സഹപാഠിയെ സന്ദര്‍ശിക്കാനെത്തിയ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

0

കാലൊടിഞ്ഞതിനെത്തുടര്‍ന്നു വീട്ടില്‍ വിശ്രമിക്കുന്ന സഹപാഠിയെ സന്ദര്‍ശിക്കാനെത്തിയ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കരുനാഗപ്പള്ളി ഹൈസ്‌കൂള്‍ ജങ്‌ഷന്‍ സലിം മന്‍സിലില്‍ സലീമിന്റെ മകന്‍ അജ്‌മല്‍ (20),വര്‍ക്കല മേല്‍വട്ടൂര്‍ വിളയില്‍ ബാബുവിന്റെ മകന്‍ വജന്‍ (21) എന്നിവരാണ്‌ മരിച്ചത്‌.
അയര്‍ക്കുന്നം പഞ്ചായത്തിലെ മുടപ്പാല ഭാഗത്തു പന്നഗം തോട്ടില്‍ ഇന്നലെ വൈകിട്ട്‌ അഞ്ചിനായിരുന്നു അപകടം. കിടങ്ങൂര്‍ പഞ്ചായത്തിലെ പാദുവയ്‌ക്കു സമീപമാണ്‌ അപകടമുണ്ടായ സ്‌ഥലം. കൊല്ലം ട്രാവന്‍കൂര്‍ കോളജ്‌ ഓഫ്‌ നഴ്‌സിങ്ങിലെ രണ്ടാം വര്‍ഷ ബി.എസ്‌സി. നഴ്‌സിങ്‌ വിദ്യാര്‍ഥികളാണ്‌ ഇരുവരും. പാദുവ സ്വദേശിയും ഇവരുടെ സഹപാഠിയുമായ വിദ്യാര്‍ഥിനി കാലൊടിഞ്ഞു വിശ്രമത്തിലാണ്‌. ഈ വിദ്യാര്‍ഥിനിയെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു മരിച്ചവര്‍ ഉള്‍പ്പെടുന്ന നാലംഗ സംഘം. വിദ്യാര്‍ഥിനിയെ സന്ദര്‍ശിച്ചു മടങ്ങിയ ഇവര്‍ തോട്ടില്‍ കുളിക്കാനിറങ്ങുകയായിരുന്നുവെന്നാണ്‌ വിവരം. രണ്ടു പേരാണ്‌ മുങ്ങിത്താഴ്‌ന്നത്‌. സമീപവാസികളും വിവരം അറിയാന്‍ വൈകി. പാലായില്‍നിന്ന്‌ അഗ്നിരക്ഷാസേനയും അയര്‍ക്കുന്നം പോലീസും സ്‌ഥലത്തെത്തി ഇരുവരെയും കരയ്‌ക്കെത്തിച്ചെങ്കിലും അവശനിലയിലായിരുന്നു. ഉടന്‍തന്നെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply