യാത്രക്കാരെ ഭീതിയിലാഴ്‌ത്തിയ മുക്കാൽ മണിക്കൂർ; കോഴിക്കോടു വിമാനം ലാൻഡ് ചെയ്യാൻ സാധിക്കാതെ വന്നതോടെ വിവരം യാത്രക്കാരുമായി പങ്കുവച്ചു; ലാൻഡിങ്ങിനായി കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും പറന്നത് 2 തവണ ; ഇനിയാരെയും കാണാൻ ആകില്ലെന്നു വരെ വിചാരിച്ചു; സ്‌പൈസ് ജെറ്റ് വിമാനത്തകരാറിന്റെ അനുഭവം യാത്രക്കാർ പറയുമ്പോൾ

0

കൊച്ചി: യാത്രക്കാരെ മുൾമുനയിൽ നിർത്തിയ മുക്കാൽ മണിക്കുറിലേറെ സമയത്തിന് ശേഷമാണ് ഇന്നലെ രാത്രി സ്‌പൈസ് ജെറ്റ് വിമാനം കൊച്ചി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്.വൈകിട്ട് 6.26ന് കോഴിക്കോട് ഇറങ്ങേണ്ട സ്‌പൈസ് ജെറ്റിന്റെ വിമാനമാണ് ഹൈഡ്രോളിക് തകരാറിനെ തുടർന്ന് അടിയന്തര സാഹചര്യം സൃഷ്ടിച്ചത്.പിന്നിട് കൊച്ചയിൽ ഇറങ്ങുന്നത് വരെ എന്തും സംഭവിക്കാമെന്ന നിലയിലായിരുന്നു കാര്യങ്ങളെന്ന് യാത്രക്കാർ പറയുന്നു.

കോഴിക്കോടു വിമാനം ലാൻഡ് ചെയ്യാൻ സാധിക്കാതെ വന്നതോടെ വിവരം യാത്രക്കാരുമായി പങ്കുവച്ചിരുന്നു. മുക്കാൽ മണിക്കൂറിലേറെ നീണ്ട അനിശ്ചിതാവസ്ഥയ്ക്കു വിരാമമാകുമ്പോഴേക്കും യാത്രക്കാരിൽ ഏറെയും ജീവഭയത്തിലായിക്കഴിഞ്ഞിരുന്നു. ജീവനോടെ ബന്ധുക്കളെ കാണാനാകുമോ എന്നു പേടിച്ചു പോയിരുന്നെന്നു പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യാത്രക്കാരിൽ ഒരാൾ പ്രതികരിച്ചു.

കോഴിക്കോട് വിമാനം ലാൻഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെയാണ് കൊച്ചിയിൽ ലാൻഡ് ചെയ്യാൻ തീരുമാനിച്ചത്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ രണ്ടു വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. ഇതിനിടെ രണ്ടു പ്രാവശ്യം കോഴിക്കോടേക്കും കൊച്ചിയിലേക്കും പറക്കുന്ന സാഹചര്യമുണ്ടായി.

കോഴിക്കോട് ലാൻഡ് ചെയ്യാനാവില്ലെന്നു വ്യക്തമായതോടെ കൊച്ചിയിലേക്കു പറത്തിയ വിമാനം ഇവിടെ മൂന്നു തവണ ലാൻഡു ചെയ്യാൻ ശ്രമം നടത്തിയ ശേഷം നാലാമതു നടത്തിയ പരിശ്രമമാണ് വിജയം കണ്ടത്. എട്ടര വരെയുള്ള സമയത്തേക്ക് വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും 7.19നു വിമാനം സുരക്ഷിതമായി ഇറക്കിയതോടെ അടിയന്തരാവസ്ഥ പിൻവലിക്കുകയായിരുന്നു.

പിന്നാലെ യാത്രക്കാരെ ടെർമിനലിലേക്കു മാറ്റുകയായിരുന്നു. കോഴിക്കോടേക്കു പോകേണ്ട യാത്രക്കാരെ ദുബായിൽ നിന്നെത്തുന്ന എസ്ജി 17 വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിക്കുകയായിരുന്നുവെന്ന് സ്‌പൈസ് ജെറ്റ് അധികൃതർ അറിയിച്ചു.

ജാഗ്രതാ നിർദേശത്തെ തുടർന്ന് ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ വിമാനത്താവളം സർവ സജ്ജമാക്കിയതായി സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു. വിമാനം സുരക്ഷിതമായി ഇറങ്ങിയതോടെ റൺവേ പരിശോധനകൾക്കു ശേഷം സാധാരണ ഗതിയിലേക്കു മാറിയതായും അദ്ദേഹം അറിയിച്ചു.

Leave a Reply