ഉപഗ്രഹ സര്‍വേ നടത്തിയത്‌ കോടതി ആവശ്യപ്പെട്ടതിനാല്‍: മന്ത്രി കെ. രാജന്‍

0


കൊച്ചി/തൃശൂര്‍: ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീം കോടതി ആവശ്യപ്പെട്ടതിനാലാണ്‌ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട്‌ നല്‍കുന്നതെന്നു റവന്യൂ മന്ത്രി കെ. രാജന്‍.
കോടതി ആവശ്യപ്പെട്ടിട്ടു നല്‍കിയില്ലെങ്കില്‍ അത്‌ കാടതി വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാകും. അതേ സമയം, ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളുമുള്‍പ്പെടെ ബഫര്‍ സോണില്‍ ഉള്‍പ്പെടുത്താനാകില്ലെന്നാണ്‌ സര്‍ക്കാര്‍ നിലപാട്‌. ഇക്കാര്യം കോടതിയെ അറിയിക്കും. കോടതിയില്‍ കക്ഷി ചേരാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ബഫര്‍ സോണായി ഒരു കിലോമീറ്റര്‍ എന്നത്‌ സുപ്രീം കോടതി നല്‍കിയ നിര്‍ദേശമാണ്‌. ആ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എന്തെല്ലാമുണ്ടെന്ന്‌ കണ്ടെത്താനുള്ള ആധികാരിക സംവിധാനമായിരുന്നു ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട്‌. അതിനുള്ളില്‍ വരുന്ന വീടുകള്‍, കൃഷിയിടങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടാനാണു ശ്രമം നടത്തിയത്‌. ബഫര്‍സോണ്‍ ഏതുവിധമാകണമെന്ന ഡിസൈന്‍ രണ്ടാമതായി സര്‍ക്കാര്‍ തയാറാക്കി ചുമതലപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്‌.
അടുത്തമാസം 11 നാണ്‌ സുപ്രീംകോടതിയില്‍ കേസ്‌ വരുന്നത്‌. കേന്ദ്ര സര്‍ക്കാരുമായുള്ള കേസാണിത്‌. കേന്ദ്രം അഭിപ്രായം ചോദിച്ചതില്‍ കേരളം മറുപടി രേഖപ്പെടുത്തിയിട്ടുണ്ട്‌. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ പലതും വിട്ടുപോയിട്ടുണ്ട്‌. അതുകൊണ്ടാണു നേരിട്ടുള്ള പരിശോധന വേഗത്തില്‍ നടത്തുന്നത്‌. പരിസ്‌ഥിതി ലോല മേഖലകളെ സംബന്ധിച്ച്‌ ഇനി ആശയക്കുഴത്തിലേക്കോ വിവാദങ്ങളിലേക്കോ പോകേണ്ടതില്ല. മുഖ്യമന്ത്രി ഇക്കാര്യങ്ങളില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്‌. അതിലുപരി മന്ത്രിമാര്‍ക്കു പറയാനുമില്ല. കേരളം ഒറ്റക്കെട്ടായി നില്‍ക്കുകയാണ്‌ വേണ്ടത്‌.-മന്ത്രി പറഞ്ഞു.
ഭൂതല സര്‍വേ 26 മുതല്‍ നടത്തും. സീറോ ബഫര്‍സോണ്‍ റിപ്പോര്‍ട്ടും ഭൂപടവും പ്രസിദ്ധീകരിച്ചു. താമസസ്‌ഥലം വയലറ്റ്‌ നിറം, പരിസ്‌ഥിതിലോല മേഖലക്ക്‌ പിങ്ക്‌ നിറം എന്നിങ്ങനെയാണ്‌ നല്‍കിയത്‌.
സുപ്രീം കോടതി വിഷയത്തില്‍ വിരുദ്ധനിലപാടെുത്താല്‍ നിയമപരമായും രാഷ്‌ട്രീയപരമായും ഭരണപരമായും മുന്നോട്ട്‌ പോകും. മണ്ണൂത്തി – വടക്കഞ്ചേരി ഹൈവേ അടക്കം ബഫര്‍സോണില്‍ ഉള്‍പ്പെടും. വളരെ വേഗത്തില്‍ നടപടിക്രമങ്ങളുമായി മുന്നോട്ട്‌ പോകാനാണ്‌ തീരുമാനം.-മന്ത്രി പറഞ്ഞു.

Leave a Reply