിയിട്ടുണ്ടെന്ന് ഉച്ചകോടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഇന്ത്യൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പിയുഷ് ഗോയൽ പറഞ്ഞു.

രൂപ-ദിർഹം വ്യാപാരം, വെർച്വൽ വ്യാപാര ഇടനാഴി, ഭക്ഷ്യ ഇടനാഴി, ഇരുരാജ്യങ്ങളുടെയും സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം എന്നിവയെ സ്വാധീനിക്കുന്ന വിവിധ സഹകരണ സാധ്യതകൾ അദ്ദേഹം ചൂണ്ടിക്കാട്ടി. തുണിത്തരങ്ങൾ, ഹരിത ഊർജം (കാറ്റ്, സൗരോർജ്ജം, ജലം), കണക്റ്റിവിറ്റി ഇൻഫ്രാസ്ട്രക്ചർ (വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, റോഡുകൾ), മാലിന്യ സംസ്കരണം തുടങ്ങിയ മേഖലകളും ഇരു രാജ്യങ്ങൾക്കും അവസരമുള്ള മേഖലകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ ശ്രീ. സഞ്ജയ് സുധീർ, എസ്സ അൽ ഗുറൈർ ഇൻവെസ്റ്റ്‌മെൻ്റ് ചെയർമാൻ എസ്സ അബ്ദുല്ല അൽ ഗുറൈർ, ഇന്ത്യയിലെ മുൻ യു എ ഇ അംബാസഡർ ഡോ.അഹമ്മദ് അബ്ദുൾ റഹ്മാൻ അൽ ബന്ന ഉൾപ്പെടെയുള്ള പ്രധാന പ്രഭാഷകരും അന്താരാഷ്ട്ര പാനലിസ്‌റ്റുകളും ബിസിനസ്സ് നേതാക്കളും ഈ ഉച്ചകോടിയിൽ പങ്കെടുത്തു.

Leave a Reply