കുപ്രസിദ്ധ കുറ്റവാളി ചാള്‍സ്‌ ശോഭ്‌രാജിനെ മോചിപ്പിക്കാന്‍ നേപ്പാള്‍ സുപ്രീംകോടതിയുടെ നിര്‍ദേശം

0

കുപ്രസിദ്ധ കുറ്റവാളി ചാള്‍സ്‌ ശോഭ്‌രാജി(78)നെ മോചിപ്പിക്കാന്‍ നേപ്പാള്‍ സുപ്രീംകോടതിയുടെ നിര്‍ദേശം. പ്രായാധിക്യം കണക്കിലെടുത്താണു മോചനത്തിനുള്ള തീരുമാനം. 15 ദിവസത്തിനുള്ളില്‍ അയാള്‍ രാജ്യംവിട്ടുപോകണമെന്നും കോടതി നിര്‍ദേശിച്ചു.
അമേരിക്കന്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കേസിലാണ്‌ 2003 ല്‍ ശോഭ്‌രാജ്‌ ജയിലിയായത്‌. ഇന്ത്യന്‍- വിയറ്റ്‌നാമിസ്‌ മാതാപിതാക്കളുടെ മകനായ ശോഭ്രാജിന്‌ ഫ്രാന്‍സിന്റെ പൗരത്വമാണുള്ളത്‌. വ്യാജ പാസ്‌പോര്‍ട്ട്‌ ഉപയോഗിച്ചാണ്‌ അയാള്‍ നേപ്പാളിലേക്കു കടന്നത്‌. കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തില്‍ അയാള്‍ ഫ്രാന്‍സിലേക്കു മടങ്ങുമെന്നാണു സൂചന.
യു.എസ്‌. പൗരന്മാരായ കനേയ്‌ ജോ ബോറന്‍സിച്‌(29), കാമുകി ലോറന്റ്‌ കാരി(26) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണു അയാള്‍ നേപ്പാള്‍ ജയിലിലായത്‌. കൊലപാതകത്തിനു ജീവപര്യന്തം തടവ്‌ശിക്ഷയും വ്യാജപാസ്‌പോര്‍ട്ട്‌ ഉണ്ടാക്കിയതിന്‌ 2000 രൂപയും പിഴയുമാണു ലഭിച്ചത്‌.
ഫ്രഞ്ച്‌ വിനോദസഞ്ചാരിയെ കൊലപ്പെടുത്തിയ കേസില്‍ 1976 ലാണ്‌ ഇയാള്‍ ഡല്‍ഹിയില്‍ പോലീസ്‌ പിടിയിലായത്‌. ഈ കേസില്‍ 12 വര്‍ഷം തടവ്‌ ശിക്ഷ ലഭിച്ചു. 1986 ല്‍ ജയില്‍ ചാടിയെങ്കിലും ഗോവയില്‍നിന്നു പിടിയിലായി. 1997 ല്‍ ഇന്ത്യന്‍ ജയിലില്‍നിന്ന്‌ മോചിതനായ അയാള്‍ 2003 ല്‍ ഫ്രാന്‍സിലേക്കു മടങ്ങി. പിന്നീട്‌ നേപ്പാളില്‍ അറസ്‌റ്റിലാകുകയായിരുന്നു.

Leave a Reply