മറനീക്കുന്നത്‌ കണ്ണൂര്‍ പാര്‍ട്ടിയിലെ ഭിന്നത

0


കണ്ണൂര്‍ : സി.പി.എമ്മിന്റെ ശക്‌തികേന്ദ്രമായ കണ്ണൂരില്‍ പാര്‍ട്ടിക്കുള്ളില്‍ ഉരുണ്ടുകൂടിയ ഭിന്നത മറനീക്കി പുറത്തുവരുന്നു. സംസ്‌ഥാന കമ്മിറ്റി യോഗത്തില്‍ കേന്ദ്ര കമ്മിറ്റി അംഗവും എല്‍.ഡി.എഫ്‌. കണ്‍വീനറുമായ ഇ.പി. ജയരാജനെതിരേ പി. ജയരാജന്‍ ആരോപണം ഉന്നയിച്ചത്‌ അതിന്റെ ഭാഗമാണ്‌. കോടിയേരി സെക്രട്ടറിയായിരുന്ന കാലത്ത്‌ നയപരമായി ഒതുക്കിവച്ചിരുന്ന വിഷയങ്ങള്‍ എം.വി. ഗോവിന്ദന്‍ സെക്രട്ടറിയായ പുതിയ രാഷ്‌ട്രീയ സാഹചര്യത്തെത്തുടര്‍ന്നാണു വീണ്ടും ഉയര്‍ന്നുവരുന്നതും പൊട്ടിത്തെറിയിലേക്ക്‌ നീങ്ങുന്നതും. ഫലത്തില്‍ കണ്ണൂരിലെ പ്രശ്‌നപരിഹാരം എം.വി. ഗോവിന്ദനു വലിയ പരീക്ഷണമായേക്കും.
ആന്തൂര്‍ വിഷയമടക്കം മുന്‍പ്‌ രൂപപ്പെട്ട ഭിന്നതയിലും വിഭാഗീയതയിലും ഭാഗഭാഗക്കായിരുന്നു എം.വി. ഗോവിന്ദന്‍. റിയല്‍ എസ്‌റ്റേറ്റ്‌ ബന്ധങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ കണ്ണൂര്‍ പാര്‍ട്ടിക്കുള്ളില്‍ മുന്‍പും ഇ.പി. ജയരാജനെതിരേ എം.വി. ഗോവിന്ദന്‍ നിലപാട്‌ സ്വീകരിച്ചിട്ടുണ്ട്‌. കല്യാശ്ശേരിയില്‍ കെ.എസ്‌.കെ.ടി.യു. കൊടി നാട്ടിയ വയലില്‍ മാര്‍ബിള്‍ കമ്പനിക്ക്‌ സ്‌ഥാപനം തുടങ്ങാന്‍ ഇ.പി.യുടെ നേതൃത്വത്തില്‍ അനുമതി നേടിക്കൊടുത്തതടക്കമുള്ള വിഷയങ്ങളിലായിരുന്നു വിയോജിപ്പ്‌.
നേരത്തേ പി. ജയരാജനെതിരായ വ്യക്‌തിപൂജാ വിവാദം പാര്‍ട്ടിയില്‍ ഉയര്‍ത്തിക്കൊണ്ടുവന്നതും എം.വി. ഗോവിന്ദനാണ്‌. എന്നാല്‍ സമീപകാലത്ത്‌ ചില സമവാക്യങ്ങള്‍ കണ്ണൂരില്‍ രൂപപ്പെട്ടിട്ടുണ്ട്‌. ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി തുടങ്ങിയ നേതാക്കള്‍ക്കെതിരേ ശക്‌തമായ ഭിന്നത ചില നേതാക്കള്‍ക്കിടയില്‍ സൃഷ്‌ടിക്കപ്പെട്ടിട്ടുണ്ട്‌. ഇതു ജാതീയമായ വേര്‍തിരിവുകളുടെ ഭാഗമാണെന്ന ആക്ഷേപവുമുണ്ട്‌.
ഇ.പി. കുറച്ചുകാലമായി പാര്‍ട്ടിയോടു പിണക്കത്തിലുമാണ്‌. അദ്ദേഹം സജീവ രാഷ്‌്രടീയത്തോടു വിട പറയുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പോലും പുറത്തു വന്നിരുന്നു. എം.വി. ഗോവിന്ദന്‍ പി. ബി. അംഗമായതുമുതലാണ്‌ ഈ അകല്‍ച്ചയെന്നാണ്‌ ആക്ഷേപം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ആരോഗ്യപരമായ കാരണങ്ങളാല്‍ താന്‍ സജീവരാഷ്ര്‌ടീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന്‌ ജയരാജന്‍ പറഞ്ഞുവെങ്കിലും അദ്ദേഹത്തിന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ സ്‌ഥാനം നല്‍കി. എന്നാല്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും കാര്യമായ സ്വാധീനം ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. കോടിയേരിയുടെ ഒഴിവില്‍ തന്നെ പി.ബി സ്‌ഥാനത്തേക്ക്‌ പരിഗണിക്കുമെന്നും ജയരാജന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, എം.വി ഗോവിന്ദനെയാണു പരിഗണിച്ചത്‌. ആ പദവിയിലേക്ക്‌ നിലവില്‍ കേരളത്തില്‍ നിന്നുള്ള ഏറ്റവും അനുയോജ്യന്‍ എം.വി. ഗോവിന്ദന്‍ തന്നെയാണെന്നു ഇ.പി. ജയരാജന്‍ അഭിപ്രായപ്പെട്ടെങ്കിലും പാര്‍ട്ടിയുമായും മമുഖ്യമന്ത്രി പിണറായി വിജയനുമായും ഇതോടെ അദ്ദേഹം അകലാന്‍ തുടങ്ങി.
കേന്ദ്ര കമ്മിറ്റി അംഗവും എല്‍.ഡി.എഫ്‌ കണ്‍വീനറുമായി മുതിര്‍ന്ന നേതാവിനെതിരെ കണ്ണൂരിലെതന്നെ പ്രമുഖ നേതാവ്‌ ഗുരുതരമായ ആരോപണം ഉന്നയിക്കുന്നത്‌ സമീപകാലത്ത്‌ ആദ്യമാണ്‌. പാര്‍ട്ടി നേതൃത്വവുമായി അഭിപ്രായ വ്യത്യാസം തുടരുന്ന പി. ജയരാജനില്‍ നിന്ന്‌ കടുത്ത തീരുമാനം ഉണ്ടായേക്കുമെന്ന്‌ എല്ലാവരും പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ സി.പി.എം സമ്മേളനത്തില്‍ സംസ്‌ഥാന സെക്രട്ടേറിയറ്റില്‍ പി.ജയരാജന്‍ വരുമെന്ന്‌ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അദ്ദേഹത്തെ ഖാദി ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ സ്‌ഥാനത്തു നിയമിക്കുകയാണ്‌ ചെയ്‌തത്‌.
കണ്ണൂരില്‍ അണികളുടെ പിന്തുണ ഏറ്റവും കൂടുതലുള്ള സി.പി.എം നേതാവാണ്‌ പി. ജയരാജന്‍. പാര്‍ട്ടി നേതൃത്വം പി.ജയരാജനെ ഒതുക്കിയ ഘട്ടങ്ങളില്ലൊം ജയരാജന്റെ പാര്‍ട്ടിക്കൂറും സിസ്വാര്‍ത്ഥ സേവനവും വാഴ്‌ത്തിപ്പാടാന്‍ അണികള്‍ ഉദാഹരണമാക്കിയത്‌ ഇ.പി. ജയരാജന്റെ സാമ്പത്തിക നിലയും മക്കളുടെ ഉന്നത ബന്ധങ്ങളും ചൂണ്ടിക്കാട്ടിയാണ്‌. ഇത്‌ പി. ജയരാജനും ഇ.പി. ജയരാജനും ഇടയില്‍ ഒരു ശീതസമരം സൃഷ്‌ടിച്ചിരുന്നു.

Leave a Reply