പൊതുമുതൽ നശിപ്പിച്ചുള്ള സമരത്തിനെതിരേ സുപ്രീംകോടതി നിർദേശത്തെത്തുടർന്ന് രൂപവത്കരിച്ച നഷ്ടപരിഹാര കമ്മിഷണർക്ക് അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ല

0

കൊച്ചി: പൊതുമുതൽ നശിപ്പിച്ചുള്ള സമരത്തിനെതിരേ സുപ്രീംകോടതി നിർദേശത്തെത്തുടർന്ന് രൂപവത്കരിച്ച നഷ്ടപരിഹാര കമ്മിഷണർക്ക് അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ല. റിട്ട. മുൻ ജില്ലാജഡ്ജി പി.ഡി. ശാർങ്ധരനെ നഷ്ടപരിഹാര കമ്മിഷണറായി 2020-ലാണ് നിയമിച്ചത്. കമ്മിഷണറെ സഹായിക്കാൻ ഓരോ ജില്ലയിലുമായി 14 ചാർട്ടേഡ് എൻജിനിയർമാരും നാല് ചാർട്ടേഡ് അക്കൗണ്ടന്റുമാരും അടങ്ങിയ പാനലിനെയും ഹൈക്കോടതി നിയമിച്ചിരുന്നു.

എന്നാൽ നിരവധി വെള്ളാനകളെ സൃഷ്ടിക്കുന്ന സർക്കാരിന് നഷ്ടപരിഹാര കമ്മീഷണർക്ക് സൗകര്യം ഒരുക്കാൻ താൽപ്പര്യമില്ല. ഇക്കാര്യത്തിൽ സർക്കാരിന്റെ ഒളിച്ചുകളി തുടരുന്നത് വിവാദമാകുകയാണ്. പോപ്പുലർ ഫ്രണ്ട് നടത്തിയ മിന്നൽഹർത്താലിനെത്തുടർന്ന് ഹൈക്കോടതിയുടെ കർശനനിർദ്ദേശം വന്നിട്ടും കമ്മിഷണർക്ക് സ്ഥിരം ഓഫീസ് അനുവദിക്കുന്നതിൽ തീരുമാനമായിട്ടില്ല. എറണാകുളത്തെ ഗസ്റ്റ്ഹൗസിൽ സിറ്റിങ് സൗകര്യം കളക്ടർ ഒരുക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. സ്ഥിരം ഓഫീസ് അനുവദിച്ചില്ലെങ്കിൽ നഷ്ടപരിഹാര കമ്മിഷണറെക്കൊണ്ട് ജനങ്ങൾക്ക് പ്രയോജനം ഉണ്ടാകില്ല.

മിന്നൽഹർത്താലിനെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിനെത്തുടർന്നാണ് ക്ലെയിംസ് കമ്മിഷണറുടെ കാര്യത്തിൽ തീരുമാനം ഉണ്ടായത്. മിന്നൽഹർത്താലിൽ നടന്ന ആക്രമസംഭവങ്ങളിലെ നഷ്ടപരിഹാരം പോപ്പുലർ ഫ്രണ്ടിൽനിന്നും ഭാരവാഹികളിൽനിന്നും ഈടാക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിനായി ക്ലെയിംസ് കമ്മിഷണർക്ക് അടിസ്ഥാനസൗകര്യങ്ങൾ നൽകാനും നിർദേശിച്ചു. കമ്മിഷണർക്ക് അനുവദിക്കാൻ കഴിയുന്ന ഓഫീസ് ലഭിച്ചിട്ടില്ലെന്നും തീരുമാനമെടുക്കാൻ സമയം വേണമെന്നുമാണ് സർക്കാർ അറിയിച്ചത്.

തുടർന്ന് നൽകിയ സത്യവാങ്മൂലത്തിലാണ് നഷ്ടപരിഹാര കമ്മിഷണർക്ക് ഗസ്റ്റ് ഹൗസിൽ സിറ്റിങ് നടത്താൻ ഓഫീസ് നൽകാമെന്ന് അറിയിച്ചത്. മറ്റുജില്ലകളിലും ഇത്തരം സൗകര്യം കളക്ടർമാർ ഒരുക്കുമെന്നും വിശദീകരിച്ചു. സ്ഥിരം ഓഫീസ് നൽകുന്നതിൽ സത്യവാങ്മൂലത്തിലും മൗനംപാലിച്ചു. പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലിനെത്തുടർന്നുണ്ടായ അക്രമസംഭവങ്ങളിൽ നഷ്ടപരിഹാരമായി 5.20 കോടി രൂപ ഈടാക്കാൻ റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കണമെന്ന ഉത്തരവ് സർക്കാർ പാലിക്കാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തിയുണ്ട്.

മുൻകൂർ നോട്ടീസ് നൽകാതെ ഹർത്താൽ ആഹ്വാനം ചെയ്യരുതെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കാതെ സെപ്റ്റംബർ 23ന് നടത്തിയ മിന്നൽ ഹർത്താലിൽ വ്യാപകമായി അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു. തുടർന്ന് ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന കോടതിയലക്ഷ്യ ഹർജിയും നിയമവിരുദ്ധ ഹർത്താലിനെതിരെ മലയാളവേദിയും കേരള ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും നൽകിയ ഹർജികളുമാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

പോപ്പുലർ ഫ്രണ്ടിന്റെയും സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിന്റെയും സ്വത്തുക്കൾ കണ്ടെത്തി റവന്യൂ റിക്കവറി നടപടിയെടുക്കാൻ റവന്യൂ വകുപ്പിന് നിർദ്ദേശം നൽകിയെന്നും, ഒരു മാസത്തിനകം നടപ്പാക്കുമെന്നും നവംബർ എട്ടിന് സർക്കാർ ഉറപ്പു നൽകിയിരുന്നു. നഷ്ടപരിഹാരം ഉറപ്പാക്കാൻ ക്‌ളെയിം കമ്മിഷണറെ നിയോഗിച്ചു. പോപ്പുലർ ഫ്രണ്ടിന്റെ സ്വത്തുക്കൾ കണ്ടെത്താൻ കളക്ടർമാർ സഹായിക്കണമെന്നും നിർദേശിച്ചിരുന്നു.

ക്‌ളെയിം കമ്മിഷണറുടെ ഓഫീസിനുള്ള സ്ഥലവും ഓഫീസിലേക്ക് ജീവനക്കാരെയും നൽകാൻ എറണാകുളം ജില്ലാ കളക്ടറോട് നിർദേശിച്ചിരുന്നെങ്കിലും കളക്ടറേറ്റിൽ സ്ഥലപരിമിതിയുള്ളതിനാൽ ഇതിന് കഴിയില്ലെന്ന് മറുപടി ലഭിച്ചെന്നും കളക്ടറുമായി കൂടിയാലോചിച്ച് ബദൽ സംവിധാനം ഉണ്ടാക്കുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന് അപ്പുറത്തേക്ക് ഒന്നും നടന്നില്ലെന്നതാണ് വസ്തുത

Leave a Reply