അഞ്ചാംക്ലാസിലെ എൻട്രൻസ് പരീക്ഷയും ക്രിക്കറ്റ് സ്കോർ നോക്കാനുള്ള ഓട്ടപ്പാച്ചിലും- തലശേരി സെന്‍റ് ജോസഫ്സിലെ പഠനകാലം ഓര്‍ത്തെടുത്ത് കേന്ദ്രമന്ത്രി വി.മുരളീധരന്‍
തലശേരി സെന്‍റ് ജോസഫ്സ് സ്കൂളിന്റെ നൂറാം വാർഷികാഘോഷം ഉദ്ഘാടകനായി പൂര്‍വകാല വിദ്യാര്‍ത്ഥി കേന്ദ്രമന്ത്രി വി.മുരളീധരൻ

0


നൂറാംവാർഷികമാഘോഷിക്കുന്ന തലശേരി സെന്റ് ജോസഫ്‌സ് സ്‌കൂളിലെ വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി വി.മുരളീധരൻ നിർവഹിക്കുന്നു
നൂറാംവാർഷികമാഘോഷിക്കുന്ന തലശേരി സെന്‍റ് ജോസഫ്സ് സ്കൂളിലെ പഠനകാലം ഓർത്തെടുത്ത് കേന്ദ്രമന്ത്രി വി.മുരളീധരൻ. വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവേളയിലായിരുന്നു മന്ത്രിയുടെ വൈകാരികപ്രസംഗം. സെന്‍റ് ജോസഫ്സിന്‍റെ പേരും പെരുമയും അറിയാവുന്ന അധ്യാപികയായ അമ്മയുടെ ആഗ്രഹമായിരുന്നു അഞ്ചാം ക്ലാസ് എ ഡിവിഷനിലേക്ക് ലഭിച്ച പ്രവേശനത്തിന് പിന്നിലെന്ന് കേന്ദ്രമന്ത്രി ഓർത്തെടുത്തു. തലശേരി എരങ്ങോളി പഞ്ചായത്തിലെ കൊടക്കളത്തെ പ്രൈമറി സ്കൂൾ പഠനത്തിന് ശേഷം എൻട്രൻസ് പരീക്ഷയെഴുതിയായിരുന്നു തലശേരി സെന്‍റ് ജോസഫിലേക്ക് എത്തിയത്. സേക്രഡ് ഹാർട്ട് കോൺവെന്‍റിന് കീഴിലെ ഹോളി എഞ്ചൽസ് സ്കൂളിൽ നിന്നല്ലാതെയെത്തുന്ന വിദ്യാർത്ഥികൾക്ക് മൂന്നാഴ്ച പരിശീലനും പ്രവേശനപരീക്ഷയുമുണ്ടായിരുന്നുവെന്ന് മന്ത്രി ഓർത്തെടുത്തു.

1968 ലെ മെയ് മാസത്തിലാണ് ആദ്യമായി സ്കൂളിലെത്തി ഓറിയന്‍റേഷൻ ക്ലാസുകളിൽ പങ്കെടുക്കുന്നത്. തുടർന്ന് പ്രവേശന പരീക്ഷ പാസായി അഞ്ച് എ യിൽ അഡ്മിഷൻ കിട്ടി.

ബോയ്സ് സ്ക്കൂളിനെ വരച്ച വരയിൽ നിർത്തിയ ഫാദർ ജോർജ് പതിയിൽ എന്ന പ്രധാനാധ്യാപകനേയും മറക്കാനാകില്ലെന്ന് വി.മുരളീധരൻ പറഞ്ഞു. 9.20 ന് ശേഷം വരാന്തകളിൽ കറങ്ങിനടക്കുന്നവരെ വടികാട്ടി അച്ചടക്കം പഠിപ്പിക്കുന്ന ഫാദർ നൽകിയ ശിക്ഷണരീതികൾ പിന്നീട് ജീവിതത്തിലെ അച്ചടക്ക പാഠങ്ങളായെന്നും മന്ത്രി പറഞ്ഞു. കല്യാണിക്കുട്ടി ടീച്ചർ , മെർലി ടീച്ചർ, ബാലൻ മാഷ്, ലക്ഷ്മണൻ മാഷ് തുടങ്ങി അക്കാലത്ത് ചേർത്ത് നിർത്തി അറിവും അനുഭവും പകർന്നു തന്ന ഗുരുക്കൻമാരെയും പേരെടുത്ത് മന്ത്രി സ്മരിച്ചു. ചടങ്ങിനെത്തിയ അക്കാലത്തെ സഹപാഠികളും സന്തോഷം ഇരട്ടിയാക്കിയെന്ന പറഞ്ഞ വി.മുരളീധരൻ ജീവിതകാലമാകെ നിറഞ്ഞുനിൽക്കുന്ന സൌഹൃദം സമ്മാനിച്ച കാലം കൂടിയാണ് സെന്‍റ്ജോസഫ്സിലെ ആറുവർഷക്കാലമെന്നും കൂട്ടിച്ചേർത്തു. എൻസിസി നേവൽ വിംഗിന്‍റെ പ്രവർത്തനങ്ങളും മന്ത്രി പരാമർശിച്ചു.

പാഠ്യേതര വിഷയങ്ങളിലും മുന്നിട്ട് നിന്ന സ്കൂളിന് അന്ന് പേരുകേട്ട ഹോക്കി, ക്രിക്കറ്റ് ടീമുകളുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഇടവേളകളിൽ ക്രിക്കറ്റ് ടീമുകളുടെ മത്സരം കാണാൻ സബ് കളക്ടർ ഓഫിസിവരികിലൂടെ നടത്തിയ ഓട്ടപ്പാച്ചിലുകളെക്കുറിച്ചും പൂർവ വിദ്യാർഥി ഓർത്തെടുത്തു. കേന്ദ്രമന്ത്രിയെന്ന പദവി വരെയുള്ള ജീവിത യാത്രയിൽ എന്നും മുതൽക്കൂട്ടായത് സെന്‍റ് ജോസഫ്സിലെ അധ്യാപകരുടെ ശിക്ഷണവും സ്നേഹലാളനകളുമാണെന്നും മന്ത്രി പറഞ്ഞു.

Leave a Reply