ഷാക്കിബിന്റെ ചെറുത്തുനിൽപ്പിനും രക്ഷിക്കാനായില്ല ; അഞ്ചാംദിനത്തിലെ ആദ്യ സെഷനിൽ തന്നെ ബംഗ്ലാദേശിനെ ഓൾഔട്ടാക്കി ഇന്ത്യൻ ബൗളർമാർ

0

ചാറ്റോഗ്രാം: ബംഗ്ലാദേശിനോട് ഏകദിനത്തിലേറ്റ നാണക്കേടിന് ആദ്യ ടെസ്റ്റിലൂടെ മറുപടി നൽകി ഇന്ത്യ. 188 റൺസിന് ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ 1-0ത്തിന്റെ ലീഡെടുത്തു. 513 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിന്റെ പോരാട്ടം 324 റൺസിൽ അവസാനിച്ചു.

ആറ് വിക്കറ്റ് നഷ്ടത്തിൽ 272 റൺസ് എന്ന നിലയിലാണ് ബംഗ്ലാദേശ് അവസാന ദിവസം കളി തുടങ്ങിയത്. 52 റൺസ് കൂട്ടിച്ചേർക്കുന്നിതിനിടയിൽ അവർക്ക് ശേഷിക്കുന്ന നാല് വിക്കറ്റുകളും നഷ്ടമായി.

നാല് വിക്കറ്റ് വീഴ്‌ത്തിയ അക്സർ പട്ടേലും മൂന്ന് വിക്കറ്റെടുത്ത കുൽദീപ് യാദവുമാണ് രണ്ടാമിന്നിങ്സിൽ ആതിഥേയരെ വരിഞ്ഞുമുറുക്കിയത്. ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ കുൽദീപ് രണ്ടിന്നിങ്സിലുമായി എട്ട് വിക്കറ്റുമായി തിളങ്ങി.

അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി നേടിയ ഓപ്പണർ സാകിർ ഹസൻ (100), സഹ ഓപ്പണർ നജ്മുൾ ഹൊസൈൻ ഷാന്റോ (67) എന്നിവർ ബംഗ്ലാദേശിന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 124 റൺസ് കൂട്ടിച്ചേർത്തു. പിന്നീട് ക്യാപ്റ്റൻ ഷക്കീബുൽ ഹസ്സനും അർധ സെഞ്ചുറി കണ്ടെത്തി. 108 പന്തിൽ ആറ് വീതം ഫോറും സിക്സുമായി 84 റൺസാണ് ഷക്കീബുൽ ഹസ്സൻ നേടിയത്. എന്നാൽ മറ്റ് ബാറ്റർമാർക്കൊന്നും മികവിലേക്ക് ഉയരാനായില്ല.

254 റൺസിന്റെ കൂറ്റൻ ലീഡുമായാണ് ഇന്ത്യ രണ്ടാമിന്നിങ്സ് ബാറ്റിങ് തുടങ്ങിയത്. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 258 റൺസ് എന്ന നിലയിൽ ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. രണ്ടാമിന്നിങ്സിൽ ശുഭ്മാൻ ഗില്ലും ചേതേശ്വർ പൂജാരയും ഇന്ത്യക്കായി സെഞ്ചുറി കണ്ടെത്തി.

ആദ്യ ഇന്നിങ്സിൽ ചേതേശ്വർ പൂജാര, ശ്രേയസ് അയ്യർ, അശ്വിൻ എന്നിവർ അർധ സെഞ്ചുറി കണ്ടെത്തി. പൂജാര 203 പന്തിൽ 90 റൺസ് അടിച്ചു. ശ്രേയസ് 86 റൺസും അശ്വിൻ 58 റൺസും നേടി. 46 റൺസോടെ ഋഷഭ് പന്തും 40 റൺസോടെ കുൽദീപ് യാദവും ഇവർക്ക് പിന്തുണ നൽകി.

മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശ് തകർന്നടിഞ്ഞു. 55.5 ഓവറിൽ 150 റൺസിന് അവർ ഓൾ ഔട്ടായി. 28 റൺസെടുത്ത മുഷ്ഫിഖുർ റഹീമാണ് ടോപ്പ് സ്‌കോറർ. അഞ്ച് ബാറ്റർമാർ രണ്ടക്കം കണ്ടില്ല. അഞ്ച് വിക്കറ്റെടുത്ത കുൽദീപും മൂന്നു വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് സിറാജുമാണ് ബംഗ്ലാദേശിനെ ചെറിയ സ്‌കോറിലൊതുക്കിയത്. ഉമേഷ് യാദവും അക്സർ പട്ടേലും ഓരോ വിക്കറ്റ് വീതം നേടി.

LEAVE A REPLY

Please enter your comment!
Please enter your name here