ഫിഫ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ മൊറോക്കോയ്ക്ക് എതിരായ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ പരിശീലകൻ ലൂയിസ് എന്റിക്വയെ പുറത്താക്കി സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ

0

ഫിഫ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ മൊറോക്കോയ്ക്ക് എതിരായ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ പരിശീലകൻ ലൂയിസ് എന്റിക്വയെ പുറത്താക്കി സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ.നാളിതുവരെ ടീമിന് നൽകിയ സംഭാവനകൾക്ക് ലൂയിസ് എന്റിക്വയ്ക്ക് സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ നന്ദി അറിയിച്ചു.

ഈ വർഷം അവസാനം വരെയായിരുന്നു ലൂയിസ് എന്റിക്വയ്ക്ക് കരാറുണ്ടായിരുന്നത്. എന്നാൽ നോക്കൗട്ട് റൗണ്ടിൽ ടീം പുറത്തായതോടെ കരാർ നീട്ടണ്ട എന്ന് ഫെഡറേഷൻ തീരുമാനിക്കുകയായിരുന്നു.കോസ്റ്റാറിക്കയ്ക്ക് എതിരെ 7-0ന്റെ വിജയവുമായി ഖത്തർ ലോകകപ്പ് തുടങ്ങിയ സ്പാനിഷ് സംഘം പ്രീ ക്വാർട്ടറിൽ മൊറോക്കോയ്ക്ക് എതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് പുറത്താവുകയായിരുന്നു.

ആയിരത്തിലേറെ പാസുകളുമായി കളിച്ചിട്ടും ഗോളടിക്കാൻ കഴിയാത്തതും ഷൂട്ടൗട്ടിലെ ദയനീയ പ്രകടനവും ലൂയിസ് എന്റിക്വയെ കനത്ത വിമർശനങ്ങൾക്ക് വിധേയനാക്കിയിരുന്നു. അണ്ടർ 21 ടീമിന്റെ പരിശീലകനായ ലൂയിസ് ഡി ലാ ഫോന്റേ സീനിയർ ടീമിന്റെ പരിശീലകനായി തിങ്കളാഴ്ച ചുമതലയേൽക്കും.

ഖത്തർ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ ആവേശം 120 ഉം മിനുറ്റ് കടന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോൾ സ്‌പെയിന് മടക്ക ടിക്കറ്റ് നൽകുകയായിരുന്നു ആഫ്രിക്കൻ ടീമായ മൊറോക്കോ. പെനാൽറ്റി ഷൂട്ടൗട്ടിൽ 3-0ന് വിജയിച്ചാണ് മൊറോക്കോ ക്വാർട്ടറിലേക്ക് മാർച്ച് പാസ്റ്റ് ചെയ്തത്.

സ്‌പെയിന്റെ കുറിയ പാസുകൾക്ക് പ്രത്യാക്രമണത്തിലൂടെയും ഗോളിയിലൂടേയും മൊറോക്കോ മറുപടി കൊടുത്തതോടെ മത്സരം എക്‌സ്ട്രാടൈമും പിന്നിട്ട് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. ഷൂട്ടൗട്ടിൽ ഒരു കിക്ക് പോലും സ്‌പെയിന് വലയിലെത്തിക്കാൻ കഴിയാതെ വന്നപ്പോൾ മൊറോക്കോൻ ഗോളി ബോനോ മിന്നും താരമായി.മത്സരത്തിൽ 1019 പാസുകളാണ് സ്പാനിഷ് ടീമിന്റെ ഭാഗത്തുനിന്നുണ്ടായത്. പക്ഷേ, ഗോളൊന്നും പിറന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here