ബ്രിട്ടണിൽ മന്ത്രിസ്ഥാനം രാജിവെച്ച് റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ പോയി വിവാദം സൃഷ്ടിച്ച മുൻ ഹെൽത്ത് സെക്രട്ടറി കൂടുതൽ വിവാദങ്ങൾക്ക് ഒരുങ്ങുകയാണ്

0

ബ്രിട്ടണിൽ മന്ത്രിസ്ഥാനം രാജിവെച്ച് റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ പോയി വിവാദം സൃഷ്ടിച്ച മുൻ ഹെൽത്ത് സെക്രട്ടറി കൂടുതൽ വിവാദങ്ങൾക്ക് ഒരുങ്ങുകയാണ്. പരമ്പരയായി പ്രസിദ്ധീകരിക്കാൻ ഉദ്ദേശിച്ചിട്ടുള്ള തന്റെ ആത്മകഥയിലൂടെ വൻ വിവാദങ്ങൾക്കാണ് ഹാൻകോക്ക് തിരികൊളുത്തുന്നത്. കോവിഡ് ലോക്ക്ഡൗൺ കാലത്ത് ആയിരക്കണക്കിന് തടവുകാരെ ജയിലുകളിൽ നിന്നും മോചിപ്പിക്കുവാൻ ആലോചിച്ചിരുന്നു എന്ന വെളിപ്പെടുത്തലാണ് ഇതിൽ ഏറ്റവും പ്രധാനം.

പാൻഡമിക് ഡയറീസ് എന്ന് പേര് നൽകിയിരിക്കുന്ന പുസ്തകത്തിൽ നാടകീയമായ ഒരുപാട് രംഗങ്ങളുമുണ്ട്. സർക്കാരിന്റെ വിജയങ്ങൾ, പരാജയങ്ങൾ, നൂറ്റാണ്ടിൽ ഒരിക്കൽ മാത്രമുണ്ടാകുന്ന പ്രതിസന്ധിയെ നേരിടുന്നതിനായി നടത്തിയ പോരാട്ടങ്ങൾ എന്നിവയെല്ലാം അതിൽ വിശദമായി പറയുന്നു. നാളെ മുതൽ ഈ കഥകളെല്ലാം ഡെയ്ലി മെയിലിൽ പരമ്പരയായി പ്രസിദ്ധീകരിച്ച് തുടങ്ങും. അതിന്റെ മുന്നോടിയായി ഡെയ്ലി മെയിലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

അയാം എ സെലിബ്രിറ്റി ഷോയിൽ പങ്കെടുത്തതിന്റെ അനുഭവങ്ങളും, തന്റെ മുൻ സഹായി ജിന കൊളാഡാഞ്ചലോവുമായി കടുത്ത പ്രണയത്തിലാണെന്നതുമൊക്കെ അതിൽ അദ്ദേഹം തുറന്ന് പറയുന്നുണ്ട്. ആ അഭിമുഖവും നാളെ ഡെയ്ലി മെയിലിൽ വരും. കോവിഡ് കാലത്ത് ആരോഗ്യ സെക്രട്ടറി എന്ന നിലയിൽ പല സുപ്രധാന തീരുമാനങ്ങളിലും മാറ്റ് ഹാൻകോക്ക് പങ്കാളിയായിരുന്നു. ലോക്ക്ഡൗൺ, യാത്രാ നിയന്ത്രണങ്ങൾ, ലോകത്തിലെ ആദ്യ കോവിഡ് വാക്സിൻ തുടങ്ങി അവയിൽ പലതും വിവാദ തീരുമാനങ്ങളും ആയിരുന്നു.

അതിവേഗം പടരുന്ന, തീവ്രമായ പ്രതിസന്ധിയിൽ, സുപ്രധാനമായ ചുമതല വഹിക്കേണ്ടി വന്നു എന്നാണ് പുസ്തകത്തിന്റെ ആമുഖത്തിൽ ഇത് സംബന്ധിച്ച് ഹാൻകോക്ക് എഴുതിയിരിക്കുന്നത്. എന്നാൽ, വാക്സിൻ ഉൾപ്പടെയുള്ള കാര്യങ്ങളിൽ വിജയിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു എന്നും അദ്ദേഹം പറയുന്നു. കോവിഡ് പ്രതിസന്ധിയുടെ തീവ്രത കുറയ്ക്കുവാൻ മന്ത്രിസഭ വിവിധ വിഷയങ്ങളിൽ നടത്തിയ ചർച്ചകളുടെ വിവരങ്ങളും ഹാൻകോക്ക് ഇതിൽ വെളിപ്പെടുത്തുന്നുണ്ട്.

2020-ലെ ആദ്യ ലോക്ക്ഡൗണ്ട് കാലത്ത് ആയിരക്കണക്കിന് തടവുകാരെ ജയിലിൽ നിന്നും മോചിപ്പിക്കാൻ തന്റെ മേൽ സമ്മർദ്ദം ഉണ്ടായി എന്ന് അദ്ദേഹം പറഞ്ഞു. ജയിലിനകത്ത് വൈറസ് ബാധ ഉണ്ടാകാതിരിക്കാനായിരുന്നു ഈ നടപടി. മാർച്ച് 17 ലെ ഡയറിക്കുറിപ്പിൽ ഹാൻകോക്ക് എഴുതുന്നത് നീതിന്യായ മന്ത്രാലയത്തിൽ നിന്നും, തടവുകാരെ മോചിപ്പിക്കുവാനുള്ള ഒരു മണ്ടൻ നിർദ്ദേശം വന്നു എന്നാണ്. താൻ അതിനെ കഠിനമായി എതിർത്തിരുന്നു എന്നും ഹാൻകോക്ക് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here