അച്ഛൻ തന്റെ പക്കൽ നിന്നും കടം വാങ്ങിയ പണം തിരികെ കിട്ടാൻ എങ്ങനെ എങ്കിലും സഹായിക്കണമെന്ന പരാതിയുമായി മകൻ പൊലീസ് സ്‌റ്റേഷനിൽ

0

നെടുങ്കണ്ടം: അച്ഛൻ തന്റെ പക്കൽ നിന്നും കടം വാങ്ങിയ പണം തിരികെ കിട്ടാൻ എങ്ങനെ എങ്കിലും സഹായിക്കണമെന്ന പരാതിയുമായി മകൻ പൊലീസ് സ്‌റ്റേഷനിൽ. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് അച്ഛനെതിരെ പരാതിയുമായി സ്റ്റേഷനിലെത്തിയത്. അച്ഛൻ കടമായി വാങ്ങിയ 300 രൂപ തിരികെ കിട്ടാൻ സഹായിക്കണമെന്നാണ് കുട്ടിയുടെ അപേക്ഷ. ഇപ്പോൾ പണത്തിന്റെ ആവശ്യം എന്താണെന്ന പൊലീസിന്റെ ചോദ്യത്തിനുള്ള ഉത്തരവും കുട്ടി നൽകി: നടൻ വിജയിന്റെ സിനിമയ്ക്കു ടിക്കറ്റെടുക്കണം…

മുത്തശ്ശി തനിക്ക് പോക്കറ്റ് മണിയായി നൽകിയ പണം അച്ഛൻ കടമായി വാങ്ങി എന്നാണ് കുട്ടിയുടെ പരാതി. പണം തിരികെ ചോദിച്ചിട്ടും തരുന്നില്ല. പൊലീസ് ഇടപെട്ടാൽ കിട്ടുമെന്നു കൂട്ടുകാർ പറഞ്ഞതറിഞ്ഞ് സ്റ്റേഷനിൽ എത്തിയതായിരുന്നു കുട്ടി. നെടുങ്കണ്ടം സ്റ്റേഷനിലെ ഫ്രണ്ട് ഓഫിസിൽ എത്തി പരാതി പറഞ്ഞു. വിവരമറിഞ്ഞ് നെടുങ്കണ്ടം എസ്എച്ച്ഒ ബി.എസ്.ബിനു സംസാരിച്ചപ്പോൾ കുട്ടി പറഞ്ഞു: ”അച്ഛൻ പാവമാണ്, സ്റ്റേഷനിലേക്കു വിളിക്കേണ്ട. എങ്ങനെയെങ്കിലും പൈസ വാങ്ങിത്തന്നാൽ മതി.”

വിദ്യാർത്ഥിയുടെ പിതാവിനെ പൊലീസ് ഫോണിൽ വിളിച്ചെങ്കിലും മൊബൈൽ സ്വിച്ച് ഓഫായിരുന്നു. ഇന്നു രാവിലെ പ്രശ്‌നം പരിഹരിക്കാമെന്നു വാഗ്ദാനം ചെയ്ത് കുട്ടിയെ പൊലീസ് വീട്ടിലേക്കു തിരിച്ചയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here