എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. നേരത്തെ തിരുവനന്തപുരം ജില്ലാ കോടതി ഉപാധികളോടെ എൽദോസിന് ജാമ്യം നൽകിയിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്ന വ്യവസ്ഥതയിലായിരുന്നു ജാമ്യം. ഇതേതുടർന്ന് കേസിലെ ചോദ്യം ചെയ്യലും തെളിവെടുപ്പും അന്വേഷണ സംഘം പൂർത്തിയാക്കിയിരുന്നു. എന്നാൽ എൽദോസ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം ഉഭയകക്ഷി സമ്മത പ്രകാരമല്ലെ ലൈംഗിക ബന്ധം ഉണ്ടായതെന്നും എല്ലാം സിനിമ കഥപോലെയുണ്ടല്ലോ എന്നും കോടതി ചോദിച്ചിരുന്നു. എന്നാൽ ഉഭയകക്ഷി സമ്മതത്തോടെ എത്രതവണ ബന്ധപ്പെട്ടു എന്നതല്ല ഒരു തവണ നോ പറഞ്ഞാൽ ബലാത്സംഗം തന്നെയാണെന്ന് സർക്കാരും കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ സാഹചര്യം കൂടി പരിശോധിക്കണം എന്നാണ് ഈ വാദത്തോട് കോടതി പ്രതികരിച്ചത്.
ഒരു തവണ ക്രൂര ബലാൽസംഗം ചെയ്തിട്ടും സോമതീരത്ത് അടുത്ത നാല് പ്രാവശ്യം എന്തിന് പോയി എന്ന് കോടതി ചോദിച്ചു. ബലാത്സംഗം, പ്രണയം, പിന്നെയും ബലാത്സംഗം ഇതല്ലേ പ്രോസിക്യൂഷൻ സ്റ്റോറി എന്നും കോടതി ചോദിച്ചിരുന്നു. ബലാത്സംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണമെന്നും കോടതി നിരീക്ഷിച്ചു. എൽദോസിന് ജില്ലാ ജഡ്ജി ജാമ്യം നൽകിയതിന് മതിയായ കാരണങ്ങൾ ഉണ്ടല്ലോ എന്നും കോടതി പറഞ്ഞിരുന്നു. കേസിൽ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിലെ രേഖകൾ ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകിയിരുന്നു. തനിക്കെതിരെ പരാതി നൽകിയ യുവതി 49 കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് എൽദോസ് അറിയിച്ചിരുന്നു