കൊച്ചി: ശബരിമലയിൽ ദർശനം കഴിഞ്ഞു പമ്പയിലെത്തുന്ന ഭക്തർക്ക് തിക്കും തിരക്കുമില്ലാതെ ബസിൽ കയറാൻ പമ്പയിൽ താത്കാലിക ബാരിക്കേഡുകൾ സ്ഥാപിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ടിക്കറ്റ് മുൻകൂർ ബുക്ക് ചെയ്യാത്തവർക്ക് ടിക്കറ്റ് നൽകാൻ പമ്പയിൽ വേണ്ടത്ര ഇൻസ്‌പെക്ടർമാരെയും കണ്ടക്ടർമാരെയും നിയോഗിക്കണമെന്നും കെഎസ്ആർടിസിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കുന്ന ജസ്റ്റീസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റീസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. പമ്പയിൽ തീർത്ഥാടകർ ബസ് കാത്തു നിൽക്കേണ്ട സാഹചര്യം ഉണ്ടാകരുത്. തിരക്കുള്ള സമയങ്ങളിൽ പത്തുബസുകളും അല്ലാത്തപ്പോൾ മൂന്നുബസുകളും പമ്പയിൽ റിസർവായി ഉണ്ടാകണം. ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
നിലയ്ക്കലിലെ പാർക്കിങ് 600 വാഹനങ്ങൾക്ക് കൂടി പാർക്ക് ചെയ്യാൻ കഴിയുന്ന തരത്തിൽ അധിക സൗകര്യമൊരുക്കിയെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. നിലവിൽ 16 പാർക്കിങ് ഗ്രൗണ്ടുകളാണുള്ളത്. ഇവിടെ വാഹനങ്ങൾ നിയന്ത്രിക്കാൻ 46 ജീവനക്കാരെക്കൂടി കരാറുകാരൻ നിയമിച്ചതായും അറിയിച്ചു. പാർക്കിങ് സ്ഥലം ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തി പത്തനംതിട്ട എസ്‌പിയും റിപ്പോർട്ടു നൽകി.
പാർക്കിംഗിനായി കണ്ടെത്തിയ പുതിയ സ്ഥലത്ത് മതിയായ വെളിച്ചത്തിനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ശബരിമലയിൽ ദർശനത്തിന് എത്തുന്ന പ്രായമായവർക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തിയെന്നു സർക്കാർ അറിയിച്ചതും ഡിവിഷൻ ബെഞ്ച് രേഖപ്പെടുത്തി.