കേരള ഫിഷറീസ് സർവ്വകലാശാല വൈസ് ചാൻസിലർ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

0

കേരള ഫിഷറീസ് സർവ്വകലാശാല വൈസ് ചാൻസിലർ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. കുഫോസ് വിസി തെരഞ്ഞെടുപ്പിന് യുജിസി ചട്ടങ്ങൾ ബാധകമല്ലെന്നും,സംസ്ഥാന നിയമസഭ പാസാക്കിയ നിയമമാണ് പ്രധാനമെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. മുൻ അറ്റോർണ്ണി ജനറൽ കെ കെ വേണുഗോപാലിന്റെ നിയമോപദേശ പ്രകാരമാണ് സർക്കാർ നീക്കം.

ഭരണഘടനയുടെ ഏഴാം പട്ടികയിലെ ലിസ്റ്റ് രണ്ട് പ്രകാരം കാർഷിക വിദ്യാഭ്യാസവും, ഗവേഷണവും സംസ്ഥാന വിഷയമാണ്.അതിനാൽ ഫിഷറീസ് സർവകാലാശാലക്ക് യുജിസി ചട്ടം ബാധകമെല്ലെന്നാണ് വാദം. 2010 ൽ സംസ്ഥാന നിയമസഭ പാസാക്കിയ നിയമത്തിലും കുഫോസ് വിസി നിയമനത്തെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട് ഒരു നിയമവും പാർലമെന്റ് പാസാക്കിയിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.

നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ മുൻ വിസി ഡോ റിജി ജോൺ നൽകിയ ഹർജിയിൽ എതിർകക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസയച്ചിരിക്കുകയാണ്. ഹർജി ജനുവരിയിൽ പരിഗണിക്കാനിരിക്കേയാണ് സംസ്ഥാന സർക്കാരും സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്.

കുഫോസ് വി സി ആയി ഡോ.കെ.റിജി ജോണിനെ നിയമിച്ചത് യുജിസി ചട്ടപ്രകാരമല്ലെന്ന് ആരോപിച്ചാണ് നേരത്തെ ഹൈക്കോടതിയിൽ ഹർജിയെത്തിയത്. വിസി നിയമന പട്ടികയിൽ ഉണ്ടായിരുന്ന എറണാകുളം സ്വദേശി ഡോ. കെ.കെ. വിജയനാണ് ഹർജി നൽകിയത്. യുജിസി മാനദണ്ഡങ്ങൾ അനുസരിച്ച് ഒരു സർവകലാശാലയിൽ പ്രൊഫസറായി പത്തു വർഷത്തെ പ്രവൃത്തി പരിചയം വേണമെന്നിരിക്കെ റിജി ജോണിന് മതിയായ യോഗ്യതയില്ലെന്നായിരുന്നു ഡോ.കെ കെ വിജയൻ നൽകിയ ഹർജിയിലെ പ്രധാന വാദം

LEAVE A REPLY

Please enter your comment!
Please enter your name here