കളി കാര്യമായി; മോക്ക്‌ഡ്രില്ലിനിടെ യുവാവിന്‌ ദാരുണാന്ത്യം, പുഴയില്‍ മുങ്ങിയ യുവാവിനെ രക്ഷിക്കാനായില്ല

0


മല്ലപ്പള്ളി: ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം മല്ലപ്പള്ളി താലൂക്കില്‍ നടത്തിയ പ്രളയ പ്രതികരണ മോക്ക്‌ഡ്രില്ലിനിടെയുണ്ടായ അപകടത്തില്‍ യുവാവിന്‌ ദാരുണാന്ത്യം. മോക്ക്‌ഡ്രില്ലിനിടെ പുഴയില്‍ മുങ്ങിയതിനെ തുടര്‍ന്ന്‌ ഗുരുതരാവസ്‌ഥയില്‍ തിരുവല്ല പുഷ്‌പഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന തുരുത്തിക്കാട്‌ കാക്കരക്കുന്നേല്‍ ബിനു സോമനാണ്‌ (34) മരിച്ചത്‌. മണിമലയാറ്റിലെ പടുതോട്‌ പാലത്തിനടിയിലായിരുന്നു അപകടം. പ്രദേശത്തെ സന്നദ്ധപ്രവര്‍ത്തകനായിരുന്നു ബിനു. ഇന്നലെ രാവിലെ 10.30 നായിരുന്നു സംഭവം.
പ്രളയ ഉരുള്‍പൊട്ടല്‍ തയാറെടുപ്പിന്റെ ഭാഗമായാണു മോക്ക്‌ഡ്രില്‍ നടത്തിയത്‌. വെള്ളത്തില്‍ വീണ നാലുപേരെ രക്ഷപ്പെടുത്തുന്ന രംഗമാണ്‌ മോക്ക്‌ഡ്രില്ലില്‍ ആവിഷ്‌കരിച്ചത്‌. ഇതിനായി ബിനു അടക്കം നാലുപേര്‍ പടുതോട്‌ കടവില്‍ മണിമലയാറിന്റെ കിഴക്കുഭാഗത്തായി ചാടി. മോക്ക്‌ഡ്രില്ലിന്റെ ഭാഗമായി ഇവരെ ഫയര്‍ഫോഴ്‌സ്‌ രക്ഷപ്പെടുത്തുന്ന രംഗമാണ്‌ ഉദ്ദേശിച്ചിരുന്നത്‌. ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാടീം ദൃശ്യം പകര്‍ത്തുന്നുണ്ടായിരുന്നു. രക്ഷാകവചമുപയോഗിച്ച്‌ മൂന്നുപേരെ രക്ഷപ്പെടുത്തിയെങ്കിലും നീന്തലിനിടെ കുഴഞ്ഞു മുങ്ങിത്താഴ്‌ന്ന ബിനു സോമനെ കാണാതാവുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ട്‌ എത്തിക്കാന്‍ നിര്‍ദേശിച്ചെങ്കിലും ബോട്ട്‌ സ്‌റ്റാര്‍ട്ടാക്കാന്‍ പോലും കഴിഞ്ഞില്ല. 45 മിനിറ്റ്‌ കഴിഞ്ഞാണു ബോട്ട്‌ പ്രവര്‍ത്തിക്കാനായത്‌. ബോട്ട്‌ പ്രവര്‍ത്തിക്കുമോയെന്നു ഉറപ്പാക്കാതെയാണു മോക്‌ഡ്രില്‍ നടത്തിയതെന്ന്‌ ആരോപണമുണ്ട്‌.
സ്‌ഥലത്തുണ്ടായിരുന്ന ദേശീയ ദുരന്ത നിവാരണ സേന (എന്‍.ഡി.ആര്‍.എഫ്‌.)യുടെ സംഘമാണ്‌ ബിനു സോമനെ ആറ്റില്‍നിന്നു പൊക്കിയെടുത്തത്‌. ഫയര്‍സ്‌റ്റേഷന്‍ ഓഫീസര്‍ കുരുവിള മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം മറ്റു മൂന്നുപേരെ വെള്ളത്തില്‍ നിന്നുയര്‍ത്തി. ബിനുവിനെ കാണാതായ ഭാഗത്ത്‌ ധാരാളം ചെളി അടിഞ്ഞുകൂടിയിരുന്നു. വെള്ളത്തില്‍ നിന്ന്‌ ഉയര്‍ത്തിയ ബിനു സോമനെ ഗുരുതരാവസ്‌ഥയിലാണ്‌ പുഷ്‌പഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. എം.ഐ.സി.യുവില്‍ വച്ച്‌ വെന്റിലേറ്ററിലാക്കി. ഇതിനിടെ രണ്ടുതവണ ഹൃദയാഘാതമുണ്ടായി. ഇന്നലെ വൈകിട്ട്‌ എട്ടരയോടെയാണ്‌ ബിനു മരിച്ചത്‌. ഒരു ഘട്ടത്തില്‍ രക്ഷപ്പെടുമെന്ന പ്രതീക്ഷ കൈവന്നിരുന്നുവെങ്കിലും പിന്നീട്‌ മരണപ്പെടുകയായിരുന്നു. ബിനു അവിവാഹിതനാണ്‌. ഏകസഹോദരി വിദേശത്താണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here