ആറാം ലോകകിരീട മുത്തത്തിന് കളിയും കാലുകളും മൂർച്ച കൂട്ടിയെത്തിയ കാനറികളുടെ കടന്നാക്രമണത്തിൽ ചിറകറ്റുവീണ് ദക്ഷിണ കൊറിയ

0

ആറാം ലോകകിരീട മുത്തത്തിന് കളിയും കാലുകളും മൂർച്ച കൂട്ടിയെത്തിയ കാനറികളുടെ കടന്നാക്രമണത്തിൽ ചിറകറ്റുവീണ് ദക്ഷിണ കൊറിയ. ജപ്പാനുൾപ്പെടെ ഏഷ്യൻ തമ്പുരാക്കന്മാർ നേരത്തെ മടങ്ങിയ മൈതാനത്ത് അവസാന പ്രതീക്ഷയായിരുന്ന സംഘത്തെ 4-1ന് മുക്കിയാണ്
ബ്രസീൽ ക്വാർട്ടറിലെത്തിയത്. അവസാന എട്ടിൽ ക്രൊയേഷ്യയാണ് ബ്രസീലിന് എതിരാളികൾ. വാളെടുത്തവരെല്ലാം വെളിച്ചപ്പാടായ ടിറ്റെ സംഘത്തിനായി നെയ്മർ, റിച്ചാർളിസൺ, വിനീഷ്യസ് ജൂനിയർ, പാക്വറ്റ എന്നിവർ ഗോൾ നേടിയപ്പോൾ സ്യൂങ് ഹോ കൊറിയയുടെ ആശ്വാസ ഗോൾ നേടി.

ലോകകപ്പ് ചരിത്രത്തിലെ കന്നി നോക്കൗട്ട് പോരിനിറങ്ങിയ ​കൊറിയക്ക് അക്ഷരാർഥത്തിൽ താങ്ങാവുന്നതിലുമപ്പുറത്തായിരുന്നു എതിരാളികൾ. കാമറൂണിനു മുന്നിൽ വീണ ബ്രസീൽ ആദ്യ ഇലവനിലെ ഒമ്പതുമേരെ അരികിൽ നിർത്തി പകരക്കാരുടെ ബെഞ്ചിനെ പരീക്ഷിച്ചതായിരുന്നെങ്കിൽ ഇത്തവണ മുൻനിര പൂർണമായി ഇറങ്ങിയെന്നു മാത്രമല്ല, ആദ്യ കളിയിൽ പരിക്കുമായി പുറത്തിരുന്ന നെയ്മർ കൂടി എത്തുകയും ചെയ്തു. പതിഞ്ഞ തുടക്കവുമായി കഴിഞ്ഞ കളികളിൽ എതിരാളികൾക്ക് സമയവും പ്രതീക്ഷയും ബാക്കിനൽകിയ സെലിക്കാവോകളായിരുന്നില്ല മൈതാനത്ത്. റിച്ചാർലിസണെ ഏറ്റവും മുന്നിലും തൊട്ടുപിറകിൽ റഫീഞ്ഞ- നെയ്മർ- വിനീഷ്യസ് ജൂനിയർ കൂട്ടുകെട്ടും മധ്യനിര എഞ്ചിനായി കാസമിറോയും ഇറങ്ങിയ ഇലവൻ തുടക്കം മുതൽ കൊറിയയെ ചിത്രത്തിൽനിന്ന് മാറ്റിനിർത്തി. ഏഴാം മിനിറ്റിൽ ഗോളും വീണു. വലതുവിങ്ങിൽനിന്ന് റഫീഞ്ഞ മറിച്ചുനൽകിയ പന്ത് പോസ്റ്റിനു മുന്നിലുണ്ടായിരുന്ന നെയ്മറും സംഘവും വലയിലാക്കാൻ ശ്രമിച്ചെങ്കിലും കാലിൽ കിട്ടിയത് വിനീഷ്യസ് ജൂനിയർക്ക്. നേരെ അടിച്ചുകയറ്റുന്നതിനു പകരം മുന്നിലുള്ള അഞ്ചു കൊറിയക്കാർക്ക് മുകളിലൂടെ വലതുമോന്തായത്തിലെത്തിച്ചു. സ്കോർ 1-0.ഒരു ഗോൾ ലീഡ് പിടിച്ച ആവേശത്തിൽ വീണ്ടും ഇരമ്പിയാർത്ത സാംബ സംഘം നാലു മിനിറിനിടെ വീണ്ടും വല കുലുക്കി. റിച്ചാർളിസണെ ബോക്സിനുള്ളിൽ ബൂട്ടുകൊണ്ട് തൊഴിച്ചതിന് ലഭിച്ച പെനാൽറ്റി നെയ്മർ വലയിലെത്തിക്കുകയായിരുന്നു.

ശരിക്കും പൂച്ചക്കുമുന്നിൽപെട്ട എലിയെ പോലെ പകച്ചുപോയ ​കൊറിയക്കാർക്കുമേൽ സമഗ്രാധിപത്യവുമായി ബ്രസീൽ പട പാഞ്ഞുനടന്നപ്പോൾ അതിവേഗം സ്കോർബോർഡിലും മാറ്റം വന്നു. അരമണിക്കൂർ തികയുംമുമ്പേ ബ്രസീൽ ലീഡ് കാൽഡസനിലെത്തി. ഇത്തവണ റിച്ചാർളിസൺ ആയിരുന്നു സ്കോറർ. ദയനീയമായി പരാജയപ്പെട്ടുപോയ കൊറിയൻ പ്രതിരോധത്തെ നിഷ്പ്രഭമാക്കിയ നീക്ക​ത്തിനൊടുവിലായിരുന്നു റിച്ചാർളി​സന്റെ ഗോൾ. എന്നിട്ടും ഗോൾദാഹം തീരാതെ ഓടിനടന്ന സാംബ പട 10 മിനിറ്റു കഴിഞ്ഞ് വീണ്ടും ഗോൾ നേടി. പാക്വേറ്റക്കായിരുന്നു അവസരം. അതുകഴിഞ്ഞുമ കാനറിക്കൂട്ടം കൊറിയൻ പകുതിയിൽ സമ്പൂർണാധിപത്യം നേടുന്നതായിരുന്നു കാഴ്ച. റിച്ചാർളിസണും വിനീഷ്യസുമുൾപ്പെടെ പലവട്ടം അവസരങ്ങൾ കളഞ്ഞുകുളിച്ചില്ലായിരുന്നെങ്കിൽ 45 മിനിറ്റിനിടെ ലീഡ് അരഡസനു മേൽ കടന്നേരെ. ഒരു ഗോൾ മടക്കണമെന്ന ​മോഹവുമായി മൈതാനത്ത് ഓടിനടന്ന കൊറിയക്കാർക്ക് ചെറിയ അവസരങ്ങൾ ലഭിച്ചെങ്കിലും ബ്രസീൽ പ്രതിരോധത്തിൽ തട്ടിയകന്നു.

രണ്ടാം പകുതിയിൽ പ്രത്യാക്രമണം ശക്തമാക്കി കൊറിയ ഗോൾ മടക്കാൻ നടത്തിയ ശ്രമങ്ങൾ കളി കൂടുതൽ ആവേശകരമാക്കി. ഹ്യൂങ് മിൻ സൺ നടത്തിയ സോളോ നീക്കം ഗോളായെന്നു തോന്നിച്ചെങ്കിലും ബോക്സിൽവെച്ചു പായിച്ച പൊള്ളുന്ന​ ഷോട്ട് ഗോളി അലിസ​ന്റെ ശരീരത്തിൽ തട്ടി പുറത്തേക്കു പോയി. പിന്നെയും കൊറിയൻ പിടച്ചിലുക​ളേറെ കണ്ട മൈതാനത്ത് 77ാം മിനിറ്റിൽ കൊറിയ ഒരു ഗോൾ മടക്കി. ബ്രസീൽ പാതിയിൽ ലഭിച്ച ഫ്രീകിക്ക് പ്രതിരോധ നിര അപകടമൊഴിവാക്കിയെങ്കിലും അവസരം പാർത്തിരുന്ന കൊറിയൻ പകരക്കാരൻ സ്യൂങ് ഹോ 30 വാര അകലെ നിന്നു പായിച്ച ഷോട്ട് അലിസണെ കീഴടക്കി വലക്കണ്ണികൾ തൊട്ടു. ഈ ലോകകപ്പിൽ ആദ്യമായാണ് അലിസൺ ഗോൾ വഴങ്ങുന്നത്.

സാംബ മുന്നേറ്റങ്ങളുടെ കുന്തമുനയായി നിലയുറപ്പിച്ച നെയ്മർ നെയ്തെടുത്ത നീക്കങ്ങളിൽ ചിലത് ഗോളിനരികെയെത്തിയെങ്കിലും കൊറിയൻ ഗോളിയും നിർഭാഗ്യവും വില്ലനായി.

ഇരു ടീമുകളും ആവനാഴിയിലെ അവസാന ആയുധവും പുറത്തെടുത്ത് കളി കൊഴുപ്പിച്ചിട്ടും പിന്നീട് സ്കോർ​ ബോർഡിൽ കാര്യമായ മാറ്റങ്ങളുണ്ടായില്ല.

Leave a Reply