നിരോധിത സംഘടന പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയ്‌ക്കു രഹസ്യവിഭാഗമുണ്ടെന്നു ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍

0

നിരോധിത സംഘടന പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയ്‌ക്കു രഹസ്യവിഭാഗമുണ്ടെന്നു ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) കോടതിയില്‍. സംഘടനാ ഓഫീസുകള്‍ കേന്ദ്രീകരിച്ച്‌ ഇവര്‍ പ്രവര്‍ത്തിച്ചതായും ഇതരസമുദായക്കാരുടെ ഹിറ്റ്‌ലിസ്‌റ്റ്‌ ഉണ്ടാക്കിയെന്നും എന്‍.ഐ.എ. പറഞ്ഞു.
സംസ്‌ഥാന വ്യാപകമായി നെറ്റ്‌വര്‍ക്ക്‌ ഉണ്ടായിരുന്ന ഇവരുടെ ചുമതലയായിരുന്നു വിവരശേഖരണവും പട്ടിക തയാറാക്കലും. നേതാക്കളുടെ ഐ.എസ്‌. ബന്ധത്തിനു തെളിവുകളുണ്ടെന്നും എന്‍.ഐ.എ. പ്രത്യേക കോടതിയില്‍ അറിയിച്ചു.അറസ്‌റ്റിലായ പി.എഫ്‌.ഐ. സംസ്‌ഥാന നേതാക്കളുടെ റിമാന്‍ഡ്‌ കാലാവധി ദീര്‍ഘിപ്പിക്കണമെന്ന അപേക്ഷയിലാണ്‌ അന്വേഷണ ഉദ്യോഗസ്‌ഥരുടെ വെളിപ്പെടുത്തല്‍. പ്രതികളുടെ റിമാന്‍ഡ്‌ കാലാവധി കോടതി 90 ദിവസത്തേക്കു കൂടി നീട്ടി.
കഴിഞ്ഞ സെപ്‌റ്റംബറിലാണു പി.എഫ്‌.ഐ. ദേശീയ, സംസ്‌ഥാന നേതാക്കളുടെ വീടുകളിലും പാര്‍ട്ടി ഓഫീസുകളിലും പരിശോധന നടത്തി അവരെ കസ്‌റ്റഡിയിലെടുത്തശേഷം അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌. കേന്ദ്രസേനയുടെ സഹായത്തോടെ എന്‍ഫോഴ്‌സ്‌മെന്റും എന്‍.ഐ.എയും സംയുക്‌തമായി നടത്തിയ പരിശോധനയിലായിരുന്നു അറസ്‌റ്റ്‌. പോപ്പുലര്‍ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ നേതാക്കളുടെ അറിവോടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു പണം എത്തിച്ചെന്നും ആയുധ പരിശീലനം നടത്തിയെന്നും ചൂണ്ടിക്കാണിച്ചായിരുന്നു നടപടി. ഡല്‍ഹിയില്‍ അറസ്‌റ്റിലായവരുടെ കസ്‌റ്റഡി പട്യാല കോടതി നീട്ടി നല്‍കിയിട്ടുണ്ട്‌.
ആലപ്പുഴയിലും പാലക്കാടും നടന്ന കൊലപാതകങ്ങള്‍ ഹിറ്റ്‌ലിസ്‌റ്റ്‌ പ്രകാരമായിരുന്നെന്നു പോലീസിനും തെളിവു ലഭിച്ചിട്ടുണ്ട്‌. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട സ്‌ഥലങ്ങളില്‍ നടന്ന റെയ്‌ഡില്‍ ഇത്തരം ഹിറ്റ്‌ലിസ്‌റ്റ്‌ കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്ത്‌ വിവിധ നേതാക്കള്‍ക്കു സി.ആര്‍.പി.എഫിന്റേതടക്കം സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
യു.എ.പി.എ. പ്രകാരം രജിസ്‌റ്റര്‍ ചെയ്യുന്ന കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറു മാസത്തെ സാവകാശം ദേശീയ അന്വേഷണ ഏജന്‍സിക്കു ലഭിക്കും. ഈ ആവശ്യത്തെ സാധൂകരിക്കുന്ന തെളിവുകളാണ്‌ എന്‍.ഐ.എ. ഹാജരാക്കിയത്‌. ഇതു പരിഗണിച്ച്‌ അന്വേഷണം പൂര്‍ത്തിയാക്കാന്‍ പരമാവധി സമയം പ്രത്യേക കോടതി അനുവദിച്ചു. നിലവില്‍ അന്വേഷണം മൂന്നുമാസം പിന്നിട്ടിട്ടുണ്ട്‌.

Leave a Reply