വുഹാന്‍ ലാബില്‍ പ്രവര്‍ത്തിച്ച യു.എസ്‌. ശാസ്‌ത്രജ്‌ഞന്റെ വെളിപ്പെടുത്തല്‍ , കോവിഡ്‌ വൈറസ്‌ മനുഷ്യസൃഷ്‌ടി; ചോര്‍ന്നത്‌ ചൈനയില്‍നിന്നു തന്നെ

0


ന്യൂഡല്‍ഹി: കോവിഡ്‌-19 വൈറസ്‌ മനുഷ്യസൃഷ്‌ടിയാണെന്നും ചൈനയിലെ വുഹാന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ വൈറോളജിയില്‍നിന്നു ചോര്‍ന്നാണു ലോകമെങ്ങും പടര്‍ന്നുപിടിച്ചതെന്നും അതേ സ്‌ഥാപനത്തില്‍ ജോലിചെയ്‌തിരുന്ന യു.എസ്‌. ശാസ്‌ത്രജ്‌ഞന്റെ വെളിപ്പെടുത്തല്‍. കോവിഡിന്റെ ഉത്ഭവം സംബന്ധിച്ചു മുമ്പും വിവാദത്തിലായിട്ടുള്ള വുഹാന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടും ചൈനയും ഇതോടെ ഒരു ഇടവേളയ്‌ക്കുശേഷം വീണ്ടും ആരോപണനിഴലിലായി.
യു.എസ്‌. ശാസ്‌ത്രജ്‌ഞന്‍ ആന്‍ഡ്രൂ ഹഫ്‌ രചിച്ച “വുഹാനെപ്പറ്റിയുള്ള സത്യങ്ങള്‍” എന്ന പുസ്‌തകത്തിലാണു പുതിയ വെളിപ്പെടുത്തല്‍. യു.എസ്‌. ധനസഹായത്തോടെ, ചൈനയിലെ കൊറോണ വൈറസുകളെപ്പറ്റി നടന്ന പഠനമാണു കോവിഡ്‌ പകര്‍ച്ചവ്യാധിക്ക്‌ ഇടയാക്കിയതെന്നു പുസ്‌തകത്തില്‍ പറയുന്നു. പുസ്‌തകത്തെ ഉദ്ധരിച്ച്‌ ബ്രിട്ടീഷ്‌ പ്രസിദ്ധീകരണമായ ദ്‌ സണ്‍ പുറത്തുവിട്ട വിവരം ന്യൂയോര്‍ക്ക്‌ പോസ്‌റ്റ്‌ റിപ്പോര്‍ട്ട്‌ ചെയ്യുകയായിരുന്നു. വുഹാന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ വൈറോളജി ചൈനീസ്‌ സര്‍ക്കാര്‍ വക ഗവേഷണസ്‌ഥാപനമാണ്‌.
ന്യൂയോര്‍ക്ക്‌ ആസ്‌ഥാനമായി പകര്‍ച്ചവ്യാധികളെപ്പറ്റി പഠിക്കുന്ന സന്നദ്ധസംഘടനയായ ഇകോഹെല്‍ത്ത്‌ അലയന്‍സിന്റെ മുന്‍ വൈസ്‌ പ്രസിഡന്റാണ്‌ ആന്‍ഡ്രൂ ഹഫ്‌. യു.എസ്‌. സര്‍ക്കാര്‍ സ്‌ഥാപനമായ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹെല്‍ത്തിന്റെ ധനസഹായത്തോടെ പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന ഈ സംഘടനയ്‌ക്കു വുഹാന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടുമായി അടുത്ത ബന്ധമുണ്ട്‌. പ്രധാനമായും വവ്വാലുകളില്‍ കാണപ്പെടുന്ന കൊറോണാ വൈറസുകളെപ്പറ്റിയായിരുന്നു പഠനം. വേണ്ടത്ര സുരക്ഷയില്ലാതെ വുഹാന്‍ ലാബില്‍ നടന്ന ജനിതകപരീക്ഷണങ്ങളാണു കോവിഡ്‌ വൈറസ്‌ ചോരാന്‍ കാരണമെന്നു ഹഫ്‌ പുസ്‌തകത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കൊറോണ വൈറസിന്റെ മറ്റ്‌ വകഭേദങ്ങളെ ചെറുക്കാന്‍ കഴിയുന്ന വവ്വാലിലെ വൈറസിനെ വികസിപ്പിച്ചെടുക്കാന്‍ വര്‍ഷങ്ങളായി വുഹാന്‍ ലാബിന്‌ ഇകോഹെല്‍ത്ത്‌ അലയന്‍സിന്റെ സഹായം ലഭിച്ചിരുന്നു.
2014-16 കാലയളവിലാണു ഹഫ്‌ ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്‌. ജനിതകമാറ്റം വരുത്തിയ വൈറസാണു കോവിഡിനു കാരണമായതെന്നു ചൈനയ്‌ക്കു തുടക്കം മുതല്‍ അറിയാമായിരുന്നെന്നു ഹഫ്‌ അവകാശപ്പെടുന്നു. അപകടകരമായ ജൈവസാങ്കേതികവിദ്യ ചൈനയ്‌ക്കു കൈമാറിയതിനു യു.എസ്‌. സര്‍ക്കാരിനെയാണു പഴിക്കേണ്ടത്‌. യഥാര്‍ഥത്തില്‍ അതിലൂടെ ജൈവായുധ സാങ്കേതികവിദ്യയാണു കൈമാറ്റം ചെയ്യപ്പെട്ടതെന്നും ഹഫ്‌ നടുക്കത്തോടെ ഓര്‍മിക്കുന്നു.
വുഹാന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ നടക്കുന്നത്‌ അതീവസാഹസികമായ പരീക്ഷണങ്ങാണ്‌. ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന കണ്ടുപിടിത്തങ്ങള്‍ നടത്താന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടിനുമേല്‍ ചൈനീസ്‌ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയുടെ ശക്‌തമായ സമ്മര്‍ദമുണ്ടെന്നും പ്രോപബ്ലിക്കാ/വാനിറ്റി ഫെയര്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ന്യൂയോര്‍ക്ക്‌ പോസ്‌റ്റ്‌ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here