ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ അധികാരം നേടിയ കോൺഗ്രസ് മുഖ്യമന്ത്രിയെ കണ്ടെത്താനായി ചർച്ചകൾ ആരംഭിക്കാനിരിക്കെ, ഒരു മുഴം മുമ്പേ എറിഞ്ഞ് പാർട്ടി സംസ്ഥാന അധ്യക്ഷ പ്രതിഭ സിങ്

0

ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ അധികാരം നേടിയ കോൺഗ്രസ് മുഖ്യമന്ത്രിയെ കണ്ടെത്താനായി ചർച്ചകൾ ആരംഭിക്കാനിരിക്കെ, ഒരു മുഴം മുമ്പേ എറിഞ്ഞ് പാർട്ടി സംസ്ഥാന അധ്യക്ഷ പ്രതിഭ സിങ്. മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചാണ് പ്രതിഭ രംഗത്തുവന്നത്. കോൺഗ്രസ് നേതൃത്വത്തിന് മുന്മുഖ്യമന്ത്രി വീർഭദ്ര സിങ്ങിന്റെ കുടുംബത്തെ തള്ളിക്കളയാനാകില്ലെന്ന് പ്രതിഭ പറഞ്ഞു.

വീർഭദ്രസിങ്ങിന്റെ പേരും ചിത്രവുമെല്ലാം ഉപയോഗിച്ചാണ് കോൺഗ്രസ് വോട്ടുതേടിയത്. അദ്ദേഹത്തിന്റെ പേരും മുഖവും കുടുംബവുമെല്ലാം ഉപയോഗിച്ച ശേഷം മറ്റൊരാൾക്ക് ക്രെഡിറ്റ് നൽകരുത്. ഹൈക്കമാൻഡ് ഇത് ചെയ്യില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്, വീർഭദ്രസിങ്ങിന്റെ ഭാര്യയും ഹിമാചൽ പ്രദേശ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ പ്രതിഭ സിങ് പറഞ്ഞു.

തന്നെ പാർട്ടി സംസ്ഥാന അധ്യക്ഷയാക്കിക്കൊണ്ട് 68 മണ്ഡലങ്ങളിലും പ്രവർത്തിക്കാനും പാർട്ടിയെ അധികാരത്തിൽ തിരിച്ചെത്തിക്കാനുമാണ് സോണിയാഗാന്ധി ആവശ്യപ്പെട്ടത്. താനത് ആത്മാർത്ഥമായി ചെയ്തു. അതിന്റെ ഫലം നിങ്ങൾക്ക് ഇപ്പോൾ കാണാവുന്നതാണെന്നും പ്രതിഭ സിങ്ങ് പറഞ്ഞു. മാൻഡി ലോക്സഭ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് നിലവിൽ പ്രതിഭ. ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതിഭ സിങ്ങ് മത്സരിച്ചിരുന്നില്ല.

പ്രതിഭ സിങ്ങിന്റെ പേരിനൊപ്പം മുഖ്യമന്ത്രി പദത്തിലേക്ക് മറ്റ് രണ്ട് പേരുകളും ഉയർന്നു വന്നിട്ടുണ്ട്. കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ സുഖ്വിന്ദർ സിങ് സുഖു, നിലവിലെ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരുടെ പേരുകളും പരിഗണിക്കപ്പെടുന്നുണ്ട്. നിയമസഭ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനായി വൈകീട്ട് മൂന്നുമണിക്കാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗം വിളിച്ചിട്ടുള്ളത്.

മുഖ്യമന്ത്രിസ്ഥാനത്തേക്ക് പല പേരുകളും കേൾക്കുന്നുണ്ടെന്നും, എല്ലാ കാര്യങ്ങളും പരിഗണിച്ചശേഷമാകും തീരുമാനമുണ്ടാകുക എന്നും വീർഭദ്രസിങ്ങിന്റെ മകനും എംഎൽഎയുമായ വിക്രമാദിത്യ സിങ്ങ് പറഞ്ഞു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരാണ് അവരുടെ നേതാവ് ആരാണെന്ന് നിശ്ചയിക്കേണ്ടത്. അത് അവരുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്. എംഎൽഎമാരുടെ തീരുമാനം ഹൈക്കമാൻഡ് അംഗീകരിക്കുമെന്നും വിക്രമാദിത്യ സിങ്ങ് പറഞ്ഞു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ യോഗം ചേർന്ന് നിയമസഭാ കക്ഷി നേതാവ് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാൻ കോൺഗ്രസ് പ്രസിഡന്റിനെ ചുമതലപ്പെടുത്തുമെന്നാണ് സൂചന. നാലു പതിറ്റാണ്ടുകാലം ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രിയായിരുന്നു വീർഭദ്രസിങ്ങ്. ഹിമാചൽ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 68 ൽ 40 സീറ്റ് നേടിയാണ് കോൺഗ്രസ് ഭരണം തിരിച്ചു പിടിച്ചത്.

മുഖ്യമന്ത്രി പദം സംബന്ധിച്ച ചർച്ചകൾക്കായി ഇന്ന് വിജയിച്ച സ്ഥാനാർത്ഥികളുടെ യോഗം നേതൃത്വം വിളിച്ച് ചേർത്തിട്ടുണ്ട്. ഇന്ന് 12 മണിക്ക് ഷിംലയിലാണ് യോഗം തീരുമാനിച്ചത്. കോൺഗ്രസ് മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ പത്നിയായ പ്രതിഭ 2004 ലാണ് ആദ്യമായി ലോകസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. മൂന്ന് വട്ടം എംഎൽഎയായ സുഖ്വിന്ദർ സിങ് സുഖു കോൺഗ്രസ് അധ്യക്ഷനായിരുന്നു. മുകേഷ് അഗ്നിഹോത്രിയാകട്ടെ, നാല് വട്ടം എംഎൽഎയും പ്രതിപക്ഷ നേതൃസ്ഥാനവും വഹിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here