415-ഗ്രാം തൂക്കവുമായി പിറന്ന കുഞ്ഞ്‌ ജീവിതത്തിലേക്ക്‌

0


പത്തനംതിട്ട: മാസം തികയാതെ പിറന്ന 415 ഗ്രാം തൂക്കമുള്ള കുഞ്ഞ്‌ അപകട നില മറികടന്ന്‌ ജീവിതത്തിലേക്ക്‌. ഗര്‍ഭകാലം 23 ആഴ്‌ച ആയപ്പോള്‍ ജൂണ്‍ 24 നു പ്രസവിച്ച കോഴിക്കോട്‌ സ്വദേശികളായ ദമ്പതികളുടെ 415 ഗ്രാം മാത്രം തൂക്കമുണ്ടായിരുന്ന പെണ്‍കുഞ്ഞ്‌ ഇപ്പോള്‍ പൂര്‍ണ ആരോഗ്യവതിയാണെന്നു ചികില്‍സയ്‌ക്കു നേത്യത്വം നല്‍കിയ അടൂര്‍ ലൈഫ്‌ ലൈന്‍ ആശുപത്രി ചെയര്‍മാന്‍ കൂടിയായ ഡോ. എസ്‌. പാപ്പച്ചന്‍, ഡോ. ബിനു ഗോവിന്ദ്‌ എന്നിവര്‍ പറഞ്ഞു.
ആശുപത്രി നിയോനേറ്റല്‍ ഐ.സി.യുവില്‍ പരിചരണത്തിന്‌ശേഷം ഡിസ്‌ചാര്‍ജ്‌ ചെയ്യുമ്പോള്‍ കുഞ്ഞിന്‌ 2.070 കിലോഗ്രാം ഭാരമെത്തിയിരുന്നു. ആറ്‌ മാസമായ കുഞ്ഞിന്‌ ഇപ്പോഴത്തെ ഭാരം 2.880 കിലോ ഗ്രാമാണ്‌. ഇത്തരമൊരു ശ്രമം വിജയിക്കുന്നതും അമ്മയും കുഞ്ഞും ആരോഗ്യത്തോടെ അവരുടെ വീട്ടിലേക്കു സന്തോഷത്തോടെ മടങ്ങുന്നതും അപൂര്‍വ സംഭവമാണെന്ന്‌ ഡോക്‌ടര്‍മാര്‍ പറഞ്ഞു.
കോഴിക്കോട്‌ വാണിമേല്‍ കല്ലുള്ളപറമ്പത്ത്‌ വീട്ടില്‍ ശാലിനി -സുനില്‍ ദമ്പതിമാര്‍ക്ക്‌ വിവാഹം കഴിഞ്ഞു 17 വര്‍ഷത്തെ കാത്തിരിപ്പിന്‌ ശേഷം ജനിച്ചതാണ്‌ ദേവാംശിഖ. ലൈഫ്‌ ലൈനിലെ അതിനൂതനമായ ഐ.വി.എഫ്‌ ചികിത്സയിലൂടെയാണ്‌ ഈ ദമ്പതികള്‍ക്കു തങ്ങളുടെ സ്വപ്‌നം സഫലമായത്‌. വിവിധ ആശുപത്രികളില്‍ ചികില്‍സ നടത്തിയിരുന്നതായും 2018 മുതലാണ്‌ തങ്ങള്‍ ലൈഫ്‌ ലൈനിലെ ചികില്‍സ ആരംഭിക്കുന്നതെന്നും ശാലിനിയും സുനിലും പറഞ്ഞു.
ചികിത്സയ്‌ക്ക്‌ നേതൃത്വം വഹിച്ചത്‌ ലൈഫ്‌ ലൈന്‍ ആശുപത്രി എന്‍.ഐ.സി.യു മേധാവി ഡോ. ബിനു ഗോവിന്ദ്‌ ആണ്‌. വന്ധ്യതാ ചികിത്സക്ക്‌ നേതൃത്വം നല്‍കിയത്‌ ഡോ. എസ്‌. പാപ്പച്ചന്‍, ഡോ. സിറിയക്‌ പാപ്പച്ചന്‍, ഡോ.ക്രിപ്‌ റേച്ചല്‍ ഫിലിപ്പ്‌ എന്നിവരാണ്‌. വാര്‍ത്ത സമ്മേളനത്തില്‍ സി.ഇ.ഒ ഡോ. ജോര്‍ജ്‌ ചാക്കച്ചേരിയും പങ്കെടുത്തു.

Leave a Reply